District News
കണ്ണൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ. ശങ്കറിന്റെ 117-ാം ജന്മവാർഷികദിനാചരണം ഡിസിസിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ആർ. ശങ്കറിന്റ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. പ്രഫ. എ.ഡി. മുസ്തഫ, മേയർ പി. ഇന്ദിര എന്നിവർ പ്രസംഗിച്ചു. കെ. പ്രമോദ്, സുരേഷ് ബാബു എളയാവൂർ, റിജിൽ മാക്കുറ്റി, വി.പി. അബ്ദുൾ റഷീദ്, ടി. ജയകൃഷ്ണൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ,ബിജു ഉമ്മർ, കല്ലിക്കോടൻ രാഗേഷ്, കൂക്കിരി രാജേഷ് എന്നിവർ നേതൃത്വം നൽകി.
Movies
ബേസിൽ ജോസഫിന് പിറന്നാളാശംസകളുമായി ഭാര്യ എലിസബത്ത് പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. മകൾ ഹോപ്പിനെ മുന്നിലിരുത്തി ബേസിൽ പാടുന്നൊരു ഇംഗ്ലീഷ് ഗാനമാണ് എലിസബത്ത് റിക്കാർഡ് ചെയ്തിരിക്കുന്നത്.
അപ്പയുടെ വായ അടച്ചുവെയ്ക്കുന്നതല്ലേ കുറച്ചുകൂടി നല്ലതെന്ന് എലിസബത്ത് ചോദിക്കുമ്പോൾ അതേയെന്ന അർഥത്തിൽ ഹോപ്പ് മൂളുന്നുണ്ട്. കണ്ടിരിക്കാൻ രസകരമാണ് ഈ വീഡിയോ.
നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് ബേസിൽ ജോസഫ് ഇപ്പോൾ. അദ്ദേഹം ആദ്യമായി നിർമാതാവാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ബേസിലിനൊപ്പം പ്രധാന വേഷങ്ങളിൽ. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരും താരനിരയിലുണ്ട്.
ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർമാർ.
International
വാഷിംഗ്ടൺ ഡിസി: പിറന്നാൾ ആഘോഷിക്കുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി അമേരിക്കയിൽ മുങ്ങിമരിച്ചു. വിഴിയനഗരം ജില്ലയിലെ പിരിദിയിൽ നിന്നുള്ള സിംഗിറെഡ്ഡി സായ് ശ്രീ ഹരികൃഷ്ണ (26) ആണ് മിസൗറിയിലെ മെരാമെക് നദിയിൽ മുങ്ങിമരിച്ചത്.
സുഹൃത്തുക്കളോടൊപ്പം റിസോർട്ടിൽ എത്തിയ സിംഗിറെഡ്ഡി നദിയിൽ നീന്താനിറങ്ങിയതായിരുന്നു. വെള്ളത്തിനടിയിലുള്ള പായലുകളിൽ കാലുകൾ കുടുങ്ങിയതിനെ തുടർന്ന് പുറത്തേയ്ക്ക് വരാൻ കഴിഞ്ഞില്ല. പിന്നീട് വിദഗ്ധ സംഘമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
2023 ൽ എൻജിനിയറിംഗ് പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് പോയത്. അടുത്തിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സംസ്ഥാന മന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്.
Kerala
കോട്ടയം: പാലാ രൂപതയുടെ ദ്വിതീയ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം പറന്നാള്‍ ഇന്ന്. ഇന്നു രാവിലെ ആറിന് മെത്രാസനമന്ദിര ചാപ്പലില്‍ മാര്‍ പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകുന്നേരം 6.15ന് സായാഹ്ന പ്രാര്‍ഥനയ്ക്കും മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ കാര്‍മികത്വം വഹിക്കും.
തുടര്‍ന്നു നടക്കുന്ന കൂട്ടായ്മയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാർ ഔഗിൻ കുര്യാക്കോസ് വിവിധ രൂപതകളില്നിന്നുളള ബിഷപ്പുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
Leader Page
പാലാ രൂപതയുടെ ദ്വിതീയ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് നാളെ നൂറാം പിറന്നാള്‍. ആത്മീയതയുടെ നിറവില്‍ പ്രാര്ഥാനാരൂപിയില് തെളിമയാര്‍ന്ന മനസോടെ പിതാവ് ഏവരുടെയും നന്മ കാംക്ഷിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ സമ്പന്നമായ അറിവനുഭവങ്ങള്‍ തികഞ്ഞ തുറവിയില്‍ വലിയപിതാവിനു പങ്കുവയ്ക്കാനേറെയുണ്ട്. അധ്യാപകന്, വൈസ് റെക്ടര്‍, റെക്ടര്‍ ചുമതലകള്‍ക്കു ശേഷം ബിഷപ്പായി. വിശ്വാസികളുടെ എണ്ണത്തിലും ദൈവവിളിയുടെ സമൃദ്ധിയിലും സമ്പന്നമായ പാലാ രൂപത അനേകം രൂപതകള്‍ക്കു തണലും കരുതലുമൊരുക്കി. മുഖംപോലെ പ്രശോഭമായ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ദീപികയോടു സംസാരിക്കുന്നു.
► നൂറായുസിന്റെ രഹസ്യം
ആയുസും ആരോഗ്യവും ദൈവാനുഗ്രഹം മാത്രം. 68 വര്‍ഷത്തെ പൗരോഹിത്യജീവിതം. 1973 മുതല്‍ മേല്പ്പട്ടക്കാരനായി 23 വര്‍ഷം. വലിയ പ്രശ്ന-പ്രതിസന്ധികളില്ലാതെ ശുശ്രൂഷാ ജീവിതം പൂര്‍ത്തിയാക്കി 2004ല്‍ വിരമിക്കാനായി. കൂടെ പറയണമല്ലോ, കുടുംബത്തില്‍ ഏറെപ്പേര്‍ക്കും ദൈവം നല്ല ആയുസ് തന്നു. അപ്പന് 104 വയസിലും വല്യപ്പന് 99 വയസിലുമാണ് മരിച്ചത്. ജീവിതത്തിലെ നിഷ്ഠയും പ്രാര്‍ഥനയും ഭക്ഷണവും പ്രധാന ഘടകമാണ്. മുന്‍പൊക്കെ പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് രാത്രി വൈകുവോളം ജോലികള്‍ ചെയ്തിരുന്നു. ശുശ്രൂഷാജീവിതകാലത്ത് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ല. ഭക്ഷണത്തില്‍ എന്നും മിതത്വം പാലിക്കുന്നു. ദീപിക മുടങ്ങാതെ വായിക്കും. സമയം കിട്ടുമ്പോള്‍ ദൈവശാസ്ത്ര ഗ്രന്ഥങ്ങളും.
► മേല്പ്പട്ട ശുശ്രൂഷയെപ്പറ്റി
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവാണ് പാലാ രൂപതയുടെ ശില്പി. സെന്റ് തോമസ് കോളജും ബിഷപ്സ് ഹൗസും സെന്റ് തോമസ് കത്തീഡ്രലും പിതാവ് ഏറെ ക്ലേശകരമായി നിര്‍മിച്ചു. പിതാവിന്റെ നിര്മിതികളില് ചായം പൂശാനുള്ള ജോലിയേ എനിക്കു ബാക്കിയുണ്ടായിരുന്നുള്ളൂ. ഞാന്‍ അതേ ചെയ്തിട്ടുമുള്ളൂ. വാക്കുകള്‍ക്കൊണ്ട് വിവരിക്കാനാവാത്ത കഠിനാധ്വാനിയായിരുന്നു വയലില്‍ പിതാവ്. ത്യാഗോജ്വമായിരുന്നു ശുശ്രൂഷ. അപാരമായ ദിശാബോധമുള്ള വ്യക്തിത്വം. അദ്ദേഹത്തോടൊപ്പം കഴിയാനായത് വലിയ ഭാഗ്യവും കൃപയും.
► എംഎക്കാരന്‍ സെമിനാരിയിലേക്ക്
ധന്യമായ ഓര്‍മകളാണ് എന്റെ സെമിനാരി ജീവിതം. ബാല്യത്തില്‍ ഞാന്‍ വൈദികനായിത്തീരുമെന്നു ഒരിക്കലും പ്രതീക്ഷിരുന്നില്ല. എസ്ബി കോളജില്‍ ഇന്റര്‍മീഡിയറ്റും ട്രിച്ചി സെന്റ് ജോസഫ്സ് കോളജില്‍ ബിഎയും ചെന്നൈ ലയോള കോളജില്‍ എംഎയും കഴിഞ്ഞ് 22-ാം വയസിലാണ് ദൈവവിളി അറിഞ്ഞ് ചങ്ങനാശേരി മൈനര്‍ സെമിനാരിയിലേക്കു പോയത്. മാര്‍ ജയിംസ് കാളാശേരി പിതാവാണ് മൈനര്‍ സെമിനാരിയില്‍ പ്രവേശനം തന്നത്. പൗരോഹിത്യജീവിതത്തില്‍ ഒരു ദിവസംപോലും ഞാന്‍ ഇടവക വികാരിയായിരുന്നിട്ടില്ല. റോമില്‍ ഉപരിപഠനത്തിനുശേഷം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ മൂന്നു വര്‍ഷം അധ്യാപകനായി. പിന്നീട് റോമില്‍ നാലു വര്‍ഷം വൈസ് റെക്ടറായി. മടങ്ങിവന്ന് നാലു വര്‍ഷം വടവാതൂരില്‍ റെക്ടറായി. പിന്നീടാണ് 1973ല്‍ പാലാ സഹായമെത്രാനായത്.
