National
ന്യൂഡൽഹി: 2026-27 അധ്യയന വർഷത്തേക്ക് രാജ്യത്തുടനീളം 9,911 എംബിബിഎസ് സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകാരം. ഇതോടെ രാജ്യത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,36,939 ആയി ഉയർന്നു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജിപ്മെർ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ സീറ്റുകൾ ഒഴിവാക്കിയുള്ള കണക്കാണിത്.
മെഡിക്കൽ പ്രവേശന പരീക്ഷാഫലം (നീറ്റ്-യുജി) ഏതാനും ദിവസത്തിനിടെ വരാനിരിക്കെയാണ് എൻഎംസി സീറ്റ് വിവരങ്ങൾ പുറത്തുവിട്ടത്.
മെഡിക്കൽ അസ്സസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡ് പുറത്തുവിട്ട അന്തിമ സീറ്റ് മെട്രിക്സ് പ്രകാരം, രാജ്യത്തെ 823 മെഡിക്കൽ കോളജുകളിലായിട്ടാണ് ഇത്രയും സീറ്റുകൾ ലഭ്യമാകുക.
Business
ന്യൂഡൽഹി: കശുവണ്ടി വ്യവസായ മേഖല നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുനരുദ്ധാരണ പാക്കേജിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചതായി നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചു നിവേദനം നൽകിയശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി ഷിബു. തുടർനടപടിയായി കശുവണ്ടി വ്യവസായ മേഖലയിലെ വിദഗ്ധരടങ്ങിയ സമിതിയെക്കൊണ്ട് ഉടൻതന്നെ വിശദമായ പ്രൊപ്പോസൽ തയാറാക്കി സമർപ്പിക്കും.
കഴിഞ്ഞ 12 വർഷമായി തുടരുന്ന പ്രതികൂല സാഹചര്യങ്ങൾ മൂലം കൊല്ലം ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഏകദേശം 850 സ്വകാര്യ കശുവണ്ടി സംസ്കരണ യൂണിറ്റുകളിൽ 90 ശതമാനവും പൂട്ടിപ്പോയതായി നിവേദനത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തികബാധ്യതകൾ താങ്ങാനാകാതെ ആറ് കശുവണ്ടി സംരംഭകർ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ബാങ്കുകൾ സ്വീകരിക്കുന്ന കടുത്ത റിക്കവറി നടപടികൾ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും മന്ത്രി ഷിബു ബോബിജോൺ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കശുവണ്ടി സംസ്കരണ മേഖലയെ ഇൻഡസ്ട്രിയൽ സിക്ക് സെക്ടറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രത്യേക പുനരുദ്ധാരണ പാക്കേജുകൾക്ക് അർഹമാക്കണം, സംരംഭകർക്ക് ബാങ്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനും വ്യവസായം പുനരാരംഭിക്കുന്നതിനും ആവശ്യമായ നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന പ്രത്യേക എംഎസ്എംഇ പാക്കേജ് പ്രഖ്യാപിക്കണം, കേരളത്തിന്റെ കശുവണ്ടി വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
Business
തൃശൂർ: നാല്പതു വയസിൽ താഴെയുള്ളവർക്കുള്ള യൂറോപ്പ്- ഇന്ത്യ അണ്ടർ 40 ലീഡേഴ്സ് അവാർഡ് ജർമനിയിലെ യുസ്തുസ് ലീബിഗ് സർവകലാശാലയിലെ മലയാളി ഗവേഷകയായ ഡോ. ശ്രുതി മരിയ അഗസ്റ്റിന്.
ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ഒന്പതിനു പുരസ്കാരം സമ്മാനിച്ചു. യൂറോപ്പ്- ഇന്ത്യ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രിയെന്ന സംഘടനയാണ് വിവിധ മേഖലകളിൽ നേതൃപരമായ പങ്കുവഹിക്കുന്ന വ്യക്തികളെ പുരസ്കാരത്തിനു തെരഞ്ഞെടുക്കുന്നത്.
കാർഷിക ജനിതകശാസ്ത്ര മേഖലയിൽ ജർമനിയിൽ ഗീസൽ യുസ്തുസ് പട്ടണത്തിലെ ലീബിഗ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ് ഡോ. ശ്രുതി.
