താനെ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മൂന്നോ നാലോ പേർ ഇനിയും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് ബാലാജി നഗർ പ്രദേശത്തെ കോഹിനൂർ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു.
മൊത്തം 48 മുറികളുള്ളതാണ് ഈ കെട്ടിടം (ഓരോ നിലയിലും 12 വീതം). ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
വ്യാഴാഴ്ച രാത്രി ഒന്പതോടെ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുൻകരുതലായി നാട്ടുകാർ ഉടൻതന്നെ പല കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ചില താമസക്കാർ പുറത്തേക്ക് ഇറങ്ങിക്കൊണ്ടിരിക്കെ കെട്ടിടത്തിന്റെ 'ബി' വിംഗ് നിലത്തേക്ക് പതിക്കുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേന, താനെ ദുരന്തനിവാരണ സേന, പ്രാദേശിക അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോഗ് സ്ക്വാഡ്, നാല് ഫയർ എൻജിനുകൾ, രണ്ട് ആംബുലൻസുകൾ, മണ്ണുമാന്തൽ യന്ത്രങ്ങൾ എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.