► പാലായുടെ പുണ്യം
പാലാ രൂപത ദൈവവിളിയുടെ വിളനിലമാണ്. ആഗോളസഭയില്തന്നെ ദൈവവിളിയില്‍ പാലാ ഒന്നാമതാണ്. അല്‍ഫോന്‍സാമ്മയും തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ഉള്‍പ്പെടെ വിശുദ്ധരുടെ സാമിപ്യം. മെത്രാന്‍പദവിയില്‍ ഞാന്‍ 752 ഡീക്കൻമാർക്കു പൗരോഹിത്യപട്ടം നല്‍കിയിട്ടുണ്ട്. പാലാ രൂപതയില്‍നിന്നു മിഷനില്‍ ഉള്‍പ്പെടെ ഒരു വര്‍ഷം മാത്രം 200 പേര് വൈദിക പട്ടം സ്വീകരിച്ച കാലമുണ്ട്. ഏറ്റവുമധികം മെത്രാന്മാരും പാലായില്‍നിന്നാണ്. ഇവിടെനിന്നുള്ള ഒരു വൈദികനില്ലാത്ത ഒരു രൂപതയും ഇന്ത്യയിലില്ല. ലോകമെമ്പാടും പാലായില്‍നിന്നുള്ള സമര്‍പ്പിതരുടെ സാന്നിധ്യമുണ്ട്. മെത്രാനായിരിക്കെ മഹിമയും വിശുദ്ധിയുമുള്ള ഒട്ടേറെ വൈദികരും സന്യസ്തരും ഒപ്പമുണ്ടായിരുന്നത് എനിക്ക് ബലവും ധൈര്യവും പകര്‍ന്നു.
► വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്
ആത്മീയ ശുശ്രൂഷയില്‍ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനെ പ്രത്യേകം ഓര്‍മിക്കുന്നു. എനിക്കു രാമപുരം പള്ളിയില്‍ മാമോദീസ നല്‍കിയത് അമ്മയുടെ അമ്മാവനായിരുന്ന കുഞ്ഞച്ചനാണ്. കുഞ്ഞച്ചന്റെ മൃതസംസ്കാരം നടത്താന്‍ നിയോഗമുണ്ടായതും എനിക്കാണ്. 1973ല്‍ ഞാന്‍ സഹായമെത്രാനായി രണ്ടു മാസം കഴിഞ്ഞായിരുന്നു അത്. അന്ന് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് നാഗാലാന്‍ഡില്‍ ഒരു മെത്രാഭിഷേകത്തിനു പോയ സാഹചര്യത്തിലാണ് കുഞ്ഞച്ചന്റെ മൃതസംസ്കാരം ഞാന്‍ നടത്തിയത്. ചെറുപ്പത്തില്‍ അമ്മവീട്ടില്‍ പോകുമ്പോഴൊക്കെ അദ്ദേഹത്തെ കാണുകയും ഉപദേശം തേടുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. കുഞ്ഞച്ചനെ ധന്യനായി പ്രഖ്യാപിച്ചതിനും അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയതിനും കബറിടങ്ങള്‍ തുറന്നതിനും സാക്ഷ്യം വഹിക്കാനായി.
► വിശുദ്ധ അല്‍ഫോന്‍സാമ്മ
ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം യാചിക്കാത്തവര്‍ ഉണ്ടാകില്ല. 2014 ഫെബ്രുവരിയില്‍ പാലായില്‍ സിബിസിഐ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാ ബിഷപ്പുമാരും മുന്‍പേ പറഞ്ഞ താത്പര്യമായിരുന്നു അൽഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാന്‍ ക്രമീകരണം ഒരുക്കണമെന്ന്. രാജ്യത്തെ എല്ലാ കത്തോലിക്കാ ബിഷപ്പുമാരും ഒരുമിച്ച് വിശുദ്ധയുടെ കബറിട ചാപ്പലില്‍ മുട്ടുകുത്തിയത് വലിയ അനുഭവമായിരുന്നു. എല്ലാ രൂപതകളിലേക്കും അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് കൊടുത്തയയ്ക്കാനും സാധിച്ചു.
► സ്വാധീനിച്ചവര്‍
ഏറ്റവും സ്വാധീനിച്ച വ്യക്തികളിലൊരാള്‍ കഠിനാധ്വാനിയും തികഞ്ഞ വിശ്വാസിയുമായ എന്റെ വല്യപ്പനായിരുന്നു. പാലാ സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ മോണ്‍. ജോസഫ് കുരീത്തടം അച്ചനുമായുണ്ടായിരുന്ന ആത്മബന്ധം ആഴമേറിയതായിരുന്നു. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിനെ ഒരിക്കലും മറക്കാനാവില്ല. മൈനര്‍ സെമിനാരിയില്‍ അദ്ദേഹം എന്റെ സ്പിരിച്വല്‍ ഫാദറായിരുന്നു. പിന്നീട് അദ്ദേഹം പാലാ രൂപതയില്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഹെഡ്മാസ്റ്ററായി.
തലശേരിയില്‍ മെത്രാനായ ശേഷവും മാതൃരൂപതയായ പാലായുമായുള്ള ആത്മബന്ധം തുടര്‍ന്നു. തലശേരി രൂപതയെ പിതാവ് പടുത്തുയര്‍ത്തിയതിനു പിന്നിലെ അധ്വാനവും സഹനവും വാക്കുകളില്‍ വിവരിക്കാനാവില്ല. ആദ്യഘട്ടത്തില്‍ അക്രൈസ്തവനായ ഒരാളുടെ ഭവനത്തിലാണ് പിതാവ് താമസിച്ചത്. ഒരു ഭവനം ലഭിക്കാന്‍ ഏറെ ആഗ്രഹിച്ചിരിക്കെയാണ് 1957ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ വീട് വള്ളോപ്പിള്ളി പിതാവിന് നല്‍കാമെന്നു പറഞ്ഞത്. ഒന്നര ലക്ഷം രൂപയ്ക്ക് തലശേരി കടല്‍ത്തീരത്ത് കൃഷ്ണയ്യരുടെ കുടുംബം വക ഏഴ് ഏക്കറോളം സ്ഥലവും വീടും പിതാവ് സ്വന്തമാക്കി. അങ്ങനെ തലശേരി രൂപതയ്ക്ക് ആസ്ഥാനമുണ്ടായി. ഏറെപ്പേരുടെ സഹായത്താല്‍ വയനാട്ടില്‍ ഉള്‍പ്പെടെ പിതാവ് ആസ്തി വകകള്‍ സമാഹരിച്ചു.
കുടിയേറ്റക്കാരുടെ സഹന-സാഹസ ജീവിതത്തില്‍ പിതാവ് താങ്ങും തണലുമായി ഒപ്പം നിന്നു. മലയോരങ്ങളില്‍ അനേകം ദേവാലയങ്ങളും സ്കൂളുകളും സ്ഥാപനങ്ങളും തുടങ്ങി. ജീപ്പിലായിരുന്നു യാത്രകള്‍. പില്ക്കാലത്ത് മാനന്തവാടി, താമരശേരി രൂപതകള്‍ സ്ഥാപിതമായപ്പോള്‍ അവിടെ ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ആത്മീയതയില്‍ അടിയുറച്ച വിശുദ്ധ ജീവിതമായിരുന്നു വള്ളോപ്പള്ളി പിതാവിന്റേത്.
► കൃഷിയോടുള്ള കന്പം
ഇലഞ്ഞിയിലെ കാർഷിക കുടുംബാംഗമെന്ന നിലയിൽ കൃഷി ചെയ്യുന്നതും കാണുന്നതും എനിക്കെന്നും ഇഷ്ടമാണ്. മാവും പ്ലാവും നാരകവും പേരയുമൊക്കെ നടുന്നതിൽ ഏറെ സന്തോഷം. ഇഞ്ചിയും കുരുമുളകും കപ്പയുമായിരുന്നല്ലോ മുൻകാലങ്ങളിൽ നമ്മുടെ മൂലധനം. പാലാ ബിഷപ്സ് ഹൗസിനു മുന്നിൽ, മനോഹര ശിഖരങ്ങളുമായി ഫലം നിറഞ്ഞ് അഴകു വിരിയിക്കുന്ന രണ്ടു കൂറ്റൻ മാവുകളും 1983ൽ ഞാൻ പറഞ്ഞു നട്ടതാണ്. അരമനവളപ്പിലെ ഒട്ടേറെ മരങ്ങൾ നട്ടു പരിപാലിക്കാനായതിൽ സന്തോഷമുണ്ട്. പറത്താനത്തുള്ള രൂപതയുടെ എസ്റ്റേറ്റിൽ ശെമ്മാശ്ശന്മാരെ കൂട്ടി മുന്‍പൊക്കെ ഒരാഴ്ചയോളം താമസിച്ചിരുന്നു. അവർക്കൊപ്പം തോട്ടത്തിൽ കിളച്ചും വാരിയും നട്ടും നനച്ചും പണിയെടുക്കുക വലിയ സംതൃപ്തി പകരുന്ന അനുഭവമാണ്.
