Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biological Sisters

മൂന്നു പതിറ്റാണ്ട് അവർ കൂട്ടുകാരായിരുന്നു; സഹോദരിമാരെന്ന് ഉറപ്പിച്ചത് ഡിഎൻഎ ടെസ്റ്റ്; രക്തം രക്തത്തെ തിരിച്ചറിഞ്ഞ കഥ

മൂന്നു പതിറ്റാണ്ട് അവർ ഏറ്റവും നല്ല കൂട്ടുകാരികളായിരുന്നു. പക്ഷേ, തമ്മിൽ ബന്ധിപ്പിക്കുന്ന ഒരജ്ഞാത കണക്ഷൻ ഇരുവർക്കും ആദ്യം മുതൽ ഫീൽ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ‘സിസ്’ എന്നാണ് അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിരുന്നത്. ഒടുവിൽ ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു; രണ്ടു പേരും ഒരച്ഛനും ഒരമ്മയ്ക്കും പിറന്ന ചേച്ചിയും അനിയത്തിയുമാണെന്ന്.

മുംബൈയിൽനിന്ന് നെതർലൻഡ്സിലേക്കു ദത്തെടുക്കപ്പെട്ട മീന ഗെൽറ്റിംഗിന്‍റെയും മിനാൽ ടിജ്സെന്‍റെയും കഥയാണിത്. ഇരുവർക്കും ഇപ്പോൾ നാല്പതിനു മുകളിലാണ് പ്രായം. രണ്ടു പേരും പിറന്ന് മാസങ്ങൾക്കകം മുംബൈയിലെ രണ്ട് അനാഥാലയങ്ങൾ വഴി നെതർലൻഡ്സിലേക്കു ദത്തെടുക്കപ്പെട്ടതാണ്.

കൗമാരത്തിലേക്കു കടക്കവേയാണ് രണ്ടുപേരും ആദ്യമായി കണ്ടുമുട്ടുന്നത്. ദത്തെടുക്കാൻ സഹായം നല്കിയ അഡോപ്ഷൻ ഏജൻസിയുടെ ഒരു പരിപാടിയായിരുന്നു വേദി. അത്താഴവും ഹാംഗ് ഔട്ടും ഉൾപ്പെട്ട പരിപാടിയിൽ രണ്ടുപേരും പരസ്പരമുള്ള സാമ്യത്താൽ ആകൃഷ്ടരായി. ഒരേ മൂക്ക്. ഒരേ ചിരി. പരസ്പരം കണ്ണാടിയിൽ കാണുന്നപോലെ. അത്താഴസമയത്ത് രണ്ടുപേരും പരസ്പരം നോക്കിക്കൊണ്ടിരുന്നു. പിറ്റേന്ന് ഫോൺ നന്പറും വിലാസവും കൈമാറി. ഇനിയും ബന്ധപ്പെടുമെന്ന ഉറപ്പോടെ പിരിഞ്ഞു.

ആ ഉറപ്പ് വർഷങ്ങളോളം പാലിച്ചു. ഇരുവരും കത്തുകളിലൂടെ വിവരങ്ങൾ പങ്കുവച്ചുകൊണ്ടിരുന്നു. പരസ്പരം സിസ് എന്നു വിളിക്കാൻ തുടങ്ങി. ഇഷ്ടമുള്ള പാട്ടുകൾ, ഏർപ്പെടുന്ന കായിക വിനോദങ്ങൾ എല്ലാം കത്തുകളിൽ പങ്കുവച്ചു. അമേരിക്കൻ സംഗീത ട്രൂപ്പായ ബാക്ക് സ്ട്രീറ്റ് ബോയ്സിനെ ഒരേപോലെ ഇഷ്ടപ്പെടുന്നതായി കണ്ടെത്തി. ക്ലാസ് മുറി, കൂട്ടുകാർ, ഡാൻസ്, ആൺകുട്ടികൾ എല്ലാം പങ്കുവയ്ക്കൽ വിഷയങ്ങളായി. 15 വർഷം മുന്പ് മിനാൽ ഫ്രാൻസിലേക്കു കുടിയേറി. ബന്ധം മുറിഞ്ഞു.

