കുറ്റിച്ചൽ : പത്തനംതിട്ടയിൽനിന്നും വെള്ളറട വഴി നാഗർകോവിലേക്കു രേഖകളില്ലാതെ കടത്താൻ ശ്രമിച്ച തേക്കു തടികൾ പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റ് ചെയ്തു.ആര്യങ്കോട് മഞ്ചംകോട് ഇടക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ പി.എസ്. ഷാജു (43), അമ്പൂരി കോവല്ലൂർ കണ്ണൂരിൽ റോഡരികത്ത് വീട്ടിൽ ഷൈജു (39), കാട്ടാക്കട കുളത്തുമ്മൽ കുളങ്ങര സതീഷ് കുമാർ (53) എന്നിവരാണ് അറസ്റ്റിലായത്.
ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട ഭാഗത്തുവച്ചാണ് പ്രതികൾ കടത്തിക്കൊണ്ടുവന്ന 46 തേക്ക് തടികളും ടോറസ് ലോറിയും അധികൃതർ പിടികൂടിയത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ വി. വിപിൻ ചന്ദ്രൻ, എസ്.എഫ്. ജിജിമോൻ, ബിഎഫ്ഒ രമ്യ, ഡ്രൈവർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. പ്രതികളെ നെടുമങ്ങാട് വനം കോടതി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. മുൻപും ഇത്തരം തടികടത്തലുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു റേഞ്ച് ഓഫിസർ അറിയിച്ചു.
അതേസമയം, കേരളത്തിലെ തെക്കൻ ജില്ലകളിൽനിന്നും തേക്ക് അടക്കമുള്ള ഉരുളൻ തടികൾ തമിഴ്നാട്ടിലേക്ക് വ്യാപകമായി കടത്തുന്നുണ്ട്. വെള്ളറട വഴി നാഗർകോവിലിലേക്കും ആര്യങ്കാവ് വഴി ചെങ്കോട്ടയിലേക്കുമാണു പ്രധാനമായും തടികൾ കടത്തുന്നത്.
ഇതിനെതിരേ സോമിൽ ഓണേഴ്സ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്.
തമിഴ്നാട്ടിലേക്കുള്ള ഈ തടിയൊഴുക്ക് കാരണം കേരളത്തിൽ തടിയുടെ അഭാവവും വിലക്കയറ്റവും രൂക്ഷമാണ്. ഇതു കേരളത്തിലെ തടി വ്യവസായത്തെയും സംരംഭങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.