വത്തിക്കാൻ സിറ്റി: യെമനിൽ തുടരുന്ന രൂക്ഷമായ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം. ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തീർഥാടകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യെമനിലെ തായിസ് നഗരത്തിൽ ഭക്ഷണവും കുടിവെള്ളവും മരുന്നുകളും ലഭിക്കാതെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. നഗരത്തിലേക്കുള്ള പ്രധാന വഴികൾ അടഞ്ഞതോടെ ആശുപത്രികളുടെ പ്രവർത്തനവും ദുരിതാശ്വാസ അടുക്കളകളും പ്രതിസന്ധിയിലായിരിക്കുകയാണ്. യുദ്ധവും സംഘർഷങ്ങളും അവസാനിപ്പിച്ച് യെമനിലെ ജനങ്ങൾക്കും മേഖലയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സമാധാനപരമായ ജീവിതം ഉറപ്പാക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.
ജോർദാനിലുണ്ടായ ഭീകരാക്രമണത്തിലെ ഇരകൾക്കായി പ്രാർഥിച്ച മാർപാപ്പ, വരാനിരിക്കുന്ന അസീസി സമാധാന സംഗമത്തെക്കുറിച്ചും സംസാരിച്ചു. ജോർദാനിലെ കരാക്ക് മേഖലയിലുള്ള ഹമൗദിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരച്ചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ഒന്പതുപേർ കൊല്ലപ്പെടുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിവിധ മതവിഭാഗങ്ങൾ പരസ്പരം ബഹുമാനത്തോടും സൗഹാർദത്തോടും കഴിയുന്ന മാതൃകാരാജ്യമാണു ജോർദാൻ. അവിടത്തെ ജനങ്ങൾക്കും ക്രൈസ്തവ സമൂഹത്തിനും ഒപ്പം തന്റെ പ്രാർഥനകൾ ഉണ്ടാകുമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986ൽ തുടക്കംകുറിച്ച പ്രശസ്തമായ ‘അസീസി ലോക സമാധാന പ്രാർഥനാ സംഗമത്തിന്റെ’ 40-ാം വാർഷികത്തോടനുബന്ധിച്ച് നാളെ നടക്കുന്ന വിവിധ മതമേലധ്യക്ഷന്മാർ പങ്കെടുക്കുന്ന ചരിത്രപരമായ കൂട്ടായ്മയിൽ എല്ലാവരും ആത്മീയമായി പങ്കുചേരണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.
ലോകനേതാക്കൾക്കിടയിൽ സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാത തെളിയട്ടേയെന്നു പ്രാർഥിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.