പ്രീഡിഗ്രി പഠനകാലത്ത് വീട്ടിൽ തേങ്ങായിടീലിന്റെ ചുമതമല എനിക്കായിരുന്നു. നാനൂറോളം തെങ്ങുകളിൽ നന്നായി ഫലമുണ്ടായിരുന്നു. ഒരിക്കൽ തേങ്ങയ്ക്കൊപ്പം രണ്ടു കരിക്കുമായാണ് പണിക്കാർക്കൊപ്പം ഞാൻ വീട്ടിലെത്തിയത്. എന്തിനാണ് കരിക്ക് വെട്ടിയതെന്ന് ചോദിച്ച് അമ്മ നന്നായി ശാസിച്ചു. വഴക്കു കേട്ടതിനു പിന്നാലെ വാക്കത്തിയെടുത്ത് കരിക്കിൽ വെട്ടിയത് എന്റെ ഇടതു ചൂണ്ടുവിരലിൽ. വിരൽ മുറിഞ്ഞുപോയിരുന്നെങ്കിൽ ഒരുപക്ഷേ സെമിനാരി പ്രവേശനവും മുടങ്ങിയേനെ. ഒരു മുതലും വിളവും നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യരുതെന്നത് പഴമക്കാരുടെ നിഷ്ഠയായിരുന്നു. ധൂർത്ത് അവരുടെ ജീവിതത്തിൽ ഇല്ലായിരുന്നു.
► ഇഷ്ടപ്പെട്ട തിരുവചനം
വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയരോടു പറഞ്ഞ “ക്രിസ്തുവിനെപ്രതി അവനിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം സഹിക്കാനും നിങ്ങൾക്ക് അനുവാദം ലഭിച്ചിരിക്കുന്നു” എന്ന വചനം ഏറെ അർഥവത്താണ്. സഹനമില്ലാതെ ജീവിതത്തിന് അർഥമില്ല. പല തലങ്ങളിൽ സഹിക്കുകയും വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന അനേകർ ചുറ്റുമുണ്ട്. ആശ്വാസം തേടി വന്നവരെയെല്ലാം ആഗ്രഹം പോലെ സഹായിക്കാനാകാതെ വന്നപ്പോൾ വിഷമം തോന്നിയിട്ടുണ്ട്. പങ്കുവയ്ക്കാനും അറിഞ്ഞു സഹായിക്കാനും സാധിക്കുന്നതിലാണ് ക്രിസ്തീയത. വിശപ്പ് അറിഞ്ഞിട്ടില്ലെങ്കിലും വിശക്കുന്ന അനേകർ ചുറ്റുമുണ്ടെന്നു മനസിലാക്കുന്നു. എന്റെ ബാല്യത്തിൽ ഒരു നേരത്തെ ഭക്ഷണം തേടി വരുന്ന പാവപ്പെട്ടവരെ കണ്ടിട്ടുണ്ട്. ചോറിൽ കഞ്ഞിവെള്ളവും പുളിശേരിയും ഒഴിച്ചുകൊടുക്കുന്പോൾ അവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും മറന്നിട്ടില്ല. ഒരു നേരം ഭക്ഷണം കൊടുത്താൽ തീരുന്നതല്ല ദാനധർമം. വിശന്ന് ഒരാൾ എത്ര നേരം കയറിവന്നാലും കൊടുക്കുന്നതാണ് പുണ്യം. ഏറ്റവും അനുഗ്രഹം കിട്ടുന്ന പുണ്യമാണത്.
► നാളെയെക്കുറിച്ച്
ഓരോരോ കാലങ്ങളിൽ രൂപതകളും ബിഷപ്പുമാരും സന്യസ്തസമൂഹങ്ങളും തുടങ്ങുന്ന സംരംഭങ്ങൾ പിൽക്കാലത്ത് സമുദായത്തിനും സമൂഹത്തിനും വലിയ കരുതലായി മാറുമെന്നതാണ് അനുഭവം. തുടക്കത്തിൽ പല തലങ്ങളിൽ വിമർശനങ്ങളും എതിർപ്പുകളും ആക്ഷേപങ്ങളും ഉണ്ടായേക്കാം. സെബാസ്റ്റ്യൻ വയലിൽ പിതാവ് തോർത്തുമുണ്ടുടുത്ത് തലയിൽ കല്ലും മണ്ണും ചുമന്ന് വിയർത്തു പണിതുണ്ടാക്കിയതാണ് പാലാ സെന്റ് തോമസ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. എത്രയോ തലമുറകളുടെ ജീവിതത്തെ അത് കരുപ്പിടിപ്പിച്ചു. സെന്റ് തോമസ് കോളജിന്റെ ഉദ്ഘാടനത്തലേന്ന് വൈകുന്നേരമാണ് പാലാ രൂപത സ്ഥാപിച്ചും ഫാ. സെബാസ്റ്റ്യൻ വയലിലിനെ പ്രഥമ മെത്രാനായി നിയോഗിച്ചുമുള്ള മാർപാപ്പയുടെ കൽപനയെത്തുന്നത്. ഉത്തരവ് വായിച്ചശേഷം അത് തലച്ചുവട്ടിൽ വച്ച് അച്ചൻ കോളജ് വരാന്തയിൽ കിടന്നു. പകൽ അധ്വാനത്തിന്റെ ക്ഷീണത്തിൽ വേഗം ഉറങ്ങിപ്പോയി.
Movies
നടി കല്യാണി പ്രിയദർശന് പിറന്നാളാശംസകളുമായി ചന്തു സലിംകുമാർ പങ്കുവച്ചൊരു രസകരമായ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും ചന്തുവും.
നീ എന്റെ ഏകാന്തതയിലെ വെളിച്ചമാണ്, എന്റെ പാട്ടിലെ ഈണമാണ് തുടങ്ങി കാവ്യാത്മകമായ വരികളാണ് കല്യാണിക്കായി ചന്തു കുറിച്ചത്.
‘‘നീ എന്റെ ഏകാന്തതയിലെ വെളിച്ചമാണ്.. എന്റെ ഹൃദയത്തിലെ പ്രണയമാണ്.. എന്റെ പാട്ടിലെ ഈണമാണ്.. എന്റെ മരുഭൂമിയിലെ മഞ്ഞുതുള്ളിയാണ്.. എന്റെ സാമ്രാജ്യത്തിലെ രാജ്ഞിയാണ്.. പിന്നെ, കല്യാണിക്കുട്ടി, ഞാൻ നിന്നെ സ്നേഹിക്കുന്നു! ജന്മദിനാശംസകൾ കൽ. പ്രി!. ’’ ചന്തു സലിം കുമാർ കുറിച്ചുയ
എന്നാൽ കുറിപ്പിനോടൊപ്പം രസകരമായ കുറച്ച് ചിത്രങ്ങളും ചന്തു പങ്കുവച്ചിട്ടുണ്ട്. അവസാന ചിത്രത്തിൽ ചന്തുവിനു പകരം ഹോളിവുഡ് നടനായ മൈക്കൽ ബി. ജോർദനെയാണ് കാണുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആരാധകരും ട്രോളുമായെത്തി. ഒടുവിലെ ചിത്രത്തിൽ ആളുമാറി എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ചന്തു ജോർദാൻ’എന്നായിരുന്നു ഛായാഗ്രാഹകൻ ജിംഷി ഖാലിദിന്റെ കമന്റ്.
നേരത്തെ, മൈക്കൽ ജോർദാന്റെ കടുത്ത ആരാധികയാണ് താനെന്ന് കല്യാണി തുറന്നുപറഞ്ഞിരുന്നു. ഇതോർമിപ്പിക്കുന്നതാണ് ചന്തു പങ്കുവച്ച നാലാമത്തെ ചിത്രം.
Movies
മകൾ വിസ്മയയ്ക്ക് ജന്മദിനാശംസകളുമായി നടൻ മോഹൻലാൽ. പ്രിയപ്പെട്ട മായക്കുട്ടി എന്നു വിളിച്ചുകൊണ്ടാണ് മോഹൻലാലിന്റെ ആശംസ തുടങ്ങുന്നത്. ഈ വർഷം പുതിയൊരു തുടക്കമാണെന്നും സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുകയാണെന്നും നിന്റെ കഴിവ് ലോകം തിരിച്ചറിയുന്ന വർഷമാകട്ടെയെന്നുമാണ് അച്ഛന്റെ ആശംസ.
"ജന്മദിനാശംസകൾ, പ്രിയപ്പെട്ട മായക്കുട്ടി. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്. പുതിയ സ്വപ്നങ്ങള്‍ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഈ വര്‍ഷം ലോകം നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുന്ന വര്‍ഷമാകട്ടെ. സ്നേഹം,അച്ചാ' എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്.
ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന തുടക്കം എന്ന സിനിമയിലൂടെ ആണ് വിസ്മയ മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ആക്ഷൻ ചിത്രമായി ആണ് തുടക്കം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്.
Kerala
തൃശൂർ: മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ക്വാറിയിൽ യുവാവിന്റെ മൃതദേഹം. കുണ്ടന്നൂർ പുഞ്ചയിൽ സധുൽകൃഷ്ണന്റെ മൃതദേഹമാണ് പിറന്നാൾ ദിനത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വടക്കാഞ്ചേരി കുണ്ടന്നൂരിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ പ്ലാന്റ് നോക്കുവാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സമീപത്തെ പറമ്പിൽനിന്ന് ബൈക്ക് കണ്ടെത്തിയതോടെയാണ് മൃതദേഹം സാധുലിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പാണ് സാധുൽ അവസാനമായി വീട്ടിൽ എത്തിയതെന്നും സാധുൽ ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു. പാറയുടെ മുകളിൽനിന്ന് വീണുള്ള മരണമെങ്കിലും ആത്മഹത്യ എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിട്ടില്ല. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മരണത്തിലെ ദുരൂഹത നീക്കാൻ പോലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ട്.
