കൊച്ചി: ആഴക്കടലിലെ വിസ്മയ കാഴ്ചകള്‍ കാട്ടിത്തരുന്നതായിരുന്നു ഇന്നലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം.
മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കടല്‍ജീവികളുടെ ലൈവ് പ്രദര്‍ശനങ്ങളും ഇന്നേവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമൊക്കെയുണ്ടായിരുന്നെങ്കിലും ഏറെ വിസ്മയിപ്പിച്ചത് ഭീമന് തിമിംഗലത്തിന്റെ അസ്ഥികൂടമാണ്.
കടലിലെ ഭീമനായ ബ്രൈഡ്സ് ഇനത്തില്‍പ്പെട്ട തിമിംഗലത്തിന്റെ 14 മീറ്റര്‍ നീളമുള്ള അസ്ഥികൂടമാണ് മറൈന്‍ മെഗാഫോണ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ കോഴിക്കോട് വെള്ളായ് കടല്‍ത്തീരത്ത് അടിഞ്ഞതാണ് 455 ടണ്‍ ഭാരമുള്ള ഈ തിമിംഗലം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കടപ്പുറത്ത് തന്നെ തിമിംഗലത്തെ കുഴിച്ചിട്ടു. ഒരു വര്‍ഷത്തിന് ശേഷം, മതിയായ അനുമതികള്‍ വാങ്ങി സിഎംഎഫ്ആര്‍ഐ അസ്ഥികൂടം പുറത്തെടുത്തു.
അഴുകിയ മാംസവും മണ്ണും ചെളിയുമൊക്കെ വാട്ടര്‍ പ്രഷര്‍ പമ്പ് ഉപയോഗിച്ച് ആദ്യം നീക്കം ചെയ്തു. അസ്ഥികളൊക്കെ വേര്‍പെട്ട നിലയിലായിരുന്നു. ഇവ ലോറിയില്‍ കയറ്റി സിഎംഎഫ്ആര്‍ഐയില്‍ എത്തിച്ചു. തുടര്‍ന്ന് അസ്ഥികൂടം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി എല്ലുകളില്‍ അമോണിയയും ഹൈഡ്രജന്‍ ഫോസ്ഫറസും പൂശി. മാസങ്ങള്‍ എടുത്തുള്ളതായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. പിന്നീട് വൈല്‍ഡ് ലൈഫ് ശില്പി ജിജി സാമിന്റെ നേതൃത്വത്തില്‍ എല്ലുകള്‍ യഥാസ്ഥാനത്ത് ഘടിപ്പിച്ച് അസ്ഥികൂടത്തിന്റെ രൂപത്തിലെത്തിച്ചു.
സിഎംഎഫ്ആര്‍ഐയുടെ 79-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം ഒരുക്കിയത്. ഭീമന് കക്ക, തിമിംഗല സ്രാവ്, തിരണ്ടികള്‍, വിവിധയിനം ചെമ്മീന്‍, കൊഞ്ച്, കണവ, മുത്തുചിപ്പി, ചക്രവര്‍ത്തി മത്സ്യം തുടങ്ങി അപൂര്‍വമായ ഒട്ടേറെ കടല്‍ ജീവികളുടെ ശേഖരം സന്ദര്‍ശകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവമായി. നാഷണല്‍ മറൈന്‍ ബയോഡൈവേഴ്സിറ്റി മ്യൂസിയത്തിലെ സണ്‍ഫിഷ്, ഓര് ഫിഷ് എന്നിവ പ്രത്യേക ശ്രദ്ധ നേടി.
മാരിക്കള്‍ച്ചര്‍ സാങ്കേതികവിദ്യകള്‍, പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. സമുദ്ര പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു.