Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്നയുടെ കുഞ്ഞാണ് മരിച്ചത്.
സംഭവം ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കുട്ടി മരിച്ചു എന്ന വിവരം ബന്ധുക്കൾ അറിയുന്നത്. പണിക്കേഴ്സ് ആശുപത്രിക്കെതിരെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ലേബർ റൂമിൽ നിന്ന് പിഞ്ചുകുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സ്ത്രീകളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ഡൽഹി പോലീസ്. ഡൽഹി അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമിൽ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട്സത്രീകൾ മോഷ്ടിച്ചത്.
അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവർ കുട്ടിയെ കൈക്കലാക്കിയത്. കുഞ്ഞുമായി കടന്നുകളഞ്ഞ നാൽപത്കാരിയെ ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂട്ടുപ്രതിയായ 20കാരി അഹിർബൻ സക്സേനയെയും പോലീസ് അറസ്റ്റ് ചെയ്തു.
Kerala
കൊച്ചി: രണ്ടു വയസുള്ള ആൺകുഞ്ഞിനെ പൈപ്പിനടിയില്‍ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ അമ്മയുടെ കാമുകന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊല്ലം സ്വദേശി സുഭാഷി (43) നെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജി സി.കെ. മധുസൂദനൻ ശിക്ഷിച്ചത്.
2010 ഫെബ്രുവരി 25നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പ്രതിക്കൊപ്പം ജീവിക്കാനായി 2009ല്‍ കുട്ടിയുടെ അമ്മ ഭര്‍ത്താവ് ഗള്‍ഫില്‍ പോയ സമയത്ത് പശ്ചിമബംഗാളിലേക്കു പോയി. പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജില്‍ താമസിക്കവെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുട്ടിയുടെ അമ്മയുമായി സ്വസ്ഥജീവിതം നയിക്കാനായി ഇവര്‍ ഉറങ്ങുമ്പോള്‍ മകന് ആദിത്യനെ പൈപ്പിലും പിന്നീട് ബക്കറ്റിലും വെള്ളത്തില്‍ മുക്കുകയായിരുന്നു. അപകടമാണെന്നു പറഞ്ഞ് കുട്ടിയെ കരിവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോ. ജിജോ പോളാണ് പോലീസിനെ വിവരമറിയിച്ചത്.
പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. പിഴ അടച്ചാല്‍ തുകയ്ക്ക് അമ്മ അര്‍ഹയല്ലെന്നും കോടതി വിധിച്ചു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രധാന സാക്ഷി കൂറു മാറിയെങ്കിലും സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണു കേസ് തെളിയിച്ചത്.
Kerala
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ മകൾ ജന്ന ഫാത്തിമ ആണ് മരിച്ചത്.
കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമശേരി താലൂക്ക് ആശുപത്രിയിൽ.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. ഹരിപ്പാട് പോലീസാണ് കേസെടുത്തത്.
സംഭവത്തിൽ ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് പാപ്പാനെ കുത്തിക്കൊന്ന ആനയുടെ സമീപം ആറുമാസം പ്രായമുള്ള കുഞ്ഞുമായി പാപ്പാന്റെ സാഹസം. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ആനയുടെ താത്കാലിക പാപ്പാൻ അഭിലാഷിന്റെ കുട്ടിയാണിത്. ഇതിനിടെ കുട്ടി അഭിലാഷിന്റെ കൈയിൽ നിന്നും ആനയുടെ കാൽ ചുവട്ടിലേക്ക് വീഴുകയും ചെയ്തു.
ചോറൂണിന് വേണ്ടിയാണ് കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ആനയുടെ തുമ്പി കൈയുടെ അടിയിലൂടെ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോയി. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് അഭിലാഷിന്റെ കൈയില്‍ നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല് ചുവട്ടിലേക്ക് വീണത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിപ്പാട് സ്കന്ദന് എന്ന ഈ ആന പുറത്തിരുന്ന രണ്ട് പേരെ വലിച്ച് താഴെയിടുകയും ഒന്നാം പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയ്ക്കാന്‍ ശ്രമിച്ചു. ഇയാളെയും ആന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
സംഭവം പുറത്തുവന്നതോടെ താത്കാലിക പാപ്പാൻ അഭിലാഷിനെ ജോലിയിൽ നിന്നും മാറ്റി നിര്‍ത്തി. കുട്ടിയുടെ പേടി മാറാനാണ് ആനയുടെ അടിയിലൂടെ പോയതെന്ന് ഇയാൾ ക്ഷേത്രം ഭാരവാഹികളോടു പറഞ്ഞു.
National
ഭോപാൽ: ഇൻഡോർ മലിനജല ദുരന്തത്തിൽ അഞ്ചര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടു. നിവാസികളായ സുനിൽ സാഹു - കിഞ്ചൽ ദമ്പതികളുടെ കുഞ്ഞ് അവ്യാനാണ് മരിച്ചത്.
വെള്ളം ചേർത്ത പാക്കറ്റ് പാൽ കുടിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അവ്യാൻ മരിച്ചത്.
അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാതെ വന്നതോടെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് പാക്കറ്റ് പാൽ അൽപം വെള്ളം ചേർത്ത് നൽകിയത്. അടുത്ത ദിവസം പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർ കുഞ്ഞിനെ മരുന്നു നൽകി മടക്കി വിടുകയായിരുന്നു.
ഞായറാഴ്ച രാത്രി കുഞ്ഞിന്റെ നില കൂടൂതൽ വഷളായി. തിങ്കളാഴ്ച രാവിലെ കുഞ്ഞ് മരിച്ചു. പത്തുവർഷം കാത്തിരുന്നു ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു അവ്യാൻ. മലിന ജലം കുടിച്ചതിനെ തുടർന്ന് നിരവധി പേരാണ് ഇൻഡോറിൽ മരിച്ചത്.
Kerala
കാസർഗോഡ്:രണ്ടു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കാസർകോട് ബ്ലാർകോടാണ് സംഭവം. ഇഖ്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വീട്ടുകാരും ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
Kerala
തളിപ്പറമ്പ്: കുളിപ്പിക്കുന്നതിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം. കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുറുമാത്തൂർ സ്വദേശിനി മുബഷിറയാണ് അറസ്റ്റിലായത്.
തിങ്കളാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുട്ടി അബദ്ധത്തിൽ അമ്മയുടെ കൈയിൽനിന്നു കിണറ്റിലേക്കു വഴുതി വീണെന്നായിരുന്നു ഇവർ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. കുറുമാത്തൂർ ഡയറി ജുമാമസ്ജിദിനു സമീപത്തെ മൂലക്കൽ പുതിയപുരയിൽ മുബഷിറ- കുടക് കുശാൽ നഗറിലെ ബിസിനസുകാരൻ ജാബിർ ദമ്പതികളുടെ മകൻ ആമിസ് അലനാണ് മരിച്ചത്.
അമ്മയുടെ കരച്ചിൽകേട്ട് വീടിനു സമീപത്തുണ്ടായിരുന്ന നാജ് അബ്ദുറഹിമാൻ, ഷംസാദ്, നാസർ എന്നിവർ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുക്കുകയായിരിന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.