National
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂർ എംപിക്ക് എഴുപതാം പിറന്നാൾ. തന്റെ പിറന്നാൾ ആഘോഷത്തിനിടെ തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണി
ന്റെ മികവിൽ ഇന്ത്യക്കു മൂന്നാം ട്വന്റി 20 ലോകകപ്പ് കിരീടവും സഞ്ജുവിന് ലോകകപ്പിലെ താരമെന്ന ബഹുമതിയും കിട്ടിയതിൽ അതീവ സന്തോഷവാനാണെന്ന് തരൂർ പറഞ്ഞു.
പിറന്നാൾദിനമായ ഇന്നലെ രാവിലെ പതിവുപോലെ ലോക്സഭയിലെത്തി പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തോടൊപ്പം തരൂർ പങ്കുചേർന്നു. അടുത്ത സുഹൃത്തുക്കൾക്കായി ഇന്നലെ രാത്രി തരൂരിന്റെ വസതിയിൽ പ്രത്യേക അത്താഴവിരുന്നു നടത്തി. മന്ത്രിമാരും വിദേശ നേതാക്കളും സ്ഥാനപതിമാരും അടക്കം ഒട്ടേറെ പ്രമുഖർ തരൂരിന് ആശംസ നേർന്നു.
ഛത്തർപൂരിലെ സുഹൃത്തിന്റെ സ്വകാര്യ ആഡംബര ഫാം ഹൗസിൽ തരൂരിന്റെ പിറന്നാൾ പ്രമാണിച്ചു ഞായറാഴ്ച രാത്രി നടത്തിയ അത്താഴവിരുന്നിൽ അംബാസഡർമാർ, വ്യവസായ, സാമൂഹ്യ പ്രമുഖർ, മുതിർന്ന പത്രപ്രവർത്തകർ അടക്കം നിരവധി പേർ പങ്കെടുത്തു. വിദേശത്തുനിന്നും കേരളത്തിൽനിന്നുമുള്ളവർ വിരുന്നിനെത്തി.
National
മലയാളിക്കു വിശ്വപൗരൻ എന്നു പറഞ്ഞാൽ അത് ആരെന്ന കാര്യത്തിൽ സംശയമില്ല. ഡോ. ശശി തരൂർ. രാഷ്ട്രീയ നേതാവ്, ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, മനുഷ്യാവകാശങ്ങൾ വേണ്ടി നിലകൊള്ളുന്ന ജനാധിപത്യവാദി തുടങ്ങി പറയാൻ വിശേഷണങ്ങൾ ഒട്ടേറെയുണ്ട് ഡോ. തരൂരിന്. തുടർച്ചയായി നാലാം തവണ തിരുവനന്തപുരത്തിന്റെ എംപിയായി റിക്കാർഡ് കുറിച്ച ഡോ. തരൂർ ഇന്ന് എഴുപതു വയസ് പൂർത്തിയാക്കുന്നു.
ജന്മദിനാഘോഷം
ഞായറാഴ്ച വൈകുന്നേരം ഡൽഹിയിലെ ഒരു ഫാം ഹൗസിൽ നടന്ന ജന്മദിനാഘോഷത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ള തരൂരിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ഇന്നു രാവിലെ പാർലമെന്റിലേക്കു പോയ തരൂരിന് ഉച്ചയ്ക്ക് ഡൽഹിയിലെ വിദേശ രാജ്യങ്ങളുടെ അംബാസഡർമാർ ഒരുക്കുന്ന വിരുന്നു സത്ക്കാരമുണ്ട്. വൈകുന്നേരം വസതിയിൽ സംഘടിപ്പിക്കുന്ന വിപുലമായ ജന്മദിന പാർട്ടിയിൽ പൗരപ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടാകും.
ലണ്ടിൽ ജനിച്ച് മുംബൈയിലും കോൽക്കത്തയിലുമായി വളർന്ന് യുഎസിൽ ഉപരിപഠനം നടത്തിയ തരൂർ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗവേഷണ ബിരുദം പൂർത്തിയാക്കി ആ പ്രായത്തിൽതന്നെ ശ്രദ്ധ പിടിച്ചു പറ്റി. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ തരൂർ അമേരിക്കയിൽ ടഫ്റ്റ്സ് സർവകലാശാലയിലെ ഫ്ളെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽനിന്നു ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.
ഐക്യരാഷ്ട്ര സഭയിൽ
ഐക്യരാഷ്ട്ര സംഘടനയിൽ ജോലിക്കു ചേർന്ന ശശി തരൂർ അവിടെ ഡപ്യൂട്ടി സെക്രട്ടറി ജനറൽ പദവി വരെ എത്തി. തുടർന്ന യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്കു മത്സരിച്ചു രണ്ടാമതെത്തി. അന്നു ജയിച്ചത് ബാൻ കി മൂണ്‍ ആയിരുന്നു. മത്സരശേഷം യുഎൻ പദവി ഒഴിഞ്ഞു നാട്ടിലെത്തിയ തരൂർ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. മത്സരിക്കാൻ തെരഞ്ഞെടുത്തതു കേരളത്തിന്റെ തലസ്ഥാന മണ്ഡലമായിരുന്നു.
അന്ന് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നൽകി അനന്തപുരിക്കാർ തരൂരിനെ ഡൽഹിക്ക് അയച്ചു. ആ ഊഴത്തിൽ കേന്ദ്ര മന്ത്രിസഭയിൽ എത്തിയെങ്കിലും വിവാദങ്ങളെത്തുടർന്നു രാജിവയ്ക്കേണ്ടി വന്നു. തുടർന്നു മൂന്നു തവണ കൂടി തരൂർ തിരുവനന്തപുരത്തിന്റെ എംപി ആയി. വിവാദങ്ങൾ നിറയുന്പോഴും തരൂരിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവു തട്ടുന്നില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ കരുത്തനായി എതിരാളിയായി രംഗത്തു വന്നിട്ടും തിരുവനന്തപുരത്തുകാർ തരൂരിനെ കൈവിട്ടില്ല.
ഉപയോഗപ്പെടുത്തിയോ?
യുഎന്നിൽ ഉന്നതപദവിയിലിരുന്ന തരൂരിനു ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള രാഷ്ട്രീയ, സാമുഹ്യ മേഖലകളിലെ പ്രമുഖരുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ ലോകമെങ്ങും പടർന്നു പന്തലിച്ചു കിടക്കുന്നു.
അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ ഇന്നും ആരാധകർ ഏറെയുണ്ട്. ലോകമെങ്ങുമുള്ള സാഹിത്യോത്സവങ്ങളിലും തരൂർ നിത്യസാന്നിധ്യമാണ്. ലോകപ്രശസ്തമായ ഹേ ഫെസ്റ്റിവൽ തിരുവനന്തപുരത്തു കൊണ്ടുവന്നതു തരൂർ ആയിരുന്നു.
ബാഴ്സലോണ നഗരവുമായി ബന്ധം സ്ഥാപിക്കാനുള്ള തരൂരിന്റെ നീക്കം ഫലവത്താകേണ്ടതായിരുന്നു. എന്നാൽ, രാഷ്ട്രീയമായ കാരണങ്ങളാൽ അന്നു കേരളം ഭരിച്ചവർ അത് അനുവദിച്ചില്ല. ഫുട്ബോൾ, നഗരാസൂത്രണം തുടങ്ങി നിരവധി മേഖലകളിൽ ബാഴ്സലോണയുടെ അനുഭവസന്പത്തും മികവും നമുക്കു ഗുണകരമാക്കാമായിരുന്നു. ഡോ. ശശി തരൂർ എന്ന വിശ്വപൗരനെ ഉപയോഗപ്പെടുത്താൻ നമുക്കു കഴിഞ്ഞില്ല എന്നതാണു വസ്തുത.
വിവാദങ്ങൾ പിന്നാലെ
ലോകമെങ്ങും ഇത്ര അറിയപ്പെട്ട മലയാളികൾ അധികമുണ്ടായിട്ടില്ല. മൂർച്ചയേറിയെ നാവിനും സുന്ദരമായ ഇംഗ്ലീഷ് ഭാഷയ്ക്കും ഉടമയായ ഡോ. തരൂർ നിരന്തരമായി വിവാദങ്ങളിൽ ചെന്നു ചാടും. ചിലത് ഈ നാട്ടിലെ നാട്ടുനടപ്പിനെക്കുറിച്ചു പരിചയമില്ലാതെ സംഭവിച്ചതാകും. ചിലതെല്ലാം അറിഞ്ഞു കൊണ്ടു സംഭവിക്കുന്നതുമാകും. അപ്പോഴും തരൂരിന്റെ ന്യായവാദങ്ങളെ എതിർത്തു തോൽപ്പിക്കാൻ നമുക്കു സാധിക്കില്ല. അതാണു വാദമുഖങ്ങൾ അവതരിപ്പിക്കാൻ തരൂരിനുള്ള മികവും കഴിവും.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലോകശ്രദ്ധ ആകർഷിക്കാറുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും എഴുതുകയും സംസാരിക്കുകയും ചെയ്യുന്പോഴും ഇന്ത്യയുടെ രാഷ്ട്രീയം, സംസ്കാരം, ചരിത്രം എന്നിവയിൽ അദ്ദേഹം അതീവ താത്പര്യം പ്രകടിപ്പിക്കുന്നു.
