തൃപ്രയാർ: യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി വലപ്പാട് പൊലിസ് സ്റ്റേഷൻ ഉപരോധിച്ച് ബിജെപി പ്രവർത്തകർ. നാട്ടിക ബീച്ച് ഉണ്യാരംപുരക്കൽ ധർമന്റെ മകൻ കൈലാസ് (35) ആണ് ബുധനാഴ്ച ജീവനൊടുക്കിയത്.
പൊലിസിന്റെ മാനസികപീഡനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സമരം.
കഴിഞ്ഞ മാസം വാഹനപരിശോധനയ്ക്കിടെ, ഹെൽമെറ്റ് ധരിക്കാതെ വന്ന കൈലാസിനെ വനിതാ എസ്ഐയുടെ നേതൃത്വത്തിൽ പൊലിസ് സംഘം തടഞ്ഞിരുന്നു. കൈ കാണിച്ചിട്ടും നിർത്താതെപോയ കൈലാസിനെതിരേ പൊലിസ് കേസെടുത്തു. വനിതാ എസ്ഐക്കു നേരേ കൈയേറ്റശ്രമം തുടങ്ങിയ കേസുകൾ ചാർജ് ചെയ്തു.
റിമാൻഡിലായ കൈലാസ് പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ കഴിഞ്ഞദിവസം മറ്റൊരു കേസിൽ സമൻസ് കൈപ്പറ്റാൻ വലപ്പാട് സ്റ്റേഷനിലെത്തിയ കൈലാസിനെ, കാപ്പയടക്കം ചുമത്തി ജീവിക്കാൻ അനുവദിക്കില്ലെന്ന് പൊലിസുകാർ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു.
പ്രവാസിയായിരുന്ന കൈലാസ് ഏതാനും നാളുകളായി നാട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തിരിച്ച് ഗൾഫിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണു സംഭവം. ആരോപണവിധേയനായ എസ്ഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കളും ബിജെപി പ്രവർത്തകരും വലപ്പാട് സ്റ്റേഷനു മുന്നിൽ മൃതദേഹം വച്ച് മണിക്കൂറുകളോളം പ്രതിഷേധിച്ചത്.
രാവിലെ പതിനൊന്നോടെ ആരംഭിച്ച സമരം ഡിവൈഎസ്പിമായി നടത്തിയ ചർച്ചയിൽ, ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റാമെന്ന ഉറപ്പിനെത്തുടർന്ന് വൈകുന്നേരം അഞ്ചോടെയാണ് അവസാനിപ്പിച്ചത്. പ്രദേശത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടു. പ്രേമയാണ് കൈലാസിന്റെ അമ്മ. സഹോദരൻ: പ്രവീൺ.