പാലാ രാമപുരം തോട്ടുങ്കൽ ടി.എ. അഗസ്റ്റിന്റെയും ഓമനയുടെയും മകളും അങ്കമാലി വടക്കൻ വീട്ടിൽ ഡോ. അനൂപ് ചെറിയാന്റെ ഭാര്യയുമാണ്. ഡോ. അനൂപും ജർമനിയിൽ അതേ യൂണിവേഴ്സിറ്റിയിൽ ഗവേഷകനാണ്.
District News
കരിന്തളം: കുമ്പളപള്ളി ഗ്രാമോദയ സ്വയംസഹായസഘം, കാരുണ്യ മെഡിക്കല്‍സ് പരപ്പ, അഹല്യ ഐ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും എസ്എസ്എല്‍സി, പ്ലസ്ടു ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജന് ഉദ്ഘാടനം ചെയ്തു. എം. സന്തോഷ് അധ്യക്ഷത വഹിച്ചു.
വി.വി. യശോദ, പി. ലത, ഡോ.ധീരജ് രാജ് ശ്രേയസ്, ഡോ. റോമി, പ്രഭാകരന് വാഴുന്നോറടി, എ. രാജന്, എം. പ്രീയേഷ് എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കോടതികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
കോടതികളില്‍ ആവശ്യമായ സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ജോലികള്‍ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) അനുമതി നല്‍കുന്നതിനായി ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ മാര്‍ച്ച് 21ന് അയച്ച കത്ത് സ്ക്രീനിംഗ് കമ്മിറ്റിക്ക് ഉടന്‍ അയയ്ക്കാന്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സിഇഒയോട് നിര്‍ദേശിച്ചു.
ഈ നിര്‍ദേശത്തിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്ക്രീനിംഗ് കമ്മിറ്റി വഴി ഇത് കൈമാറണമെന്നും നിര്‍ദേശിച്ചുകൊണ്ട് ഏപ്രില്‍ രണ്ടിന് സിഇഒ കത്തിന് മറുപടി നല്കി.
കോടതി പരിസരത്തെ അടിസ്ഥാന സൗകര്യ വികസന, ആഭ്യന്തര ജോലികളുമായി ബന്ധപ്പെട്ടതാണ് അപേക്ഷയെന്നും തെരഞ്ഞെടുപ്പ് ഇതിനെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി-2വിന് പ്രദർശനാനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
സിനിമയുടെ പ്രദർശനം പാടില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്മേൽ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് കോടതി ഇടപെടൽ.
ജസ്റ്റീസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുതാല്പര്യ സ്വഭാവമുള്ള ഹർജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
National
ന്യൂഡല്‍ഹി: ആസാമില്‍ ബ്രഹ്മപുത്ര നദിക്ക് അടിയില്‍ രാജ്യത്തെ ആദ്യത്തെ 34 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍ വാട്ടര്‍ റെയില്‍ റോഡ് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് 18,662 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
18,509 കോടി ചെലവിലുള്ള മൂന്ന് റെയിൽവേ മൾട്ടി ട്രാക്കിംഗ് പദ്ധതികൾക്കും 11,079 കോടി ചെലവിലുള്ള മൂന്ന് ദേശീയ പാതാ പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
തുരങ്ക പദ്ധതി ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഗണ്യമായ നേട്ടങ്ങളുണ്ടാക്കും.
Kerala
തിരുവനന്തപുരം: റാപ്പിഡ് റെയില്‍ പദ്ധതിക്ക് അനുമതി തേടി കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിപിആര്‍ തയാറാക്കാനുള്ള അനുമതി തേടിയാണ് സംസ്ഥാനം കത്തയച്ചത്. സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലേ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാവുകയുള്ളു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ ആര്‍ആര്‍ടിഎസ് നടപ്പിലാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 583 കിലോ മീറ്റർ പാതയാണ് ലക്ഷ്യമിടുന്നത്.
National
ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിനും പാത നിവർത്തലിനും ഡിപിആർ തയാറാക്കുന്നതിനുള്ള സർവേകൾക്ക് അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം.