ഉജ്വല പ്രഭാഷണങ്ങൾ
അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായി ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ, ആൻ ഈറ ഓഫ് ഡാർക്ക്നെസ്, വൈ ഐ ആം എ ഹിന്ദു എന്നിവയൊക്കെ അദ്ദേഹത്തിന്റെ വിജ്ഞാനത്തെയും ഉൾക്കാഴ്ചയെയും അടയാളപ്പെടുത്തുന്നു.
ഓക്സ്ഫഡ് സർവകലാശാലയിലെ ഡിബേറ്റിൽ പങ്കെടുത്ത് ബ്രിട്ടണ് നൂറ്റാണ്ടുകളിലൂടെ ഇന്ത്യയെ ചൂഷണം ചെയ്തതിന്റെ ഉദാഹരണങ്ങൾ ഉയർത്തി നഷ്ടപരിഹാരം തേടിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് കോൾമയിർ കൊള്ളാത്ത ഇന്ത്യക്കാരനുണ്ടാകില്ലല്ലോ. അന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ശശി തരൂരിനെ അഭിനന്ദിച്ചു.
എഴുപതു വയസ് പൂർത്തിയാക്കുന്പോഴും തരൂരിന്റെ പ്രഭാവത്തിനു മങ്ങലേറ്റിട്ടില്ല. എവിടെ ചെന്നാലും അദ്ദേഹത്തെ കാണാനും കേൾക്കാനും ധാരാളമാളുകൾ ഇപ്പോഴും ഓടിക്കൂടുന്നു. യുവാക്കൾക്കിടയിൽ അദ്ദേഹം ഇന്നും തരംഗമാണ്. കൂടെ നിന്നൊരു സെൽഫി എടുക്കാനും പരിചയപ്പെടാനും ആൾത്തിരക്കാണിപ്പോഴും.
എഴുത്തും വായനയും പ്രഭാഷണവും നയതന്ത്രവും ഇനിയും തുടരട്ടെ. ഡോ. ശശി തരൂരിൽ നിന്നു കേരളം മാത്രമല്ല, ഇന്ത്യയും ലോകവും ഇനിയുമേറെ പ്രതീക്ഷിക്കുന്നു. അതിനു സാധിക്കട്ടെ എന്ന് ഈ എഴുപതാം ജ·ദിനത്തിൽ ആശംസിക്കാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിർദേശങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. ആഘോഷവേളകളിലും ജന്മദിനങ്ങളിലും യൂണിഫോം ഒഴിവാക്കി വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകും.
അധ്യാപകർ വിദ്യാർഥികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്ന രീതി പൂർണമായും ഒഴിവാക്കണം. മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി റാമ്പ് ഉൾപ്പെടുത്തും. സ്കൂൾ വിനോദയാത്രകളിൽ സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിയും വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല.
വകുപ്പിന്റെ ഉത്തരവുകൾ ഇക്കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാതല പരിശോധനകളിലൂടെ അധികൃതർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. അവധിക്കാലം മറ്റു തടസങ്ങളില്ലാതെ വിദ്യാർഥികൾക്ക് പൂർണമായും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
National
ബംഗളൂരു: കർണാടകയിൽ പോലീസുകാർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി നൽകാൻ ഉത്തരവ്. കർണാടക ഡിജിപിയാണ് ഉത്തരവിറക്കിയത്.
ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) സലിം ഉത്തരവ് പുറപ്പെടുവിച്ചു. കുടുംബവും ഒത്തുള്ള ആഘോഷങ്ങൾ പോലീസുകാരുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് ഡിജിപി സർക്കുലറിൽ പറയുന്നു.
പ്രത്യേക ദിവസങ്ങളിൽ ജീവനക്കാർക്ക് അവധിയെടുക്കാൻ അനുവദിക്കുന്നതിലൂടെ, സേനയിലുടനീളം സമ്മർദ്ദം കുറയ്ക്കാനും മനോവീര്യം മെച്ചപ്പെടുത്താനാകുമെന്നാണ് വകുപ്പ് പ്രതീക്ഷ.
Kerala
തലശേരി: സീറോമലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് രൂപീകൃതമായിട്ട് 108 വർഷങ്ങൾ. സംഘടനയുടെ 108-ാം വാർഷികാഘോഷങ്ങൾ ജന്മദിനമഹാറാലി, അന്താരാഷ്ട്ര സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ മാർച്ച് 13,14 തീയതികളിൽ കണ്ണൂരിൽ നടക്കും. ആഘോഷങ്ങളുടെ സംഘാടകസമിതിയുടെയും സ്വാഗതസംഘത്തിന്റെയും ഉദ്ഘാടനം തലശേരി അതിരൂപത കേന്ദ്രത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു.
കണ്ണൂരിൽ നടക്കുന്ന സമുദായ സംഗമത്തിന്റെ വിജയത്തിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. കുടിയിറക്കപ്പെടുന്ന കർഷകസമൂഹം, ഹനിക്കപ്പെടുന്ന മതസൗഹാർദം, വികസനവിരുദ്ധ രാഷ്ട്രീയ നിലപാടുകൾ എന്നീ വിഷയങ്ങളും അനുബന്ധ വിഷയങ്ങളും ഉയർത്തിപ്പിടിച്ചു നടത്തുന്ന ജന്മദിന മഹാറാലിയിലും സമ്മേളനത്തിലും തലശേരി അതിരൂപതയിൽനിന്നു മാത്രം ഒരു ലക്ഷത്തിലധികമാളുകളെ പങ്കെടുപ്പിക്കാൻ മാർ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. പരിപാടികളുടെ വിജയത്തിനായി അതിരൂപതയിലെ 18 ഫൊറോനകളിലും ഫൊറോനാതല സംഘാടകസമിതിയും ഓരോ ഇടവകയിലും ഇടവകതല സംഘാടക സമിതികളും രൂപീകരിക്കും.
സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽനിന്നും ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽനിന്നുമുള്ള സമുദായ അംഗങ്ങളും കർഷകരും പങ്കെടുക്കും. സമുദായത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും വിവിധ അധിനിവേശങ്ങൾ ഉണ്ടാകുമ്പോഴും സമുദായശക്തി ഒറ്റക്കെട്ടായി പോരാടുന്ന വേദിയായി മഹാസംഗമം മാറുമെന്ന് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. പൊതുസമൂഹം നേരിടുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയും കരുത്തും പ്രകടിപ്പിക്കുന്നതാകും മഹാറാലിയും ജന്മദിന സമ്മേളനവുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു.
മാർച്ച് 13ന് പതാകപ്രയാണവും ഛായാചിത്ര പ്രയാണവും നടക്കും. വൈകുന്നേരം അഞ്ചിന് സമ്മേളന നഗരിയിൽ പതാക ഉയർത്തൽ. തുടർന്ന് കേന്ദ്ര വർക്കിംഗ് കമ്മിറ്റി ചേരും. 14ന് രാവിലെ പത്തിന് കേന്ദ്ര പ്രതിനിധിസഭാ സമ്മേളനം നടക്കും.
44 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുമുള്ള ഭാരവാഹികളും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30ന് കണ്ണൂരിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലി. തുടർന്ന് നടക്കുന്ന അന്താരാഷ്ട്ര സമുദായ സമ്മേളനത്തിൽ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും സമുദായത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അവകാശങ്ങൾ പ്രഖ്യാപിക്കും. വിവിധ ഫ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള റാലിയിൽ എല്ലാ രൂപതകളിൽനിന്നുമുള്ള സമുദായാംഗങ്ങളും പങ്കെടുക്കും.
സംഘാടക സമിതി-സ്വാഗതസംഘം രൂപീകരണ യോഗത്തിൽ തലശേരി അതിരൂപത ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിൽപടവിൽ, ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, ഫിലിപ്പ് വെളിയത്ത്, ബെന്നി ആന്റണി, രാജേഷ് ജോൺ, ജിമ്മി അയിത്തമറ്റം, അഡ്വ . ഷീജ സെബാസ്റ്റ്യൻ, പീയൂസ് പറയിടം, ജയ്സൺ പട്ടേരി, സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നതിനുവേണ്ടിയും 1918 ലാണ് കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ചത്.
NRI
ഡാളസ്: പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
കാരോൾട്ടൺ ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ നേർന്നു.
ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ. റോയ് തോമസ്, റവ. ഷിബി ഏബ്രഹാം, റവ. റോബിൻ വർഗീസ്, റവ. ബേസിൽ (കെഇസിഎഫ് പ്രസിഡന്റ്), റവ. ഏബ്രഹാം കുരുവിള, പി.ടി. മാത്യു, പി.പി. ചെറിയാൻ തുടങ്ങിയ വിശിഷ്ടാതിഥികൾ സംസാരിച്ചു.
Movies
ഗന്ധര്‍വ ഗായകന് കെ.ജെ യേശുദാസിന് ഇന്ന് 86-ാം പിറന്നാള്‍. കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്.
1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന് ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റേയും മകനായാണ് യേശുദാസ് ജനിച്ചത്. ഈ ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്.
1961ല്‍ "കാല്‍പ്പാടുകള്‍' എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.
