തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടറും അറസ്റ്റിൽ. നഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മായയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ആന്ധ്രപ്രദേശ് സ്വദേശിയായ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്.
ഹെൽത്ത് ഇൻസ്പെക്ടറായ മായയും കോവളത്തെ സ്പായുടെ ബിനാമി ഉടമയാണെന്ന് പൊലിസ് പറഞ്ഞു. സ്പായുടെ മറ്റൊരു ഉടമയും കേസിലെ പ്രതിയുമായ തിരുവനന്തപുരം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ സുഹൃത്താണ് മായ. കഴിഞ്ഞ ഒന്നരവർഷമായി അനുരൂപും മായയും സൗഹൃദത്തിലാണ്. ഇരുവരും ചേർന്നാണ് സ്പായ്ക്കായി പണം മുടക്കിയത്. സ്പായിൽനിന്നുള്ള വരുമാനവും ഇവർ പങ്കുവച്ചു.
സ്പായിൽനിന്നുള്ള വരുമാനം അനുരൂപ് വഴി മായയുടെ ബാങ്ക് അക്കൗണ്ടിലും എത്തിയിരുന്നു. പെൺകുട്ടിയെ സ്പായിൽ കൊണ്ടുവന്നതും കുട്ടി പീഡനത്തിനിരയായതും മായ അറിഞ്ഞിരുന്നതായും പൊലിസ് പറഞ്ഞു. ഇനി പെൺകുട്ടിയെ എത്തിച്ച ഇടനിലക്കാരെ കൂടി കണ്ടെത്താനുണ്ട്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനം പുറത്തറിഞ്ഞത്. പെൺകുട്ടിയെ പൊലിസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതിക്കാർ സമർപ്പിച്ച രേഖകളിൽ 20 വയസായിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് പെൺകുട്ടി പഠിച്ച സ്കൂളിന്റെ വിലാസം കണ്ടെത്തി വിവരങ്ങൾ തേടിതോടെയാണ് പെൺകുട്ടിയുടെ പ്രായം 16 വയസാണെന്ന് തെളിഞ്ഞത്.
തുടർന്ന് കൗൺസിലിങ്ങിന് വിധേയയാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോവളത്തെ സ്പാ നടത്തിപ്പുകാരായ നിശാന്ത്, സജിത്ത് കുമാർ എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് നിശാന്തിന്റെ സ്പായുടെ ഉടമ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെയും പൊലിസ് പിടികൂടിയിരുന്നു.