സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ വര്‍ഷങ്ങളായി തുടരുന്ന രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി ബന്ദിപ്പര വനമേഖലയില്‍ തുരങ്കപാത നിര്‍മിക്കുന്നതിനു സാധ്യതാപഠനം നടത്താനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ തീരുമാനം വയനാട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയായി. തുരങ്കപാത യാഥാര്‍ഥ്യമായാല്‍ ദേശീയപാതയിലെ ഗതാഗത നിരോധനം മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതിയാകും.
ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ദേശീയപാതയില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെ നിലവിലുള്ള യാത്രാനിരോധനം ഒഴിവാക്കുകയാണ് കേന്ദ്ര മന്ത്രാലയത്തിന്‍റെ പരിഗണനയിലുള്ള തുരങ്കപാത പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വനപ്രദേശത്ത് തുരങ്കപാത നിര്‍മിക്കുന്നതിലൂടെ വന്യജീവികള്‍ക്ക് ശല്യമുണ്ടാകാതെ 24 മണിക്കൂറും യാത്ര സാധ്യമാക്കാമോ എന്നതാണ് സാധ്യതാ പഠനത്തിലൂടെ പരിശോധിക്കുന്നത്.
നേരത്തേ ആറുവരി തുരങ്കപാത നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്‍റെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുള്ള പുതിയ രൂപകല്‍പ്പനയാണ് കേന്ദ്ര മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിഗണിക്കുക.
തുരങ്കപാത പദ്ധതിക്കുവേണ്ടി കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.