Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amusement Park

അമ്യൂസ്മെന്‍റ് പാർക്ക് ദുരന്തം: പാർക്ക് അടച്ചു, സംസ്ഥാനമാകെ പരിശോധന വേണമെന്ന് ആവശ്യം

തിരുവനന്തപുരം: റൈഡ് പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്ന്
വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്ക് അടച്ചു. പിന്നാലെ കേസും. പഞ്ചായത്ത് ഇവർക്ക് നൽകിയ ലൈസൻസ് റദ്ദാക്കി.

ഇനി സുരക്ഷാ പരിശോധന ഉൾപ്പടെ നടത്തിയതിനുശേഷമേ ലൈസൻസ് നൽകാവൂ എന്ന് നിർദേശവും നൽകിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്‍റെ ഉടമ അടക്കം അഞ്ചുപേർക്കെതിരേ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യയ്‌ക്കെതിരേയാണ് കേസ്.

വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ വലിയ ദുരന്തമാണ് വ്യാഴാഴ്ച ഉണ്ടായത്. പെരുന്നാൾ അവധിയായിരുന്നതിനാൽ കുട്ടികൾ അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടയിലാണ് പതിനഞ്ചോളം പേർ കയറിയ റൈഡിന്‍റെ വെൽഡിംഗ് ഇളകി തകർന്നുവീണത്.

അപകടത്തിൽപെട്ടവരെ കൊണ്ടുപോകാനുള്ള ആംബുലൻസ് പോലും പാർക്കിൽ ഉണ്ടായിരുന്നില്ല. നാഗർകോവിൽ സ്വദേശികളായ അഞ്ചുപേർക്കാണു പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണു പരിക്കേറ്റത്. ചങ്ങലകളിൽ കസേര ഘടിപ്പിച്ച് വൃത്താകൃതിയിൽ കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരെ വാനിലും മറ്റുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബുലൻസ് എത്താൻ വൈകിയെന്നു പരുക്കേറ്റവരുടെ ബന്ധുക്കൾ ആരോപിച്ചു. അപകടം ഉണ്ടായി റൈഡ് തകർന്നു വീണതിനു ശേഷവും പാർക്കിന്‍റെ പ്രവർത്തനം നിർത്താതെ മറ്റു റൈഡുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ ഒരു മരണവും നടന്നിരുന്നു. അന്ന് തന്നെ ഇവിടെ സുരക്ഷാ വീഴ്ച ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു.

പരിശോധന കർശനമാക്കണം

അതേസമയം, സംസ്ഥാനത്തെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ പരിശോധന ശക്തമാക്കാണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അമ്യുസ്‌മെന്‍റ് പാർക്കുകൾ ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനുള്ള നിർദേശം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 15-ഓളം അമ്യൂസ്മെന്‍റ് പാർക്കുകളാണ് ഉള്ളത്. മുൻനിര പാർക്കുകൾ സുരക്ഷാക്രമീകരണങ്ങൾക്കു ശ്രദ്ധ നൽകാറുണ്ടെങ്കിലും ചില ചെറുകിട പാർക്കുകളിൽ ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് സംശയമുണ്ട്. ഈ വേനലവധിക്കാലത്ത് ആയിരക്കണക്കിനു പേരാണ് ഇത്തരം പാർക്കുകളിൽ എത്തിയത്. കാലപ്പഴക്കം ചെന്ന റൈഡുകളും മോട്ടോറുകളും ഉപയോഗിക്കുന്നതിനെക്കുറിച്ചു വേണ്ടത്ര പരിശോധന നടന്നിട്ടില്ല. അറ്റകുറ്റപ്പണികൾ പോലും സമയത്തിന് നടത്താറില്ല. അതാണ് അപകടത്തിലേക്കു നയിക്കുന്നത്.

റൈഡുകളുടെ ഭാഗങ്ങൾ തുരുമ്പെടുക്കുക, വെൽഡിംഗ് ഇളകുക തുടങ്ങിയവ പതിവാണ്. കൃത്യമായി പരിശോധന നടന്നെങ്കിലേ ഇതു കണ്ടെത്താനാകൂ. ഹാപ്പിലാൻഡിലും ഇതാണ് സംഭവിച്ചത്. മിക്ക പാർക്കുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇല്ല. അന്താരാഷ്‌ട്ര ചട്ടപ്രകാരമുളള സുരക്ഷയാണ് പാർക്കുകളിൽ ഒരുക്കേണ്ടതാണ്. അതിനാണ് കനത്ത ഫീസ് സന്ദർശകരിൽനിന്നു ഈടാക്കുന്നതും.

എന്നാൽ, അതു നടപ്പിലാക്കാറില്ല. മിക്ക പാർക്കുകളിലും ആംബുലൻസ് പോലുമില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കടുത്ത നിസംഗത കാട്ടുന്നുവെന്നു പരാതിയുണ്ട്. ടൂറിസം വകുപ്പ് പാർക്കുകളുടെ അവസ്ഥയെകുറിച്ചു പഠിക്കണമെന്നും നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.

അഗ്നിരക്ഷാ സേന, പോലീസ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നതാണ് ചട്ടം. ഇതിൽതന്നെ ക്രമക്കേട് കാട്ടുന്നതായും ആക്ഷേപമുണ്ട്. 

ഉത്സവപ്പറമ്പുകളിലെ താത്കാലിക പാർക്കുകളും പ്രശ്നം

അതുപോലെ തന്നെയാണ് ഓണക്കാലത്തും ഉത്സവങ്ങളിലും മറ്റ് അവസരങ്ങളിലും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ താത്കാലികമായി ഒരുക്കുന്ന അമ്യൂസ്മെന്‍റ് സംവിധാനങ്ങൾ. ഒരു സുരക്ഷയുമില്ലാതെയാണ് പലപ്പോഴും പ്രവർത്തനം. കാലപ്പഴക്കം ചെന്ന റൈഡുകളും മറ്റുമാണ് ഇവിടെയുള്ളത്. ഇതിൽ ഒരു പരിശോധനയും നടക്കാറില്ലെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.

പഞ്ചായത്തുകൾക്കും പറയത്തക്ക റോളില്ല. സംസ്ഥാനത്തിനു പുറത്തുനിന്നാണ് ഇത്തരം ഗ്രൂപ്പുകൾ താത്കാലിക സംവിധാനത്തോടെ കൂടുതലും എത്തുന്നത്. ഇവർക്കു സുരക്ഷാ സർട്ടിഫിക്കറ്റോ ലൈസൻസോ കാണാറില്ല. ഇത്തരം അമ്യൂസ്മെന്‍റ് സംവിധാനത്തെക്കുറിച്ചു ക്യത്യമായ അനേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Latest News

Corehub Up