അന്നു തൊട്ട് ഇന്നുവരെ ലോകത്താകെയുള്ള സംഗീതാസ്വാദകര്‍ക്ക് പ്രണയം, വിരഹം, ദു:ഖം, നിരാശ, സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനമായ ഗാനഗന്ധര്‍വന്റെ സ്വരമാധുരി ഏറെ പ്രിയങ്കരമാണ്.
ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള്‍ സമ്മാനിച്ചു. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്‍ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം കുടുംബസമേതം അമേരിക്കയിലാണ് താമസം.
Movies
തുളുനാട്ടിൽ നിന്നു കള്ളപ്പയറ്റ് പഠിച്ചിട്ട് വന്ന കള്ള ബടുവാ. ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്, ഈ കൊട്ടാര വളപ്പിൽ നിന്ന്, ഈ ടെറിട്ടറിയിൽ നിന്ന്...’ ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിൽ അങ്കച്ചേ കവനായി വേഷമിട്ടു നിന്ന് ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗ് ആണിത്.
അങ്കച്ചുവടുകൾ അറിയാത്ത ജഗതി (ആരോമലുണ്ണി) ശരിക്കും അങ്കം അറിയുന്ന ആളോട് തോൽക്കുന്ന നേരമാണ് ജഗതിയുടെ ഈ ഡയലോഗ്. വാളും പരിചയും കൈകാര്യം ചെയ്യാൻ അറിയുന്ന ‘സേനാനി' ജഗതിയെ തുറിച്ചു നോക്കുമ്പോൾ ദയനീയമായി ജഗതി പറയുന്നു - ‘പോടെ'.. ഒറിജിനൽ ജഗതി സ്റ്റൈലിൽ തന്നെ.
1987 പുറത്തുവന്ന മോഹൻലാൽ നായകനായ ഈ പൊളിറ്റിക്കൽ ത്രില്ലറിലെ ജഗതി സംഭാഷണം പുതിയ കാലത്തെ ടെക്കികൾ ‘പയറ്റുന്നുണ്ട്'എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തിരുവനന്തപുരത്തെ പ്രമുഖമായ ഒരു ഐടി കമ്പനിയിലെ യുവ എഞ്ചിനീയറുടെ വാക്കുകൾ കേൾക്കാം.
"ഞങ്ങളുടെ മാനേജർ കുറച്ച് ഹ്യൂമർ സെൻസുള്ള ആളാണ്. ജോലിക്കാര്യത്തിൽ കാർക്കശ്യം ഉണ്ടെങ്കിലും ഇടയ്ക്ക് ചില ജഗതി ഡയലോഗുകൾ പറയാറുണ്ട്. പ്രോജക്ട് കാര്യത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഭൂമിയിലെ രാജാക്കൻമാരിലെ ജഗതി ശ്രീകുമാറിനെ പ്പോലെ മുഖം മാറ്റി അദ്ദേഹം പറയും.. ‘ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്..' ജോലിയുടെ സമ്മർദം എല്ലാം മറന്നു ഞങ്ങൾ എൻജിനിയർമാരെല്ലാവരും ഒന്നിച്ച് ചിരിക്കാറുണ്ട്.
1974 ൽ കന്യാകുമാരി എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്തെത്തിയ ജഗതി ശ്രീകുമാർ മലയാള സിനിമയുടെ ഹാസ്യ മുഖം തന്നെ മാറ്റിമറിച്ചു. പകരം വയ്ക്കാനില്ലാത്ത ഈ നടൻ അറിയുന്നുണ്ടാവുമോ എത്ര ആഴത്തിലാണ് താൻ തലമുറകളെ സ്വാധീനിച്ചതെന്ന്, ഇന്നും സ്വാധീനിക്കുന്നത് എന്നും.
മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ജഗതിയുടെ പല ഉഗ്രൻ ഡയലോഗുകളും. യോദ്ധ എന്ന ചിത്രത്തിലെ "കുട്ടിമാമാ ഞാൻ ഞെട്ടി മാമ’ ഇന്നത്തെ ചെറുപ്പക്കാർ സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗ് ആണ്. ഐടി മേഖലകളിലെ ജോലി സമ്മർദം കുറയ്്ക്കാ നും ഇതു പോലുള്ള ജഗതി സംഭാഷണ ങ്ങളും വലിയ പങ്കാണു വഹിക്കുന്നത് എന്ന സത്യം അടിവരയിട്ടുതന്നെ പറയണം.
പല പ്രൈവറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന യുവാക്കൾ തങ്ങളുടെ തെറ്റ് മേലുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുമ്പോൾ "ഇത് എന്റെ ഗർഭം അല്ല’ എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്.
ഇതുപോലെ മേലെ പറമ്പിൽ ആൺവീട് എന്ന സിനിമയിലെ ജയകൃഷ്ണന്റെ പല രസകരമായ സംഭാഷണങ്ങളും പുതിയ കാലത്ത് എടുത്തു പ്രയോഗിക്കാറുണ്ടത്രേ.. "വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി... ' എന്ന് ആവർത്തിച്ചാവർത്തിച്ച് ഉള്ള ജഗതിയുടെ തമിഴ് ഡയലോഗും ഏറെ പ്രചാരത്തിൽ ഉള്ളതാണ്. പ്രത്യേകിച്ചും യുവ കാമുകന്മാർക്കിടയിൽ!
ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികൾ നടത്താറുള്ള ചില ആഘോഷങ്ങളിൽ ഒരു ടീമിന്റെ പ്രകടനം വേണ്ടവിധത്തിൽ വിജയിച്ചില്ലെങ്കിൽ ജഗതിയുടെ ഡയലോഗ് ഇറക്കുമതി ചെയ്യും. യോദ്ധയിലെ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം..' ‘മത്സരം അടുത്ത വർഷവും ഉണ്ടല്ലോ' തുടങ്ങിയ അപ്പുക്കുട്ടന്റെ പ്രത്യാശയാണ് ഐടി ജീവനക്കാർ ഈ സന്ദർഭങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.
മീശ മാധവൻ എന്ന ചിത്രത്തിലെ കൃഷ്ണവിലാസം ഭഗീരഥൻപിള്ള എന്ന കർക്കശക്കാരന്റെ ചില വഴിവിട്ട കഥകളും പ്രേക്ഷകർ എന്നേ ഏറ്റെടുത്തു കഴിഞ്ഞു. പട്ടാളക്കാരൻ പുരുഷുവിനെ കാണുമ്പോൾ നുഴഞ്ഞു കയറുന്ന ജഗതി.."പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന് പറയുന്നത് ചെറുപ്പക്കാർ എടുത്ത് അലക്കുന്ന ഒന്നാണ്.
ഓഫീസിൽ മാത്രമല്ല കുടുംബങ്ങൾക്കുള്ളിലും ജഗതി സംഭാഷണങ്ങൾ പ്രയോഗത്തിൽ വരുന്നുണ്ട്. എന്തെങ്കിലും കാര്യത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാവുമ്പോൾ "ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്... "എന്ന ജഗതി മനോഹരമാക്കിയ എസ്ഐ പീതാംബരന്റെ വാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നവരുണ്ട്.
വർഷങ്ങളായി പ്രായഭേദമന്യേയുള്ളവർ പറയുന്നതാണ് പ്രിയദർശന്റെ അരം+ അരം= കിന്നരത്തിലെ "ജോസഫേ കൊച്ചിന് മലയാളം അറിയാം’ എന്ന ഒരു പ്രത്യേക സ്ലാങ്ങിലെ ജഗതിയുടെ പ്രതികരണം. വർക്ക് ഷോപ്പ് മുതലാളിയായ മനോഹരനായി എത്തുന്ന ജഗതി ശ്രീകുമാറും പണിക്കാരും ച്ചേർന്ന് മാലയുടെ (പൂജ സക്സേന) കാർ ഒരു ‘തീരുമാനം' ആക്കുന്നുണ്ട്.
ശേഷം ജഗതി ദൈന്യതയോടെ പറയുന്ന "ഞാൻ പണി അറിയാവുന്ന ആരെയെങ്കിലും വിളിച്ചോണ്ട് വന്ന് ഇത് ശരിയാക്കിത്തരാം’ എന്ന ആശ്വാസ വാക്കുകളും പല ഓഫീസുകളിലും ജീവനക്കാർ ‘തടി തപ്പാനായി ' പറയുന്നതാണ്!
ഇനി ജഗതിയുടെ ഇംഗ്ലീഷ് ഡയലോഗുകളുടെ കഥ എടുക്കാം... ശ്രീനിവാസൻ തിരക്കഥ രചിച്ച അരം.+അരത്തിലെ "വി ആർ ഡൂയിംഗ് എ കാർ "എത്രയോ കാലമായി മലയാളികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്ത സാധാരണക്കാരായ തൊഴിലാളികളും ജഗതിയുടെ ഇംഗ്ലീഷ് ശൈലി അനായാസേന പറയുന്നുണ്ട് എന്നതും ഏറെ കൗതുകകരം.
1976 ൽ റിലീസായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ജഗതിയുടെ ഇടതടവില്ലാത്ത ‘ഇംഗ്ലീഷ്' സൂപ്പർ ഹിറ്റ് തന്നെ. "യു വിൽ നോട്ട് സി എനി മിനിറ്റ് ഓഫ് ദി ടുഡേ.. " കൈയിൽ വാക്കിംഗ് സ്റ്റിക്കും പിടിച്ച് നിൽക്കുന്ന ജഗതിയുടെ സർദാർ കൃഷ്ണക്കുറുപ്പ് ആക്രോശിക്കുകയാണ്..."ഗെറ്റ് ഔട്ട് ഹൗസ് "എന്ന് ശ്രീനിവാസനെ(എം.എ. ധവാൻ) നോക്കി ഗർജിക്കുന്ന രംഗവും എങ്ങനെ മലയാളികൾ മറക്കാനാണ്!
