സുല്‍ത്താന്‍ ബത്തേരി: വയനാട് നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാന്‍ ജനപ്രതിനിധികളും അധികാരികളും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതയും താമരശേരി ചുരം ബദല്‍ റോഡുകളും യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം വയനാടിനെ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും വിവിധ മേഖലകളില്‍ ഉയരുകയാണ്.
താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്ക് വയനാട്ടുകാരുടെ നിത്യജീവിതത്തെത്തന്നെ ബാധിക്കുന്ന സ്ഥിതിയിലാണ്. അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ചുരത്തില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായത് ജില്ലയിലേക്കും തിരിച്ചുമുള്ള യാത്ര ദുരിതയാത്രയായി മാറുകയാണ്. കഴിഞ്ഞ ഓണം അവധിക്കാലത്തും വയനാട്ടിലേക്കുള്ള പ്രധാന പാതകളില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് വിനോദസഞ്ചാരികളെയടക്കം ബാധിച്ചു.
ടൂറിസത്തെ പ്രധാന വരുമാനമേഖലയായി ആശ്രയിക്കുന്ന വയനാടിന് സഞ്ചാരികളുടെ വരവിലുണ്ടാകുന്ന കുറവ് വലിയ തിരിച്ചടിയാണ്. റോഡിലെ യാത്രാക്ലേശം കൂടുന്നതിനനുസരിച്ച് സഞ്ചാരികള്‍ വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായാല്‍ ടൂറിസം മേഖലയിലെ സംരംഭകരും ചെറുകിട കച്ചവടക്കാരുമടക്കം വലിയ പ്രതിസന്ധിയിലാകും.
തുരങ്കപാത നിര്‍മാണം പുനരാരംഭിക്കണം
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചതും വര്‍ഷങ്ങളായി വയനാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ തുരങ്കപാതയുടെ നിര്‍മാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രയ്ക്ക് താമരശേി ചുരത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ സുരക്ഷിതവും വേഗത്തിലുള്ളതുമായ ബദല്‍ ഗതാഗത സംവിധാനം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധി.
തുരങ്കപാതയ്ക്കൊപ്പം ജില്ലയെ ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന ബദല്‍ റോഡുകളും ചിപ്പിലിത്തോട്-തളിപ്പുഴ ബൈപാസും യാഥാര്‍ഥ്യമാകണം. നിലവിലെ റോഡുകള്‍ക്ക് ബദലായി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന പാതകള്‍ വികസിപ്പിച്ചാല്‍ അപകടങ്ങളോ മണ്ണിടിച്ചിലോ മറ്റ് പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ വയനാട് പൂര്‍ണമായി ഒറ്റപ്പെടുന്നത് ഒഴിവാക്കാനാകും.
വിദഗ്ധ ചികിത്സയ്ക്കു ചുരം കടക്കണം
യാത്രാക്ലേശത്തിന്റെ ഏറ്റവും ഗുരുതര പ്രത്യാഘാതം ആരോഗ്യരംഗത്താണ് അനുഭവപ്പെടുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടിയന്തര ചികിത്സയ്ക്ക് ജില്ലയ്ക്ക് പുറത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മറ്റും കൊണ്ടുപോകേണ്ടിവരുമ്പോള്‍ താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് വലിയ പ്രയാസങ്ങള്‍ക്കാണ് കാരണമാകുന്നത്. റോഡ് അപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുന്നവരെയും ഹൃദ്രോഗികളെയും സമയത്ത് ആശുപത്രിയിലെത്തിക്കാനാകാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. മണിക്കൂറുകള്‍ നീളുന്ന യാത്ര രോഗികളുടെ ജീവനുതന്നെ ഭീഷണിയാകുകയാണ്. മഴ ശക്തമായാല്‍ മണ്ണിടിച്ചില്‍, റോഡ് തകര്‍ച്ച, മരങ്ങള്‍ വീഴല്‍ തുടങ്ങിയ കാരണങ്ങളാല്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യം വയനാട്ടില്‍ പതിവാണ്. ബദല്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ ചെറിയൊരു തടസം പോലും ജില്ലയില്‍നിന്നു കോഴിക്കോട്, കുറ്റിയാടി, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രയെ ബാധിക്കുന്നു. ജനപ്രതിനിധികളും അധികാരികളും ഇടയ്ക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ വയനാടിന്റെ ഗതാഗതപ്രശ്നത്തിന് ദീര്‍ഘകാല പരിഹാരം കാണാനുള്ള ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല.
