ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമ ജി.ഡി.എൻ ജൂലൈയ് 17ന് തിയറ്ററുകളിലെത്തും. ആർ. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
പുതുതായി പുറത്തിറക്കിയ പോസ്റ്ററിൽ ജി.ഡി. നായിഡുവിന്റെ വേഷത്തിലുള്ള മാധവനെയും സത്യരാജ്, ദുഷാര വിജയൻ എന്നിവരെയും കാണാം. "റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിനുശേഷം, വർഗീസ് മൂലൻ പിക്ചേഴ്സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടെയ്മെന്റ്സും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ജയറാം, വിനയ് റായ്, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു.
സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. "ഇന്ത്യയുടെ എഡിസൺ', "കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്' തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ജി.ഡി. നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തും. ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥനാണ്. -പി. ശിവപ്രസാദ്.