1928 നവംബർ 18, ന്യൂയോർക്കിലെ പ്രശസ്തമായ ബ്രോഡ്വേയിലെ 'കോളനി തിയറ്ററിലേക്ക്' അന്ന് വൈകുന്നേരം കടന്നുവന്ന പ്രേക്ഷകർ തിരശീലയിൽ പ്രതീക്ഷിച്ചത് 'ഗാംഗ് വാർ' എന്ന ക്രൈം ഡ്രാമ സിനിമയായിരുന്നു. എന്നാൽ, പ്രധാന സിനിമയ്ക്ക് മുന്നോടിയായി പ്രദർശിപ്പിച്ച വെറും ഏഴ് മിനിറ്റും 47 സെക്കൻഡും മാത്രം ദൈർഘ്യമുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാർട്ടൂൺ അവിടെ കൂടിയിരുന്നവരുടെ മാത്രമല്ല, ലോക സിനിമയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ചു.
ഒരു ആവിക്കപ്പലിന്റെ വളയം പിടിച്ച്, സന്തോഷത്തോടെ ചൂളംവിളിച്ചെത്തിയ ആ കുഞ്ഞൻ എലി മിക്കി മൗസ്, പ്രേക്ഷകരെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു. തിരശീലയിലെ ചലനങ്ങൾക്കൊത്ത് കൃത്യമായി മുഴങ്ങിയ സംഗീതവും ശബ്ദങ്ങളും കണ്ടും കേട്ടും തിയറ്റർ ഇളകിമറിഞ്ഞു. ആനിമേഷൻ ലോകത്തെ നിശബ്ദതയുടെ യുഗത്തിന് അന്ത്യം കുറിച്ച 'സ്റ്റീംബോട്ട് വില്ലി' എന്ന വിപ്ലവത്തിന്റെ ഉദയമായിരുന്നു അത്.
ഇന്ന് 98 വർഷങ്ങൾക്കിപ്പുറവും, 1928 നവംബർ 18 മിക്കി മൗസിന്റെ ഔദ്യോഗിക ജന്മദിനമായി ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുന്നു. ഒരു സാധാരണക്കാരന്റെ തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടവീര്യത്തിന്റെയും, സർഗ്ഗാത്മകതയുടെയും എക്കാലത്തെയും വലിയ പ്രതീകമായി 'സ്റ്റീംബോട്ട് വില്ലി' ഇന്നും സിനിമയുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നു.
തകർച്ചയുടെ പടുകുഴിയിൽ നിന്ന് പിറന്ന സ്വപ്നം
മിക്കി മൗസിന്റെയും 'സ്റ്റീംബോട്ട് വില്ലി'യുടെയും പിറവിക്ക് പിന്നിൽ വാൾട്ട് ഡിസ്നി എന്ന 26-കാരന്റെ തളരാത്ത പോരാട്ടവീര്യത്തിന്റെ കഥയുണ്ട്. 1928-ന്റെ തുടക്കത്തിൽ വാൾട്ട് ഡിസ്നി തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അക്കാലത്ത് അദ്ദേഹം സൃഷ്ടിച്ച് വലിയ വിജയമാക്കി മാറ്റിയ 'ഓസ്വാൾഡ് ദി ലക്കി റാബിറ്റ്' എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ ഉടമസ്ഥാവകാശം വിതരണക്കാരനായ ചാൾസ് മിന്റ്സ് തട്ടിയെടുത്തു. ഡിസ്നിയുടെ സ്റ്റുഡിയോയിലെ മിക്ക ആനിമേറ്റർമാരെയും മിന്റ്സ് തന്റെ കൂടെ കൂട്ടി.
കയ്യിൽ പണമില്ല, സ്വന്തമായി ഒരു കഥാപാത്രമില്ല, വിശ്വസിച്ചവർ പോലും കൈവിട്ടു, എല്ലാം നഷ്ടപ്പെട്ട് ന്യൂയോർക്കിൽ നിന്ന് കാലിഫോർണിയയിലേക്കുള്ള തീവണ്ടി യാത്രയിലിരിക്കുമ്പോഴാണ് വാൾട്ട് ഡിസ്നിയുടെ മനസിൽ പുതിയൊരു രൂപം തെളിയുന്നത്. വലിയ വട്ടച്ചെവികളും, നീളൻ വാലും, കുറുമ്പുനിറഞ്ഞ കണ്ണുകളുമുള്ള ഒരു എലിക്കുഞ്ഞ്! ആദ്യം 'മോർട്ടിമർ' എന്നാണ് പേരിടാൻ ഉദ്ദേശിച്ചതെങ്കിലും, ഭാര്യ ലിലിയന്റെ നിർദ്ദേശപ്രകാരം ആ പേര് മാറ്റി 'മിക്കി മൗസ്' എന്നാക്കി.
രഹസ്യമുറിയിലെ രാത്രികാല പരീക്ഷണങ്ങൾ
തന്നെ വിട്ടുപോകാതെ കൂടെനിന്ന ചീഫ് ആനിമേറ്റർ ഉബ് ഐവർക്സിനൊപ്പം ചേർന്നാണ് ഡിസ്നി മിക്കി മൗസിന് ജീവൻ നൽകിയത്. മറ്റു ജീവനക്കാർ അറിയാതെ, രാത്രികാലങ്ങളിൽ സ്റ്റുഡിയോയുടെ ഒരു രഹസ്യ മുറിയിലിരുന്നായിരുന്നു ഇവരുടെ ജോലി. ഉബ് ഐവർക്സ് ഒരു ദിവസം ഏകദേശം 700 ചിത്രങ്ങൾ വരെ വരച്ചുതീർത്തു.