കേരളത്തിൽ ഒരു തരംഗം തീർത്ത ചിത്രമായ കിലുക്കത്തിലെ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ പല സംഭാഷണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതാണ്. എന്തിനധികം നിശ്ചലിന്റെ ഹിന്ദി ഭാഷ, ഹിന്ദി അക്ഷരമാല പോലും പഠിച്ചിട്ടില്ലാത്തവർക്കും അറിയാം. മുച്ചേ മാലും നഹിം.. എന്ന ജഗതിയുടെ ദീനാലാപം കേട്ട് ഇന്നും ലോകമെമ്പാടുമുള്ള മലയാളികൾ ചിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിന് ജഗതി കോമഡി രംഗങ്ങൾ ഉണ്ട്. പഴയകാല കോമഡി, പുതിയകാല കോമഡി,ഹിന്ദി - ഇംഗ്ലീഷ് എന്നിങ്ങനെ വേർതിരിച്ചുള്ള രംഗങ്ങളും യഥേഷ്ടം. വാട്സാപ്പ് സ്റ്റാറ്റസ് ആയി ഉപയോഗിക്കുന്ന കോമഡികളും ഉണ്ട്.
‘ജഗതി ചിരിപ്പിച്ച് ചിരിപ്പിച്ച് വശം കെടുത്തുന്ന കോമഡികൾ' എന്നിങ്ങനെയുള്ള പേരുകളിലെ വീഡിയോകളും വലിയ പ്രചാരത്തിലുണ്ട്.
ഫ്രണ്ട്സ് എന്ന ചിത്രത്തിലെ ലാസർ ഇളയപ്പനും ശമ്പളമില്ലാത്ത അപ്രന്റീസുകളും പ്രേക്ഷകരെ അക്ഷരാർഥത്തിൽ ചിരിപ്പിച്ചു വശം കെടുത്തുന്നു! നന്ദനത്തിലെ കുമ്പിടിയുടെ കൂടു വിട്ടു കൂടു മാറ്റവും ‘ഗ്ലാനിർ ഭവതി ഭാരത..' എന്ന സംസ്കൃത ഭാഷയിലെ അനുഗ്രഹവും വൈറലാണ്.
ഇങ്ങനെ എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തതാണ് അനന്തമായ ജഗതി ഹാസ്യം. കാമറ ആക്ഷൻ പറയുമ്പോൾ മാത്രമായിരുന്നു ജഗതി ഇങ്ങനെ ഹാസ്യ രാജാവായി മാറിയിരുന്നത് എന്നു മാത്രം. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോലും ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കുന്ന ഗൗരവ പ്രകൃതക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.
പ്രസംഗ വേദികളിലും അഭിമുഖങ്ങളിലും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയവും സിനിമാരംഗത്തെ അപചയങ്ങളും വിവേചനങ്ങളും തുറന്നു പറഞ്ഞിരുന്നു ജഗതി ശ്രീകുമാർ. ആഴമുള്ള കഥാപാത്രങ്ങളെ പൂർണ മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന അതുല്യ നടനാണ് ജഗതി ശ്രീകുമാർ. ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകർ പക്ഷേ, ജഗതിയെ അറിഞ്ഞത് വെള്ളിത്തിരയിൽ കണ്ട ആയിരക്കണക്കിന് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്.
ഈ ജനുവരി അഞ്ചിന് ജഗതി ശ്രീകുമാർ എഴുപത്തി അഞ്ചാം പിറന്നാൾ ആഘോ ഷിച്ചു. 2012 ൽ സംഭവിച്ച കാർ അപകടത്തെ തുടർന്ന് സംസാരിക്കാൻ കഴിയാതെ, വിശ്രമ ജീവിതത്തിലാണ് അധികവും താരം. എങ്കിലും ജഗതി ഇന്നും മലയാളത്തെ മുഴുവൻ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കുന്നു...
District News
തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ എഴുപത്തിയഞ്ചാം വയസിന്റെ നിറവിൽ. കുടുംബാംഗങ്ങൾക്കൊപ്പമിരുന്നു തൂശനിലയിൽ സദ്യയുണ്ടും കേക്കു മുറിച്ചുമാണു മലയാളത്തിന്റെ പ്രിയ നടൻ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത്.
ഭാര്യ ശോഭ, മക്കളായ രാജ്കുമാർ, പാർവതി, അടുത്ത ബന്ധുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പിറന്നാളാഘോഷം. ഫോണിൽ വിളിച്ചും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും പ്രമുഖർ അദ്ദേഹത്തിന് ജന്മദിനാശംസകളുമായെത്തി. അപകടത്തെ തുടർന്നുണ്ടായ ശാരീരിക പരിമിതകൾ ഒഴിച്ചു നിർത്തിയാൽ ജഗതി പൂർണ ആരോഗ്യവാനാണ്.
പിറന്നാൾ സദ്യയുണ്ടായിരുന്നെങ്കിലും ജഗതിക്കു പതിവായി നൽകുന്ന ഭക്ഷണങ്ങൾ മാത്രമേ നൽകാനാകൂ. അതിനാൽ അത്തരം വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള സദ്യയാണ് തയാറാക്കിയിരുന്നത്. പിറന്നാൾ ദിനത്തിൽ തൈക്കാട് ധർമശാസ്താ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി.
ധനു മാസത്തിലെ തൃക്കേട്ടയാണ് ജഗതിയുടെ ജന്മനക്ഷത്രമെങ്കിലും ജനുവരി അഞ്ച് എന്ന തീയതിയാണ് കുടുംബം പതിവായി ആഘോഷങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. പിറന്നാൾ ദിനത്തിൽ സന്ദർശകരെ അനുവദിച്ചില്ല.
അപകടത്തിന് മുന്‍പുവരെയുള്ള 40 വർഷത്തിനിടയിൽ ജഗതി അഭിനയിച്ചത് 1500 ലേറെ സിനിമകളാണ്. ഈ പിറന്നാൾ ദിനത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് അജു വർഗീസ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കുമെന്നതാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നു മകൻ രാജ്കുമാർ അറിയിച്ചു.
Kerala
പതിമൂന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു മലയാളസിനിമയിലെ അന്പിളിക്കല അപ്രത്യക്ഷമായിട്ട്. അന്പിളിച്ചേട്ടൻ എന്ന് സിനിമാക്കാർ സ്നേഹപൂർവം വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ പെട്ടെന്നുള്ള പിന്മാറ്റം സൃഷ്ടിച്ച ശൂന്യതയിൽനിന്ന് നമ്മുടെ സിനിമ ഇനിയും മോചിതമായിട്ടില്ല. ഇന്ന് അദ്ദേഹത്തിന്റെ 75-ാം പിറന്നാൾ ദിനത്തിലും മലയാളികൾ കാത്തിരിക്കുകയാണ്- ഒരു തിരിച്ചുവരവിനായി.
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി അദ്ദേഹത്തിലെ കലാകാരനെ തളർത്തിയെങ്കിലും അതിനെയെല്ലാം ധൈര്യപൂർവം നേരിട്ട് കുടുംബത്തോടൊപ്പം സ്വച്ഛമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് അദ്ദേഹമിപ്പോൾ.
ജഗതി ശ്രീകുമാറിന്റെ ജീവിതം സിനിമ മാത്രമായിരുന്നു. സെറ്റിൽനിന്ന് സെറ്റിലേക്ക്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഇതിനിടയിലുള്ള ഒരു ‘സ്പേസ്’ അദ്ദേഹത്തിന് വളരെ വിരളമായേ ലഭിച്ചിരുന്നുള്ളൂ. കോളജ് വിദ്യാഭ്യാസത്തിനുശേഷം 1974ൽ കന്യാകുമാരി എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിനിമാജീവിതം .
ഏതാണ്ട് മുപ്പതുവർഷത്തോളം ഒരു പ്രയാണം തന്നെയാണ് നടത്തിയത്. ഈ പ്രയാണത്തിൽ മലയാളികളെ കുടുകുടാ ചിരിപ്പിക്കുക എന്ന ദൗത്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് അദ്ദേഹം എത്ര ഭംഗിയായി നിർവഹിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ല. എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഓരോ കാലഘട്ടത്തിലും മാറിവരുന്ന നായകന്മാർക്കൊപ്പം ജഗതി നടത്തിയ തേരോട്ടം 2012 വരെ അനുസ്യൂതം തുടർന്നു. 2012 മാർച്ച് 10ന് മലപ്പുറത്തുണ്ടായ വാഹനാപകടം അദ്ദേഹത്തിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. അപകടാവസ്ഥ തരണം ചെയ്തുവെങ്കിലും ജഗതി എന്ന ഹാസ്യസാമ്രാട്ടിന്റെ സംസാരശേഷി നഷ്ടപ്പെട്ടത് കലാകേരളം ഞെട്ടലോടെയാണ് കേട്ടത്.
അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ കേട്ടും മാനറിസങ്ങൾ കണ്ടും ചിരിച്ച തലമുറകൾക്ക് ജഗതിയുടെ പിൻവാങ്ങൽ വലിയ ശൂന്യതയായി മാറി.
ഇന്ന് 75ന്റെ നിറവിൽ എത്തിനിൽക്കുന്പോൾ ജഗതിശ്രീകുമാർ എന്ന നടനെക്കുറിച്ച് ഏറെ അനുസ്മരിക്കാനുണ്ട്. 62-ാം വയസിൽ അപകടം നടക്കുന്നതുവരെയുള്ള കാലഘട്ടത്തെ കരിയറിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത സവിശേഷതകളാണ് അദ്ദേഹം ബാക്കിവച്ചത്. എൺപതുകളുടെ തുടക്കം മുതൽ 2012 വരെയുള്ള കാലത്ത് ഒരിക്കൽ പോലും താരമൂല്യം നഷ്ടപ്പെടാത്ത നടൻ എന്നതുതന്നെ ഏറ്റവും വലിയ പ്രത്യേകത.
അടൂർഭാസി, ബഹദൂർ, പപ്പു, മാള, കലാഭവൻമണി, ജഗദീഷ്, മാമുക്കോയ, സലിംകുമാർ തുടങ്ങി ഒട്ടേറെ പ്രഗത്ഭർ ഹാസ്യനിരയിലുണ്ടായിരുന്നെങ്കിലും അതിലും മേലെയായിരുന്നു ജഗതി എന്ന മൂന്നക്ഷരം മലയാളി പ്രേക്ഷകർക്ക്.
കോമഡിയുടെ പശ്ചാത്തലത്തിൽ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന നടന്മാർക്ക് ജഗതിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. മോഹൻലാൽ, ദിലീപ്, ജയറാം തുടങ്ങിയവരുടെ ചിത്രങ്ങൾ വന്പൻ ഹിറ്റുകളായതിനു പിന്നിൽ ജഗതി വലിയ പങ്കുവഹിച്ചു.
മലയാളസിനിമ ‘ന്യൂജെൻവേവി’ലേക്ക് തിരിയുന്ന കാലത്താണ് ജഗതിശ്രീകുമാറിനു ദുരന്തം നേരിട്ടത്. അതിനാൽ അത്തരം സിനിമകളിൽ ഈ നടന്റെ സാന്നിധ്യം കാണാൻ കഴിഞ്ഞില്ല. അതു പ്രേക്ഷകരെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ്. ഏതു കാലത്തിനും ഏതു മേക്കിംഗിനും മാറ്റിനിര്‍ത്താനാവില്ല ഈ പ്രതിഭയെ. അതുകൊണ്ടുതന്നെ ന്യൂജൻചിത്രങ്ങളിലും അദ്ദേഹം തിളങ്ങുമായിരുന്നു എന്ന് നിസംശയം പറയാം.
സിനിമയുടെ തിരക്കിൽ അഭിരമിച്ചിരുന്ന ജീവിതത്തിൽനിന്ന് ഇപ്പോൾ ജഗതി ശ്രീകുമാർ ഏറെമാറിയിരിക്കുന്നു. ഭാര്യയുടെയും മക്കളുടെയും നിരന്തര പരിചരണവും സാമീപ്യവും ഡോക്ടർമാരുടെ നിർദേശാനുസരണമുള്ള ജീവിതവുമൊക്കെയായി തിരുവനന്തപുരത്തെ വീട്ടിൽ കഴിയുകയാണ് മലയാളത്തിന്റെ ഈ ഹാസ്യസാമ്രാട്ട്.
മലയാളസിനിമയിലെ എല്ലാവിശേഷങ്ങളും അദ്ദേഹം അറിയുന്നു. നിരവധി സിനിമകൾ കാണുന്നു. ഇടയ്ക്ക് സഹപ്രവർത്തകരുടെ വിയോഗവാർത്തകൾ അറിയുന്പോൾ വിഷമത്തിലാകുന്നു. അപ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്നു, അദ്ദേഹത്തിന്റെ രണ്ടാംവരവിനായ്...
Movies
നടി ലിസിയുടെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ. താരത്തിന്റെ 59-ാം പിറന്നാളാണ് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗംഭീരമാക്കിയത്. തൃഷ, ശോഭന, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ, ഗൗതം വാസുദേവൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.
അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഭർത്താവ് പ്രിയദർശനൊപ്പം സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിനെത്തിയ വീഡിയോകൾ വൈറലായിരുന്നു. വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഇവർ ആദ്യമായാണ് പൊതുവേദിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒന്നിച്ചെത്തിയത്.
Movies
ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം 60-ാം പിറന്നാൾ ആഘോഷിച്ച് ബോളിവുഡ് സുൽത്താൻ സൽമാൻ ഖാൻ. പതിവ് പോലെ പൻവേലിലെ ഫാംഹൗസിലാണ് താരം ജന്മദിനം ആഘോഷിച്ചത്.
പ്രായാധിക്യത്തെ തുടർന്നുള്ള ശരാരിക അവശതകൾ വകവയ്ക്കാതെ സൽമാൻ ഖാന്റെ പിതാവ് സലീം ഖാനും മകന്റെ ജന്മദിനം ആഘോഷിക്കാൻ ഫാംഹൗസിലെത്തി. ക്രിക്കറ്റ് താരം എം.എസ്. ധോണിയും ഭാര്യ സാക്ഷി ധോണിയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ, സൊഹൈൽ ഖാൻ, അർപ്പിത ഖാൻ ശർമ, അൽവിറ ഖാൻ അഗ്നിഹോത്രി, അർഹാൻ ഖാൻ, നിർവാൻ ഖാൻ, അഹിൽ, അയത് തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
അതേസമയം, പുതുവത്സരം ആഘോഷിക്കാൻ വിദേശത്തായിരുന്നതിനാൽ സൽമാന്റെ അടുത്ത സുഹൃത്തുക്കളും ബോളിവുഡ് താരങ്ങളുമായ ഷാരൂഖ് ഖാനും ആമിർ ഖാനും ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായില്ല.
സൽമാന്റെ കരിയറിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സംവിധായകരായ കബീർ ഖാൻ, സഞ്ജയ് ലീല ബൻസാലി, അലി അബ്ബാസ് സഫർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തില്ല.
ബോളിവുഡിലെ മസിൽമാൻ എന്നറിയപ്പെടുന്ന സൽമാൻ ഖാൻ മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങറിയത്.
ബാറ്റില്‍ ഓഫ് ഗാല്‍വാന്‍ എന്ന ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് താരം ഇപ്പോള്‍.
NRI
കുവൈറ്റ് സിറ്റി: വർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി എൻസിപി - എസ്പി ദേശീയ അധ്യക്ഷൻ ശരദ് പവാർ എംപിയുടെ 85-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.
ഒഎൻസിപി കുവൈറ്റ് ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ഒഎൻസിപി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ "ഇന്ത്യൻ രാഷ്ട്രീയവും പവാർജിയും' വിഷയാവതരണം നടത്തി.
NRI
ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ചൊവ്വാഴ്ച തന്റെ 70-ാം പിറന്നാൾ ആഘോഷിച്ചു. നിലവിൽ യൂറോപ്യന്‍ യൂണിയനിലെ 27 രാഷ്ട്രത്തലവൻമാരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് മെർസ്.
യുദ്ധാനന്തര ജർമനിയുടെ ആദ്യ ചാൻസലറായിരുന്ന കോൺറാഡ് അഡനൗവറിന് ശേഷം 70-ാം വയസിൽ പദവിയിലിൽ ഇരിക്കുന്ന ആദ്യ ചാൻസലർ കൂടിയാണ് മെർസ്. 1949-ൽ 73-ാം വയസിൽ ചാൻസലറായ കോൺറാഡ് അഡനൗവർ 87-ാം വയസു വരെ പദവിയിൽ തുടർന്നിരുന്നു.
ജനപ്രീതിയിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും മെർസിന്റെ പ്രായം അദ്ദേഹത്തിന്റെ ഭരണത്തിന് ഒരു തടസമായി ആരും കാണുന്നില്ല. ഫോർസ പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേരും മെർസിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
ഈ വർഷം മേയ് ആറിനാണ് ജർമനിയുടെ പത്താമത്തെ ചാൻസലറായി മെർസ് അധികാരമേറ്റത്. പാർട്ടി നേതാക്കൾ ഒരുക്കിയ ആഘോഷങ്ങൾക്ക് ശേഷം, മെർസ് ഭാര്യ ഷാർലറ്റിനും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം സ്വകാര്യമായി ജന്മദിനം ആഘോഷിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന് എക്സിലൂടെ മോദി നന്ദി പറഞ്ഞു.
"75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു' - മോദി എക്സിൽ കുറിച്ചു.
മോദിയെ ഫോണിൽ വിളിച്ചതായി സ്ഥിരീകരിച്ച് ട്രംപും ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചു. എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് അറിയിച്ചു.
Movies
അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം.
അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം.
അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്റുകൾ. തൃഷയ്ക്ക് 42 വയസുണ്ടെന്നും അപ്പോൾ അമ്മയ്ക്ക് എത്രയാകും പ്രായമെന്നുമാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മ ഉമയാണെന്നും ഇവർ പറയുന്നു.
ചെറിയ പ്രായത്തിൽ നിരവധി സിനിമാ ഓഫറുകൾ ഉമയെ തേടി വന്നിരുന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു.