തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും. ചികിത്സയ്ക്ക് പോലീസ് വെൽഫയർ ബ്യുറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
അഞ്ച് ലക്ഷം രൂപ വീതം ആദ്യഘട്ടമായി അനുവദിക്കും. സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, അലോഷ്യസ് എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങൾ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി.
തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തുമെന്നും മന്ത്രി അറിയിച്ചു.