കരുമാലൂർ: കരുമാലൂർ, കുന്നുകര പഞ്ചായത്തുകളിൽ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ചു ഗാർഹിക പൈപ്പിടലും റോഡ് പുനരുദ്ധാരണ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നു മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ.
കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണു മന്ത്രി ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.നിലവിൽ പൈപ്പുകൾ ഇടുന്നതിനു നൽകിയിട്ടുള്ള കരാർ റദ്ദാക്കാനും തുടർ പ്രവൃത്തികൾ ഇരു പഞ്ചായത്തുകളും ഏറ്റെടുത്തു നടപ്പിലാക്കാനും മന്ത്രി അനുമതി നൽകി. ഇതു പ്രകാരം ഇരു പഞ്ചായത്തുകൾക്കും 4.5 കോടി രൂപ വീതം ലഭ്യമാക്കും.
പഞ്ചായത്തുകൾ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കണം. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് വിഭാഗം എസ്റ്റിമേറ്റ് എടുത്തു പ്രൊപ്പോസൽ സമർപ്പിക്കണം. പത്ത് ദിവസത്തിനുള്ളിൽ നടപടികൾ സ്വീകരിക്കുന്നതിനു ജല അഥോറിറ്റി, പൊതുമരാമത്ത് വകുപ്പുകളെ ചുമതലപ്പെടുത്തി.
റോഡ് കുഴിക്കുന്ന സാഹചര്യമുണ്ടായാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്ത യോഗം ചേർന്നു തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. കൂടാതെ ഉദ്യോഗസ്ഥർ പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നു കളക്ടർ നിർദേശം നൽകി.
കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ്, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.