നെന്മാറ: നെന്മാറ- വല്ലങ്ങി വേല ഭാഗമായി കരിവേല ഘോഷയാത്ര ഇന്ന് നെന്മാറയിൽ ആവേശത്തോടെ അരങ്ങേറും. നെന്മാറ ദേശത്തും വല്ലങ്ങി ദേശത്തും വേലാഘോഷങ്ങൾക്കു ഇതിനകം തുടക്കമായിട്ടുണ്ട്.
ഇന്നു രാത്രി പതിനൊന്നോടെ മനങ്ങോട്, കണിമംഗലം, വേട്ടയ്ക്കൊരുമകൻ, പുത്തൻതറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കരിവേല സംഘങ്ങൾ വാദ്യഘോഷങ്ങളോടെ നെന്മാറ മന്ദത്തിൽ സംഗമിക്കും. തുടർന്ന് ഘോഷയാത്ര മൂലസ്ഥാനം കണിമംഗലം, പാട്ടാളി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീ ശിവക്ഷേത്രം എന്നിവ വഴി സഞ്ചരിച്ചു ശ്രീ വേട്ടയ്ക്കൊരുമകൻ കാവിൽ സമാപിക്കും.
നെന്മാറ ദേശത്ത് വേല ദിവസം വരെ രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ രാത്രി 7.30 വരെയും പറയെടുപ്പ് ചടങ്ങുകൾ നടക്കും. വലിയ കുമ്മാട്ടി ആഘോഷങ്ങളും ഇതിനോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു. രാത്രി നടക്കുന്ന വലിയ കുമ്മാട്ടിയിൽ മനങ്ങോട്, കണിമംഗലം, വേട്ടയ്ക്കൊരുമകൻ, പുത്തൻതറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കലാസംഘങ്ങൾ നെന്മാറ മന്ദത്തിൽ ഒന്നിച്ചുകൂടും. തുടർന്ന് വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കും.