കരുമാലൂർ: മാരക ലഹരിമരുന്നുമായി കരുമാലൂർ പഞ്ചായത്ത് മുൻ അംഗം ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കരുമാലൂർ പഞ്ചായത്ത് മുൻ അംഗമായ വെളിയത്തുനാട് പേലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് മെഹജുബ്, ചോമയത്തുപറമ്പിൽ വീട്ടിൽ കെ.എൻ. സഹീർ, ആലുവ പറമ്പായകമ്പത്ത് വീട്ടിൽ ഷാഫി കുഞ്ഞുമരക്കാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 70.5 ഗ്രാം മെത്താംഫിറ്റാമിൻ, ഏഴ് ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവർ സഞ്ചരിച്ച കാറിൽ നിന്നു കണ്ടെടുത്തത്.
മുഹമ്മദ് മെഹജൂബ് കരുമാലൂർ പഞ്ചായത്തിൽ കഴിഞ്ഞതവണ മെമ്പർ ആയിരുന്നു. പാലക്കാട് ചിറ്റൂർ ഭാഗത്തു നടന്ന പരിശോധനയ്ക്കിടെയാണു സംഘം പിടിയിലായത്. കാറും കസ്റ്റഡിയിലെടുത്തു. ആലങ്ങാട് കോട്ടപ്പുറത്തെ ഫ്ലാറ്റിലും, മാളികം പീടികയിലെ ചായക്കടയിലും വില്പന നടത്താൻ കൊണ്ടുവന്നതാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അടുത്ത ദിവസം എക്സൈസ് പരിശോധന നടത്തും.
കഴിഞ്ഞദിവസം തിരുവാലൂർ എംടി ലിങ്ക് റോഡിൽ കഞ്ചാവ് അടക്കം മാരക ലഹരിയുമായി മൂന്നു യുവാക്കളെ കഴിഞ്ഞദിവസം വരാപ്പുഴ എക്സൈസ് പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് എറണാകുളം ഭാഗത്തേക്കാണ് പ്രതികൾ ലഹരി കടത്തിയതെന്നാണ് എക്സൈസ് പറയുന്നത്.