ഇന്ത്യയിൽനിന്ന് ദത്തെടുക്കപ്പെട്ടവരുടെ 2017ൽ നടന്ന മറ്റൊരു സംഗമത്തിൽ മീന പങ്കെടുത്തു. അവിടെവച്ചാണ് ഡിഎൻഎ ടെസ്റ്റിനെക്കുറിച്ചു കേൾക്കുന്നത്. ഒന്നു പരീക്ഷിച്ചുനോക്കാൻ തീരുമാനിച്ചു. ഭൂമിയിൽ രക്തബന്ധക്കാരുണ്ടോ എന്നറിയാൻ ആപ്പിന്‍റെയും വെബ്സൈറ്റിന്‍റെയും സഹായത്തോടെ അന്വേഷണങ്ങൾ നടത്തി. പക്ഷേ, മീനയുടെ ഡിഎൻഎയുമായി സാമ്യമുള്ള ആരും ഉണ്ടായിരുന്നില്ല. ഡിഎൻഎ മാച്ച് കണ്ടെത്താനുള്ള ആപ്പ് തന്നെ ഈ വർഷമാദ്യം ഫോണിൽനിന്ന് ഡിലീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ മേയ് 20ന് മീനയ്ക്ക് ഒരു ഫേസ്ബുക്ക് സന്ദേശം ലഭിച്ചു. മിനാൽ ആയിരുന്നു മറുവശത്ത്. “എന്നെ ഓർമയുണ്ടോ ?”ഏപ്രിലിൽ നെതർലൻഡ്സിലെ വളർത്തുമാതാപിതാക്കളെ സന്ദർശിക്കവേ ഡിഎൻഎ ടെസ്റ്റ് നടത്തിയ കാര്യം മിനാൽ മീനയോടു പറഞ്ഞു. അതിൽ മീനയുമായി 100 ശതമാനം മാച്ച് ഉണ്ടെന്ന കാര്യം അറിയിച്ചു. മീനയ്ക്ക് ആകാംഷയായി. ഡിഎൻഎ മാച്ചിന്‍റെ ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്തു. പരിഭ്രമം മൂലം വിരലുകൾ ഉറയ്ക്കുന്നില്ല. പത്തു പ്രാവിശ്യമാണ് പാസ്‌വേഡ് തെറ്റിപ്പോയത്. രണ്ടുപേരുടെയും ഡിഎൻഎ നൂറു ശതമാനം മാച്ച് ആയിരുന്നു. മീനയ്ക്കു കരച്ചിൽവന്നു.

ഓഗസ്റ്റിലെ ഇരുവരും നേരിട്ടുകണ്ടു. ആലിംഗനവും കരച്ചിലും പൊട്ടിച്ചിരികളും നിറഞ്ഞ കൂടിക്കാഴ്ച. തുടർന്ന് ഒരമിച്ചുള്ള ആദ്യ സെൽഫി. 44 വയസുള്ള മിനാൽ പങ്കാളിക്കും രണ്ട് ആൺകുട്ടികൾക്കുമൊപ്പം ഫ്രാൻസിലാണിപ്പോഴുള്ളത്. 43 വയസുള്ള മീന നെതർലൻഡ്സിൽ തന്നെ തുടരുന്നു. മൂന്ന് കുട്ടികളുണ്ട്. വളർത്തുമ്മയായ ജോക്ക് ഗെൽറ്റിംഗ് ഒപ്പമുണ്ട്. വളർത്തച്ഛനായ ഹെങ്ക് 2021-ൽ അന്തരിച്ചു.

മീനയും മിനാലും ഇപ്പോൾ ദിവസവും സംസാരിക്കും. ഇരുവരുടെയും കുടുംബങ്ങളും നല്ല അടുപ്പത്തിലാണ്.

Latest News

Corehub Up