പയ്യന്നൂര്‍: പയ്യന്നൂര്‍ വൈശാഖ് ഇന്റർനാഷണൽ ബാര്‍ ഹോട്ടലില്‍ ആക്രമണം നടത്തിയെന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. സിഐടിയു പയ്യന്നൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്ന എടാട്ട് സ്വദേശി ടി. നികേഷ്, തായിനേരിയിലെ ദിലീപ് എന്നിവരെയാണു പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
ബാര്‍ ഹോട്ടലിലുണ്ടായ ചില സംഭവങ്ങളില്‍ പൊലിസും ബാര്‍ മാനേജ്മെന്റും സിഐടിയു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ നേതൃത്വത്തില്‍ ബാറിന് മുന്നില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു.
സിഐടിയു പയ്യന്നൂര്‍ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ഈ പരിപാടിയില്‍ ബാറില്‍ ആക്രമണം നടത്തി നാശനഷ്ടങ്ങള്‍ വരുത്തിയെന്നും ബാറിലെ തൊഴിലാളികളെ സിഐടിയുവില്‍ അംഗങ്ങളാക്കിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. പരാതിക്കാരോ സാക്ഷികളോ ഹാജരാകാത്തതിനാല്‍ ഒരു വര്‍ഷത്തിനകം ഈ കേസ് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. സാക്ഷികളുടെ മൊഴികള്‍ വിശ്വസനീയമല്ലെന്നും പരാതിക്കാരനായ ഒന്നാം സാക്ഷി കോടതിയില്‍ ഹാജരാകാത്തതും ചൂണ്ടിക്കാട്ടിയാണു പ്രതികളെ വിട്ടയച്ചത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. എം.വി. അമരേശന്‍, ദാമോദരന്‍ എന്നിവര്‍ ഹാജരായി.