റെയില്‍വേ കണക്റ്റിവിറ്റി അനിവാര്യത
വയനാടിന്റെ ദീര്‍ഘകാല വികസനത്തിന് റെയില്‍വേ കണക്റ്റിവിറ്റി അനിവാര്യതയായി മാറുകയാണ്. യാത്രയ്ക്കൊപ്പം ചരക്കുകള്‍ കുറഞ്ഞ ചെലവിലും വേഗത്തിലും പുറത്തുള്ള വിപണികളിലെത്തിക്കാനും സഹായകമാകുന്നതാണ് റെയില്‍വേ. ജില്ലയില്‍ നിലവിലുള്ള പ്രധാന വരുമാന മേഖലകളായ ടൂറിസത്തെയും കൃഷിയെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മികച്ച ഗതാഗത സംവിധാനങ്ങള്‍ പുതിയ നിക്ഷേപങ്ങളും വ്യവസായങ്ങളും ജില്ലയില്‍ എത്തിക്കുന്നതിന് സഹായകമാകും. തുരങ്കപാതയും ചുരം ബദല്‍ റോഡുകളും റെയില്‍വേ കണക്റ്റിവിറ്റിയും ഇനിയെങ്കിലും യാഥാര്‍ഥ്യമാക്കണമെന്നാണ് വയനാടിന്റെ പൊതുവികാരം.
ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം
വയനാട് അഭിമുഖീകരിക്കുന്ന രൂക്ഷമായ യാത്രക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. താമരശേരി ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെടുന്ന യാത്രക്കാരുടെ ദുരിതത്തിന് താത്കാലിക പരിഹാരമെന്ന നിലയില്‍ ഭക്ഷണം, കുടിവെള്ളം, പ്രാഥമിക ചികിത്സ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം.
ഷിനോജ് പാപ്പച്ചന്, സെക്രട്ടറി, ഫ്ലാക്സ് ക്ലബ്, സുല്‍ത്താന്‍ ബത്തേരി
തുരങ്കപാത, ബദല്‍ പാത പദ്ധതികള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണം
വയനാടിന് പുറത്തേക്കും തിരിച്ചും അടിയന്തര ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ താമരശേരി ചുരത്തില്‍ മണിക്കൂറുകളോളം വാഹനങ്ങളില്‍ കുടുങ്ങുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിന് അധികാരകേന്ദ്രങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. നിലവിലെ റോഡിന്റെ ശേഷി വര്‍ധിപ്പിക്കണം. തുരങ്കപാത, ബദല്‍ പാത പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അടിയന്തര പ്രാധാന്യം നല്‍കണം.
ധനേഷ് ചീരാല്‍, അധ്യാപകന്, ചീരാല്‍.
വയനാടിന്റെ സമഗ്ര വികസന വിഷയമായി പരിഗണിക്കണം
വയനാട്ടില്‍ ടൂറിസം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളെ ഗതാഗതപ്രശ്നം തളര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍നിന്നു പുറത്തേക്കും തിരിച്ചുമുള്ള സുഗമയാത്രയും ചരക്കുനീക്കവും ഗതാഗതവകുപ്പിന്റെ മാത്രം ചുമതലയായി കാണരുത്. ജില്ലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയമായി പരിഗണിക്കണം. യാത്രക്കാരുടെ ദുരിതം കണ്ടുനില്ക്കാതെ അടിയന്തര സഹായ സംവിധാനവും ദീര്‍ഘകാല പദ്ധതികളും നടപ്പാക്കാന്‍ ഭരണകൂടവും ജനപ്രതിനിധികളും തയാറാകണം.
ഷെഹ്ന ഷെറീന, സുല്‍ത്താന്‍ ബത്തേരി