ചാലക്കുടി: അഞ്ചുദിവസം നീളുന്ന 37-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നാളെ ആരംഭിക്കും. നാളെ രാവിലെ ഒന്പതിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണു കൺവൻഷൻ.
വ്യാഴാഴ്ച ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ തുടങ്ങിയവർ വചനശുശ്രൂഷ നയിക്കും. 22ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപനസന്ദേശം നൽകും.
കൺവെൻഷന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, ഡയറക്ടർമാരായ ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, ഫാ. ഫ്രാൻസിസ് കർത്താനം, ബ്രദർ പോൾ അക്കര എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിശാലമായ പന്തൽ, ഉച്ചയ്ക്കു ലഘുഭക്ഷണം, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു താമസസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്കു ധ്യാനത്തിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾക്കു ആശ്രമം ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചു.