തൃശൂർ: കോർപറേഷൻ പരിധിയിലെ തെരുവുവിളക്കുകൾ സ്മാർട്ടാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിലുള്ള വിളക്കുകൾക്കുപുറമേ പുതിയ സർവേ പ്രകാരം 9905 എൽഇഡി ലൈറ്റുകൾകൂടി സ്ഥാപിക്കുന്നതോടെ നഗരത്തിലെ ആകെ വിളക്കുകളുടെ എണ്ണം 49,651 ആകും. സെൻട്രലൈസ്ഡ് കൺട്രോൾ മോണിറ്ററിംഗ് സിസ്റ്റം വഴി നിയന്ത്രിക്കുന്ന പദ്ധതി നടപ്പാക്കുന്നതോടെ ഏതെങ്കിലും ലൈറ്റുകൾ കത്താതിരുന്നാൽ അതു കണ്ടെത്താൻ സാധിക്കുമെന്നു ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു.
പദ്ധതിയെച്ചൊല്ലി പോര്;ഉദ്യോഗസ്ഥർക്കു വിലക്ക്
പദ്ധതിയെക്കുറിച്ച് ബോധവത്കരണം വേണമെന്നു ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടതു കൗൺസിലിൽ തർക്കത്തിനു വഴിതെളിച്ചു. മുൻ ഭരണസമിതി നൽകിയ വിശദീകരണം കേൾക്കാത്തതുകൊണ്ടാണ് പുതിയ അംഗങ്ങൾക്ക് അറിവില്ലാത്തതെന്നു പ്രതിപക്ഷത്തെ അനീസ് അഹമ്മദും എം.എൽ. റോസിയും പരിഹസിച്ചതു ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഉദ്യോഗസ്ഥർ മറുപടി പറയുന്നതിനെ ഡെപ്യൂട്ടി മേയർ വിലക്കിയതും നേരിയ ബഹളത്തിനിടയാക്കി. മേയറുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഡെപ്യൂട്ടി മേയർ. ഒടുവിൽ മേയറുടെ നിർദേശപ്രകാരം സൂപ്രണ്ടിംഗ് എൻജിനീയറാണ് പദ്ധതി വിശദീകരിച്ചത്.
എൽത്തുരുത്ത് പള്ളിക്ക് അനുമതി;പ്ലാൻ ഫണ്ടിൽ പ്രതിഷേധം
ഹൈക്കോടതി നിർദേശത്തെത്തുടർന്ന് എൽത്തുരുത്ത് സെന്റ് മേരീസ് ഇടവകയുടെ പുതിയ പള്ളി നിർമാണത്തിനു കൗൺസിൽ അനുമതി നൽകി. 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നു ഫെബ്രുവരി 24 നു ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കു നിർമാണാനുമതി നൽകാൻ കൗൺസിലിൽ തീരുമാനമായത്. അരണാട്ടുകര വില്ലേജിലെ 0.3540 ഹെക്ടർ ഭൂമിക്കു വില്ലേജ് ഓഫീസർ, വികാർ ആൻഡ് ട്രസ്റ്റ് സെന്റ് മേരീസ് ചർച്ച് എന്ന പേരിൽ നൽകിയ കൈവശാവകാശരേഖപ്രകാരമാണ് അനുമതി. അമൃത് പദ്ധതി വഴി ആവശ്യക്കാർക്കു കുടിവെള്ള കണക്ഷൻ നൽകാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, പ്ലാൻ ഫണ്ട് വിനിയോഗത്തിലെ മെല്ലെപ്പോക്കിനെതിരേ നാല് എൽഡിഎഫ് അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മേയറുടെ ഓഫീസ് നിയന്ത്രിക്കുന്ന പവർ ബ്രോക്കർമാർ ആരെല്ലാം എന്ന ഡെപ്യൂട്ടി മേയർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുത്തിയിരിപ്പുപ്രതിഷേധം നടന്നത്.
കടമുറികൾ ശോചനീയം; വാടക കുറയ്ക്കണം
നഗരത്തിലെ കോർപറേഷൻ കടമുറികളുടെ ശോചനീയാവസ്ഥയും അമിതവാടകയും ഭരണപ്രതിപക്ഷ ഭേദമെന്യേ കൗൺസിലർമാർ ഉന്നയിച്ചു. വൃത്തിഹീനമായ ശൗചാലയങ്ങളും ഉയർന്ന വാടകയും കാരണം പല മുറികളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനു പരിഹാരം വേണമെന്ന് പ്രതിപക്ഷ കൗൺസിലർ ടി.ആർ. ഹിരൺ, ഭരണപക്ഷ കൗൺസിലർമാരായ സുബി ബാബു, ബൈജു വർഗീസ് എന്നിവർ ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന മുറികളുടെ കണക്ക് ഉടൻ ലഭ്യമാക്കുമെന്നു മേയർ ഡോ. നിജി ജസ്റ്റിൻ ഉറപ്പുനൽകി.
അപേക്ഷകൾ കാണ്മാനില്ല
മേയറുടെ റിലീഫ് ഫണ്ടിലേക്കു മൂന്ന് അപേക്ഷകൾ നൽകിയിട്ടും ഉദ്യോഗസ്ഥർ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് എൽഡിഎഫ് കൗൺസിലർ ലിംന മനോജ് പരാതിപ്പെട്ടു. മേയറുടെ ഓഫീസ് ഇത്തരത്തിൽ അശ്രദ്ധമായി പ്രവർത്തിക്കരുതെന്നും ആവശ്യമെങ്കിൽ ടോക്കൺ നമ്പർ ഇട്ടുനൽകാമെന്നും കൗൺസിലർ പറഞ്ഞു. അപേക്ഷകൾ കാണാനില്ലെങ്കിൽ വീണ്ടും നൽകാനായിരുന്നു മേയറുടെ മറുപടി.