ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് കേന്ദ്രീകൃത കണ്ട്രോൾ സംവിധാനം വികസിപ്പിക്കുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി.
കഴിഞ്ഞ 21ന് നിശ്ചയിച്ച യോഗത്തിൽ കേന്ദ്രസർക്കാരിന്റെയും ഡൽഹി സർക്കാരിന്റെയും പ്രതിനിധികൾ പങ്കെടുക്കാതിരുന്നതിനെത്തുടർന്നാണു നിർദേശം.
ആശയവിനിമയത്തിലെ ചില പാളിച്ചകളെത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതിനിധി പങ്കെടുക്കാതിരുന്നതെന്നും അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയതായും കോടതി വ്യക്തമാക്കി. മാർച്ച് 14നാണ് അടുത്ത യോഗം നിശ്ചയിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനക്ഷമമല്ലെന്ന മാധ്യമറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണു നടപടി.
എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് 2020ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവ് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്നും കാമറകൾ പലതും പ്രവർത്തനരഹിതുമാണെന്നുമാണു കണ്ടെത്തൽ.