ധാക്ക: ബംഗ്ലാദേശ് മന്ത്രി മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ തോക്കുമായി ഇറങ്ങിയത് വിവാദമായി. ബംഗ്ലാ വിമോചന യുദ്ധകാര്യ വകുപ്പിന്റെ സഹമന്ത്രി ഇഷ്റാഖ് ഹുസൈൻ ആണ് ധാക്ക പ്രാന്തത്തിലെ ചേരിയിൽ കുറച്ചു പേർക്കൊപ്പം റെയ്ഡ് നടത്തിയത്. സംഭവത്തിന്റെ വീഡിയോ മന്ത്രിതന്നെ സോഷ്യൽ മീഡയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു കൈയിൽ തോക്കും മറുകൈയിൽ ഉച്ചഭാഷിണിയുമായി വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്ന മന്ത്രിയെ വീഡിയോയിൽ കാണാം. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഒരാൾക്കും കൈത്തോക്കുണ്ടായിരുന്നു.
നിങ്ങളീ നാട് നശിപ്പിക്കുകയാണെന്ന് മന്ത്രി ഉച്ചഭാഷിണിയിലൂടെ പറയുന്നതും കേൾക്കാം. മന്ത്രിയും സഹായികളുംകൂടി കുറച്ചുപേരെ ഓടിച്ചിട്ടു പിടിച്ചു. പിടിയിലായ ചിലർ തങ്ങൾ നിരപരാധികളാണെന്നു പറയുന്നു. പൊലിസ് വന്നിട്ടു തീരുമാനിക്കാമെന്നു മന്ത്രി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
അതേസമയം, തങ്ങളെ അറിയിക്കാതെയാണ് മന്ത്രി റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് വിതരണക്കാരെന്ന് ആരോപിച്ച് മന്ത്രി ആറു പേരെ കൈമാറിയെന്നും പോലീസ് കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ വിവാദമായതോടെ മന്ത്രി വീഡിയോ ഡിലീറ്റ് ചെയ്തു. തോക്കുമായിട്ടിറങ്ങിയത് മന്ത്രിക്കു ചേർന്ന പണിയല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
മുപ്പത്തൊന്പതുകാരനായ ഇഷ്റാക് പ്രധാനമന്ത്രി താരിഖ് റഹ്്മാന്റെ ബിഎൻപി പാർട്ടിക്കാരനാണ്. റെയ്ഡ് നടത്തിയ സ്ഥലം ഇദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ ഭാഗമാണ്.