ആദ്യം 'പ്ലെയിൻ ക്രസി', 'ദി ഗാലോപിൻ ഗൗച്ചോ' എന്നീ രണ്ട് നിശബ്ദ ചിത്രങ്ങളാണ് ഇവർ നിർമിച്ചത്. എന്നാൽ അവയ്ക്ക് വിതരണക്കാരെ ലഭിച്ചില്ല. 1927ൽ പുറത്തിറങ്ങിയ 'ദി ജാസ് സിംഗർ' എന്ന ചിത്രത്തിലൂടെ സിനിമയിൽ ശബ്ദവിപ്ലവം തുടങ്ങിക്കഴിഞ്ഞിരുന്നു. കാർട്ടൂണുകളിലും ശബ്ദം കൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും എന്ന് ചിന്തിച്ച ഡിസ്നി, തന്റെ മൂന്നാമത്തെ ചിത്രമായ 'സ്റ്റീംബോട്ട് വില്ലി'യിൽ അത് പരീക്ഷിക്കാൻ ഉറപ്പിച്ചു.
ശബ്ദവും ചലനവും ഒന്നിച്ച മാന്ത്രികത
അക്കാലത്ത് കാർട്ടൂണുകളിൽ ശബ്ദം കൃത്യമായി സമന്വയിപ്പിക്കുക എന്നത് അസാധ്യമായ കാര്യമായാണ് സിനിമാ ലോകം കരുതിയിരുന്നത്. എന്നാൽ ഡിസ്നിയും സംഘവും അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഓർക്കസ്ട്രയുടെ താളത്തിനൊത്ത് ചിത്രങ്ങൾ വരയ്ക്കാൻ 'ക്ലിക്ക് ട്രാക്ക്' എന്ന നൂതന വിദ്യ അവർ ഉപയോഗിച്ചു.
നദിയിലൂടെ സഞ്ചരിക്കുന്ന 'സ്റ്റീംബോട്ട് വില്ലി' എന്ന കപ്പലിലെ ജോലിക്കാരനാണ് മിക്കി. ക്രൂരനായ ക്യാപ്റ്റൻ പീറ്റിന്റെ ന കണ്ണ് വെട്ടിച്ച് കപ്പലിന്റെ വളയം തിരിക്കുന്നതും, കപ്പലിലേക്ക് ഓടിക്കയറുന്ന മിന്നി മൗസിനെ സന്തോഷിപ്പിക്കാൻ കപ്പലിലെ പാത്രങ്ങളും, പശുവിന്റെ പല്ലുകളും, താറാവുകളെയുമെല്ലാം സംഗീതോപകരണങ്ങളാക്കി പ്രശസ്തമായ 'ടർക്കി ഇൻ ദി സ്ട്രാ' എന്ന നാടോടി സംഗീതം വായിക്കുന്നതുമായിരുന്നു കഥ. മിക്കി മൗസിന്റെ ചൂളംവിളിക്കും, ഓരോ ചലനത്തിനും കൃത്യമായി ശബ്ദം നൽകിയത് വാൾട്ട് ഡിസ്നി തന്നെയായിരുന്നു.
ഒറ്റരാത്രികൊണ്ട് പിറന്ന ആഗോള താരം
1928 നവംബർ 18ന് കോളനി തിയറ്ററിൽ 'സ്റ്റീംബോട്ട് വില്ലി' പ്രദർശിപ്പിച്ചപ്പോൾ ഉണ്ടായ പ്രതികരണം അവിശ്വസനീയമായിരുന്നു. തിരശീലയിൽ മിക്കി മൗസ് ചൂളം വിളിച്ചപ്പോഴും, ഓരോ ചലനത്തിനൊത്ത് സംഗീതം മുഴങ്ങിയപ്പോഴും പ്രേക്ഷകർ ആർപ്പുവിളിക്കുകയും കൈയ്യടിക്കുകയും ചെയ്തു. പ്രധാന സിനിമ കാണാൻ വന്നവർ പോലും മിക്കി മൗസിന്റെ പ്രകടനം കണ്ട് അമ്പരന്നു.
ഒറ്റരാത്രികൊണ്ട് മിക്കി മൗസ് ഒരു ആഗോള താരമായി മാറി. തകർച്ചയുടെ വക്കിലായിരുന്ന വാൾട്ട് ഡിസ്നി സ്റ്റുഡിയോ ലോകത്തിലെ ഏറ്റവും വലിയ വിനോദസാമ്രാജ്യമായി വളർന്നതിന്റെ തുടക്കം അവിടെനിന്നായിരുന്നു. 2024 ജനുവരി 1 മുതൽ 'സ്റ്റീംബോട്ട് വില്ലി'യും അതിലെ ആദ്യകാല മിക്കി മൗസ് രൂപവും പബ്ലിക് ഡൊമെയ്നിൽ ഉൾപ്പെടുത്തപ്പെട്ടതോടെ, ആ ചരിത്രസൃഷ്ടി ഇപ്പോൾ ലോകത്തിന് മുഴുവൻ സ്വന്തമാണ്.