റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം കോഴിക്കോട് ജില്ലയിൽ 19 കുട്ടികൾക്ക് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാര വിതരണം നടന്നത്.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുന്ന പുരസ്കാരം നൽകുന്നത്. ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തെ പുരസ്കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്കാര വിതരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിൽ 19 പേർക്ക് പുരസ്കാരം നൽകിയത്. മറ്റു ജില്ലകളിലെ വിതരണം വരും ദിവസങ്ങളിൽ നടക്കും.
ചടങ്ങിൽ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സജീവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീക്ക് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം റഹ്മത്തുള്ള, പ്രിയേഷ്, കേളി ബദിയ ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കെ. എൻ., സുരേന്ദ്രൻ ആനവാതിൽ എന്നിവർ ആശംസകൾ നേർന്നു. കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും ജില്ലാ കോഓർഡിനേറ്റർ ചെക്കുട്ടി നന്ദിയും പറഞ്ഞു.