മലപ്പുറം: വഴിക്കടവ് കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം ലൈന്‍ കമ്പി മോഷ്ടിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. സംഭവത്തിൽ കെസ്ഇബി ഉദ്യോഗസ്ഥനും കരാര്‍ ജോലികള്‍ ചെയ്യുന്ന ആളുമടക്കമുള്ളവരാണ് അറസ്റ്റിലായത്.
ഉദ്യോഗസ്ഥനായ വണ്ടൂര്‍ കാപ്പില്‍ സ്വദേശി മാടവന തോമസ് (52), പുക്കോട്ടുംപാടം ഓഫീസില്‍ കരാര്‍ ജോലികള്‍ ചെയ്യുന്ന കൊല്ലം ജില്ലയിലെ ഇടമണ്‍ തെന്മല സ്വദേശി തേക്കിന്‍കുപ്പില്‍ അബ്ദുല്‍സലാം (59), പാലക്കാട് വല്ലപ്പുഴ സ്വ ദേശികളായ വെട്ടിക്കാട്ടില്‍ ജാസിര്‍ ഹുസൈന് (21), ആലിക്കല്‍ ഹിഷാമുദ്ദീന്‍ (23), കൊടക്കാടന്‍ മുഹമ്മദ് ഹസീബ് (22) എന്നിവരെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് കെഎസ്ഇബി ഓഫീസില്‍നിന്ന് 100 കിലോഗ്രാമില്‍ അധികം തൂക്കം വരുന്ന അലുമിനിയം കമ്പിയാണ് സംഘം മോഷണം നടത്തിയത്. തോമസും അബ്ദുല്‍ സലാമും ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്ത് മറ്റു പ്രതികളോട് വണ്ടിയുമായി വരാന്‍ പറയുകയും മോഷണം നടത്തിയ സാധനങ്ങളുമായി പോകും വഴി, നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധിക്കിടയില്‍ ഒരാള്‍ ഓടി രക്ഷപെടുകയും ആയിരുന്നു.
തുടര്‍ന്നുള്ള പരിശോധയില്‍ വാഹനത്തില്‍നിന്ന് ലൈന്‍ കമ്പിയായി ഉപയോഗിക്കുന്ന അലൂമിനിയം കമ്പി ടാര്‍പ്പായില്‍ മൂടിയ നിലയില്‍ കാണപ്പെട്ടു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കമ്പികള്‍ കെഎസ്ഇബി ഓഫീസില്‍ നിന്നും മോഷണം നടത്തിയതാണെന്നും ഓടി രക്ഷപ്പെട്ടത് കെഎസ്ഇബി ജീവനക്കാരന് തോമസ് ആണെന്നും മനസിലായത്.
തോമസിനെ പിന്നീട് വഴിക്കടവ് വച്ച് പിടികൂടുകയായിരുന്നു. വഴിക്കടവ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മിഥുന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്, സിവില്‍ പോലീസ് ഓ ഫിസര്‍മാരായ സഞ്ജു, രാജ്മോഹന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമന്‍ഡ് ചെയ്തു.