Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Badusha

തുരങ്കപാത: ബാദുഷയുടെ വീട്ടിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ചിനെ ജനകീയമായി ചെറുക്കുമെന്ന് പരിസ്ഥിതി-സാമൂഹിക സംഘടനകള്‍

കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണത്തിന് കേന്ദ്രമന്ത്രാലയം അനുവദിച്ച പരിസ്ഥിതി അനുമതി റദ്ദാക്കുന്നതിന് സൂപ്രീം കോടതിയെ സമീപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രസിഡന്‍റ് എന്‍. ബാദുഷയെ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിക്കുകയും ചെയ്തിനെതിരേ പരിസ്ഥിതി-സാമൂഹിക സംഘടനകള്‍ രംഗത്ത്.

ബാദുഷയുടെ വീട്ടിലേക്ക് ഞായറാഴ്ച വൈകുന്നേരം നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ചിനെ ജനകീയമായി നേരിടുമെന്ന് വിവിധ സംഘടനാ പ്രിനിധികളായ അഡ്വ.സന്തോഷ് നെട്ടൂരാന്‍, രാജേഷ് കൃഷ്ണന്‍, കെ.വി. പ്രകാശ്, അബു പൂക്കോട്, ബഷീര്‍ ആനന്ദ് ജോണ്‍, തോമസ് അമ്പലവയല്‍, കെ.വി. ഗോകുല്‍ദാസ്, ബാബു മൈലമ്പാടി, കൃഷ്ണന്‍കുട്ടി കല്‍പ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാദുഷ പോലീസ് സംരക്ഷണം തേടിയതായും സൈബര്‍ ആക്രമണത്തിനെതിരേ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് സംസ്ഥാന സര്‍ക്കാര്‍ തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്റ്റേജ് വണ്‍, സ്റ്റേജ് ടു ക്ലിയറന്‍സ് നേടിയത്.

പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതിക്കുവേണ്ടി പ്രസിഡന്‍റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വലിയ പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതി. തുരങ്ക പാതയ്ക്കു ഉപയോഗപ്പെടുത്തേണ്ട സ്ഥലത്തിനു സമീപമാണ് 2024 ജൂലൈ 30ന് ഉരുള്‍പൊട്ടിയ പുഞ്ചിരിമട്ടം, 17 പേരുടെ ജീവനെടുത്ത 1984ലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍, പിന്നീട് ഉരുള്‍ പൊട്ടല്‍ ഉണ്ടായ കവളപ്പാറ, പാതാര്‍, പുത്തുമല എന്നിവ തുരങ്കം നിര്‍മിക്കേണ്ട മലനിരയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.

പ്രകൃതിയിലും സമൂഹത്തിലും തുരങ്കപാത പദ്ധതി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇത് കണക്കിലെടുത്തും ഭാവി തലമുറയെ മുന്നില്‍ക്കണ്ടുമാണ് പ്രകൃതി സംരക്ഷണ സമിതിയും മറ്റു പ്രസ്ഥാനങ്ങളും തുരങ്ക പാത നിര്‍മാണത്തെ എതിര്‍ക്കുന്നത്.

തുരങ്ക പാത പദ്ധതിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചതിന്‍റെ പേരില്‍ ബാദുഷയ്‌ക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണം വച്ചുപൊറുപ്പിക്കാവുന്നതല്ല. റിയല്‍ എസ്റ്റേറ്റ്-ടൂറിസം താത്പര്യങങളാണ് ഇതിന് പിന്നില്‍. വയനാട്ടുകാര്‍ക്ക് പ്രത്യേക ഗുണം ചെയ്യുന്നതല്ല തുരങ്ക പാത. വയനാടിനു പുറത്തേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിന് താമരശേരി ചുരത്തിലൂടെയടക്കം നിലവിലുള്ള പാതകള്‍ ബലപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

തുരങ്ക പാത നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് വച്ച ഉപാധികളില്‍ ചിലതിന്‍റെ ലംഘനം നടന്നുകഴിഞ്ഞു. ഉപാധികളില്‍ ഒന്നിന് വിരുദ്ധമായാണ് മല തുരക്കുന്നതിന് ബ്ലാസ്റ്റിംഗ് നടത്തിയത്.

നാല് പതിറ്റാണ്ടായി പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ബാദുഷ. വനനശീകരണത്തിനെതിരേയും എടക്കല്‍ ഗുഹ സംരക്ഷണത്തിനും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. വയനാടിന്‍റെ പരിസ്ഥിതി കാവലാളായ ബാദുഷയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും പരിസ്ഥിതി-സാമൂഹിക സംഘനാ പ്രതിനിധികള്‍ പറഞ്ഞു.

Movies

ഡേറ്റ് നോക്കിയ ബാദുഷായ്ക്ക് ഹരീഷ് ശമ്പളം കൊടുത്തിരുന്നോ? ചോദ്യങ്ങളുമായി സിദ്ധു പനയ്ക്കൽ

ഹരീഷ് കണാരൻ ബാദുഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. അഞ്ച് വർഷത്തോളം ഹരീഷ് കണാരന്‍റെ ഡേറ്റ് നോക്കിയിരുന്ന ബാദുഷയ്ക്ക് ശമ്പളമായി ഹരീഷ് എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്നത് വ്യക്തമാക്കിയിട്ടില്ലെന്നും എന്തു കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടാകുമെന്നും സിദ്ധു പറയുന്നു.

‘രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലും ചാനലുകളിലും ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. തന്‍റെ കൈയിൽ നിന്നു കടം വാങ്ങിയ വാങ്ങിയ പൈസയിൽ ഒരു വലിയ എമൗണ്ട് ഇനിയും തിരികെ കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് ഹരീഷ് കണാരൻ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷയ്ക്കെതിരെ നടത്തിയ പ്രസ്താവനയാണ് പിന്നീട് ഓൺലൈൻ മീഡിയയിൽ വലിയ ചർച്ചയായത്.

അഞ്ചുവർഷത്തോളം ഹരീഷ് കണാരന്‍റെ ഡേറ്റ് നോക്കിയത് ബാദുഷയാണെന്ന് പറയുന്നു. ആ സമയത്ത് ഹരീഷ് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് ഹരീഷ് വ്യക്തമാക്കിയിട്ടില്ല.

എന്ത് ധാരണയുടെ പുറത്താണ് ഹരീഷിന്‍റെ ഡേറ്റ് ബാദുഷ നോക്കിയിരുന്നത് എന്നും നമുക്ക് അറിയില്ല ബാദുഷയുടെ ഭാഗത്തുനിന്ന് ഇതിന് ഒരു വിശദീകരണവും വന്നിട്ടില്ല. ബാദുഷയുടെ വിശദീകരണം വരുമ്പോഴേ നമുക്ക് ഇതിന്റെ സത്യാവസ്ഥ മനസിലാകുകയുള്ളൂ.

ഹരീഷ് കണാരൻ പറഞ്ഞത് ശരിയാണ്, അല്ലെങ്കിൽ അദ്ദേഹം ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നു പറയില്ലല്ലോ. പക്ഷേ ബാദുഷയുടെ ഭാഗം കൂടി കേട്ടാലേ അതിനൊരു വ്യക്തത വരികയുള്ളൂ. കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുക്കേണ്ടത് തന്നെയാണ്. എന്റെ രണ്ടു പടത്തിലെ ഹരീഷ് കണാരൻ അഭിനയിച്ചിട്ടുള്ളൂ. ഒപ്പം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.

ഒരു പ്രശ്നവും ഉണ്ടാക്കാതെ കറക്റ്റ് സമയത്ത് വന്ന് അഭിനയിച്ചു പോയ ആളാണ് ഹരീഷ്. ഇതിൽ രണ്ടാമത്തെ പടം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ യുടെ സമയത്ത് ഞാൻ ഹരീഷിനെ വിളിച്ചപ്പോൾ ബാദുക്കയാണ് ഡേറ്റ് നോക്കുന്നത് ശമ്പളം പറയുന്നത്. ചേട്ടൻ ബാദുക്കയെ വിളിച്ചോളൂ എന്ന് പറഞ്ഞു. ഹരീഷും ധർമ്മജനും ഉണ്ടായിരുന്നു ആ പടത്തിൽ.

രണ്ടുപേരുടെയും ഡേറ്റ് നോക്കിയിരുന്നത് ബാദുഷയാണ്. ഞാൻ ബാദുഷയെ വിളിച്ച് ഇവരോട് രണ്ടുപേരോടും നേരിട്ട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഇല്ല രണ്ടുപേരോടും ചേട്ടൻ നേരിട്ട് സംസാരിച്ച് ഡേറ്റും ശമ്പളവും ഫിക്സ് ചെയ്തോളൂ എന്ന് ബാദുഷ പറഞ്ഞു.

ഒരു ഓണക്കാലത്ത് ഞങ്ങൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്‍റെ മുഴുവൻ മെമ്പർമാർക്കും ഓണക്കിറ്റ് കൊടുത്ത ആളാണ് ബാദുഷ. കൂടാതെ കോവിഡ് കാലത്ത് ഒരുപാട് സുമനസുകളുടെ സഹായത്തോടെ കോവിഡ് കിച്ചൻ നടത്തി ധാരാളം പേർക്ക് മാസങ്ങളോളം ഭക്ഷണം കൊടുക്കുന്നതിന് നേതൃത്വം കൊടുത്തതും ബാദുഷയാണ്. അങ്ങിനെ നന്മയുടെ നല്ലൊരു വശവും ബാദുഷയ്ക്കുണ്ട്. സോഷ്യൽ മീഡിയയിൽ ബാദുഷയെ ചീത്തവിളിച്ച് ധാരാളം കമന്റുകൾ വരുന്നുണ്ട്.

ഹരീഷ് കണാരന്‍റെ പ്രസ്താവനയ്ക്ക് ബാദുഷയുടെ വിശദീകരണം വന്നാലേ നമുക്ക് സത്യാവസ്ഥ മനസ്സിലാവുകയുള്ളൂ. എത്രയും പെട്ടെന്ന് കാര്യങ്ങൾ വ്യക്തമാക്കാനുള്ള ബാധ്യത ബാദുഷയ്ക്കുണ്ട്. ആരെയും ന്യായീകരിക്കാൻ വേണ്ടിയല്ല ഈ കുറിപ്പ് എന്‍റെ അനുഭവങ്ങൾ പറയാനാണ്. എന്ത് കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടല്ലോ.ഈ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ ഉണ്ടാവും. ഞാൻ പറഞ്ഞത് എന്റെ അനുഭവവും അഭിപ്രായവുമാണ്.’

Movies

'എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്'

പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബാദുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ചില ഡയലോഗുകളാണ് ശ്രദ്ധേയം. ഹരീഷ് കണാരന് മറുപടിയെന്നോണം ഇതോടു കൂടി നിന്‍റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ താൻ എറണാകുളത്ത് പോയാൽ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്കെന്നും ഹരീഷ് പറയുന്നു.

ഇപ്പോള്‍ എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്. ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്‍റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ട്. ഇത്രയും നാള്‍ കൂടെ ഉണ്ടായിരുന്നയാളാണ്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. കുടുംബങ്ങളുമായി നല്ല ബന്ധമായിരുന്നു.

ഒരാളെ സഹായിക്കുമ്പോള്‍ നമുക്കൊരു ആവശ്യം വരുമ്പോള്‍ തിരിച്ചു തരണ്ടേ, അതല്ലേ സൗഹൃദം. ഞാനിത് പറയണം എന്നു കരുതിയതല്ല. മാധ്യമങ്ങള്‍ എന്തുകൊണ്ട് ചേട്ടന്‍ കുറേക്കാലമായി സിനിമ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്.

പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ തരാന്‍ പറ്റില്ലെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ എന്താകുമെന്നൊക്കെ ഭാര്യ പറഞ്ഞതാണ്. സഹികെട്ടിട്ടാണ് ഞാന്‍ വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് തരാനുള്ളത്. അതില്‍ കുറച്ച് പൈസയെന്തോ തന്നിരുന്നു.

നാലഞ്ച് വര്‍ഷമായി എന്‍റെ ഡേറ്റെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. അന്ന് ബാദുഷയായിരുന്നു എല്ലാ സിനിമയുടേയും കണ്‍ട്രോളര്‍. നല്ല പെരുമാറ്റമായിരുന്നു. പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്‍റായിരുന്നു. അതുകൊണ്ട് വിശ്വസിച്ചുപോയി. നമ്മളുടെ മനസില്‍ കള്ളമൊന്നുമില്ല. അതുപോലെ തന്നെയാകും ഇവരുമെന്നും കരുതി.

ഒരിക്കല്‍ പറഞ്ഞത് ഞാനാകെ പൊളിഞ്ഞു നില്‍ക്കുകയാണ്. അഞ്ഞൂറ് രൂപ പോലും എടുക്കാനില്ലെന്നൊക്കെ പറഞ്ഞു. പിന്നെ ആരോ പറഞ്ഞു ബാദുഷ പ്രിയദര്‍ശന്‍ സാറിന്‍റെ ഫ്‌ളാറ്റ് വാങ്ങിയെന്ന്. അപ്പോഴാണ് എനിക്ക് വിഷമമായത്. നമ്മുടെ ചെറിയ പൈസ തരാതെ ഇയാള്‍ ഇത്രയും വലിയ ഫ്‌ളാറ്റൊക്കെ വാങ്ങിയേക്കുവാണ്.

അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ തന്നെ അമ്മയില്‍ നിന്നും ജോയ് മാത്യുവും കുക്കു പരമേശ്വരനുമൊക്കെ വിളിച്ചു. മെയില്‍ അയക്കൂ, ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് അറിയിച്ചു.

അവസരങ്ങള്‍ ഇല്ലാതാക്കിയതാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നത്. അദ്ദേഹത്തെ സഹായിച്ചതായിരുന്നു ഞാനെന്നും ഹരീഷ് പറയുന്നു. വെളിപ്പെടുത്തലിന് ശേഷം ഭാര്യയ്ക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. ഇനി നിങ്ങള്‍ എറണാകുളത്ത് പോകുമ്പോള്‍ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയാണ്. അവര്‍ക്ക് പേടിയുണ്ടാകും. കുറേ പേര്‍ വിളിച്ച് അന്വേഷിച്ചു. സംഘടനയില്‍ നിന്നും വിളിച്ച് കൂടെയുണ്ടാകുമെന്ന് പറഞ്ഞുവെന്നും ഹരീഷ് പറയുന്നു.

Movies

എനിക്ക് പറയാനുള്ളതെല്ലാം നിങ്ങൾ അറിയും; ഹരീഷ് കണാരന്‍റെ ആരോപണങ്ങളിൽ ബാദുഷ

കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ഹരീഷ് കണാരന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്‌ഷന്‍ കണ്‍ട്രോളറും നിർമാതാവുമായ ബാദുഷ.

ഹരീഷിന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബാദുഷയ്ക്കെതിരെ ആരോപണവുമായി ഹരീഷ് രംഗത്തെത്തിയത്.

എനിക്ക് പറയാനുള്ളതെല്ലാം, എന്‍റെ സിനിമയായ റേച്ചലിന്‍റെ റിലീസിനു ശേഷം മാത്രം എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്.

അതേസമയം, മധുരകണക്ക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.

‘അജയന്‍റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ ബാദുഷ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു.

‘എന്‍റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു.

എന്‍റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു.

‘അജയന്‍റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി. പിന്നീട് ടൊവീനോ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്. കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്.’

Kerala

'ആരുടെയും അന്നം മുടക്കിയിട്ടില്ല, നല്കുകയാണ് ചെയ്തത്': ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി ബാദുഷ

കൊച്ചി: തനിക്കെതിരെയുള്ള സിനിമാതാരം ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിൽ താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എആർ‌എമ്മിൽ നിന്ന് സിനിമയുടെ പ്രൊഡ്യൂസറും സംവിധായകനുമാണ് ഹരീഷിനെ ഒഴിവാക്കിയത്. ഷൂട്ടിംഗിനു തുടർച്ചയായി അന്പതു ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഇടയ്ക്ക് മറ്റു പരിപാടികൾക്കോ സ്റ്റേജ് ഷോകൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു. ‌

അഞ്ചു ലക്ഷമായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്. 15 ലക്ഷം വേണമെന്ന് ഹരീഷ് നിർബന്ധം പറഞ്ഞു. ഇക്കാരണങ്ങളാണ് എആർഎമ്മിൽ നിന്നു പുറത്താകാൻ ഇടയാക്കിയത്.

ഹരീഷിന്‍റെ വെളിപ്പെടുത്തലുകളിൽ ചിലതു സത്യങ്ങളുണ്ട്. അതിനേക്കാൾ വസ്തുതാവിരുദ്ധമായ കാര‍്യങ്ങളാണ്. റേയ്ച്ചൽ എന്ന തന്‍റെ സിനിമയുടെ റിലീസ് അടുത്ത 12നാണ്. അതിനുശേഷം ഹരീഷിന്‍റെ ആരോപണങ്ങൾക്കെതിരെ വിശദമായ മറുപടിയും നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും ബാദുഷ പറഞ്ഞു.

കടം ചോദിച്ച 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിനു ബാദുഷ തനിക്കു എആർഎം ഉൾപ്പടെ സിനിമകളിലെ അവസരം കളഞ്ഞെന്ന് ഹരീഷ് ആരോപിച്ചിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഹരീഷിന്‍റെ വെളിപ്പെടുത്തൽ.

Kerala

ബാദുഷയെ അത്രയ്ക്കു വിശ്വസിച്ചു, എന്നാൽ, ഞാൻ ചതിക്കപ്പെട്ടു: ഹരീഷ് കണാരൻ

കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്‍റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്‍റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.

മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്‍റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.

ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്‍റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.

ഒരിക്കൽ ചാനലിന്‍റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്‍റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്‍റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്‍റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.

Latest News

Corehub Up