160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി.
സർവേകൾക്ക് അനുമതി ലഭിച്ച പദ്ധതികൾ ചുവടെ: ഷൊർണൂർ-മംഗളൂരു മൂന്നും നാലും പാതകൾ (307 കിലോമീറ്റർ), കോയന്പത്തൂർ-ഷൊർണൂർ മൂന്നും നാലും പാതകൾ (99 കിലോമീറ്റർ), ഷൊർണൂർ-എറണാകുളം മൂന്നാം പാത (106 കിലോമീറ്റർ), എറണാകുളം-കായംകുളം മൂന്നാംപാത (കോട്ടയം വഴി 115 കിലോമീറ്റർ), കായംകുളം-തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റർ), തിരുവനന്തപുരം -നാഗർകോവിൽ മൂന്നാംപാത (71 കിലോമീറ്റർ), തുറവൂർ-അന്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (46 കിലോമീറ്റർ).
International
ലണ്ടൻ: ലണ്ടനിൽ പുതിയ വന്പൻ എംബസി പണികഴിപ്പിക്കാൻ ചൈനയ്ക്ക് ബ്രിട്ടൻ അനുമതി നല്കി. സുരക്ഷാ കാരണങ്ങളാൽ വർഷങ്ങൾ വച്ചുതാമസിപ്പിച്ച അനുമതിയാണ് ഇന്നലെ നല്‍കിയത്.
ലണ്ടൻ ടവറിനു സമീപം ചൈനീസ് ഭരണകൂടം വാങ്ങിയ ഭൂമിയിൽ എംബസി നിർമിക്കാനുള്ള ചൈനയുടെ ശ്രമം 2018ൽ ആരംഭിച്ചതാണ്. 20,000 ചതുരശ്ര മീറ്റർ വലുപ്പത്തിൽ എംബസി പണി കഴിപ്പിക്കുകയാണ് ലക്ഷ്യം.
യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് നയതന്ത്രകാര്യാലയം ആയിരിക്കുമിത്. ലണ്ടനിലെ പല ഭാഗങ്ങളിലായുള്ള ചൈനീസ് ഓഫീസുകൾ ഇങ്ങോട്ടേക്കു മാറ്റും.
എംബസിയെ ചാരപ്രവർത്തനങ്ങൾക്കായി ചൈന ഉപയോഗിക്കുമെന്നാണ് ആശങ്ക. യൂറോപ്പിലെ ചൈനീസ് വിമതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഉപയോഗപ്പെടുത്താം.
ചൈനയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കീയർ സ്റ്റാർമർ ഭരണകൂടം എംബസി നിർമാണത്തിന് അനുമതി നല്‍കിയത്.
National
ന്യൂഡൽഹി: എട്ടാം കേന്ദ്ര ശന്പള കമ്മീഷന്റെ പരിഗണനാവിഷയങ്ങൾക്കു (ടേംസ് ഓഫ് റഫറൻസ്) കേന്ദ്രസർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
പ്രഖ്യാപനം നടത്തി പത്തു മാസത്തിനുശേഷമാണ് എട്ടാം ശന്പള കമ്മീഷന്റെ പരിഗണനാവിഷയങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകുന്നത്. പരിഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണു കമ്മീഷൻ കേന്ദ്രസർക്കാരിന് ശിപാർശകൾ കൈമാറുക.
ജനുവരിയിലാണ് എട്ടാം ശന്പള കമ്മീഷൻ രൂപീകരിക്കാൻ ്രസർക്കാർ തീരുമാനിച്ചത്.എന്നാൽ, പരിഗണനാ വിഷയങ്ങളോ കമ്മീഷൻ അംഗങ്ങളെയോ നിശ്ചയിച്ചിരുന്നില്ല. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണു കമ്മീഷന്റെ ചെയർപേഴ്സണ്‍. ബംഗളൂരു ഐഐഎമ്മിലെ പ്രഫ. പുലക് ഘോഷ്, പെട്രോളിയം-പ്രകൃതിവാതകം മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ തുടങ്ങിയവരാണ് കമ്മീഷനിലെ മറ്റംഗങ്ങൾ.