ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ യുവജന പ്രസ്ഥാനത്തിന്റെ (ഒസിവെെഎം) സിൽവർ ജൂബിലി ആഘോഷങ്ങൾ വെറും ആഘോഷമായി മാത്രം നടത്താതെ സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുകയാണ്.
അതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രോജക്ട് ബ്ലെസ് ഹോം ഭവനനിർമാണ പദ്ധതി കേരളത്തിൽ കരുണയുടെയും സഹാനുഭൂതിയുടെയും ഉജ്വല മാതൃകയായി മാറിയിരിക്കുകയാണ്.
സമൂഹത്തിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഒരു താമസസ്ഥലം മാത്രം അല്ല, ആത്മവിശ്വാസത്തോടെയും മാന്യതയോടെയും ജീവിക്കാനുള്ള സുരക്ഷിതമായൊരു ഭവനം സമ്മാനിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇതിനോടകം തന്നെ വലിയ സ്വീകാര്യതയും അഭിനന്ദനവും നേടി.
സിൽവർ ജൂബിലി ആഘോഷങ്ങൾ വെറും ആഘോഷമായി മാത്രം ഒതുങ്ങാതെ, സമൂഹത്തോടുള്ള ഉത്തരവാദിത്വബോധത്തിന്റെ മകുടോദാഹരണമായി ഈ സംരംഭം ഉയർന്ന് നിലകൊള്ളുകയാണ്.
വിദേശത്ത് കഴിയുന്നുവെങ്കിലും ജന്മനാടിനോടുള്ള ആത്മബന്ധവും കടപ്പാടും മനസ്സിലാക്കി, സാമൂഹിക സേവനത്തിന്റെ വഴിയിൽ ഒസിവെെഎം പ്രവർത്തകർ കൈകോർത്താണ് “Project Bless Home” രൂപം കൊണ്ടത്. വിശ്വാസം പ്രവർത്തിയായി മാറുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സാക്ഷ്യമാണ് ഈ സംരംഭം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് വീടുകളുടെ നിർമ്മാണമാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനകം രണ്ട് വീടുകളുടെ താക്കോൽദാനച്ചടങ്ങുകൾ വിജയകരമായി പൂർത്തിയായി.
കടമ്പനാട് പ്രദേശത്ത് റെവ. ഫാ. രഞ്ജു പി. കോശി അച്ചൻ സിബി എബ്രഹാമിന് പൂർത്തിയായ വീടിന്റെ താക്കോൽ കൈമാറി. അതുപോലെ, ചെങ്ങന്നൂർ നഗരത്തിൽ റെവ. ഫാ. വിമൽ മാമൻ ചെറിയാൻ അച്ചൻ പി.പി. നടേശന് പുതിയ ഭവനത്തിന്റെ താക്കോൽ നൽകി അനുഗ്രഹിച്ചു.
ഈ ചടങ്ങുകൾ പ്രദേശവാസികൾക്കും വിശ്വാസികൾക്കും ആത്മീയമായും സാമൂഹികമായും ഏറെ ഉണർവും പ്രചോദനവും നൽകുന്ന സ്മരണീയമായ അവസരമായി മാറി. മൂന്നാമത്തെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലയിലെ മുങ്ങിയരിമയിൽ പുരോഗമിക്കുമ്പോൾ, നാലാമത്തെ വീടിന്റെ പണികൾ അടൂർ വെള്ളാംകുളംകര പ്രദേശത്ത് സജീവമായി നടക്കുന്നു.
ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട്, സമയബന്ധിതമായി എല്ലാ വീടുകളും പൂർത്തിയാക്കി അർഹരായ കുടുംബങ്ങൾക്ക് കൈമാറാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഓരോ വീടും ഒരു കുടുംബത്തിന്റെ ജീവിതത്തിൽ സ്ഥിരതയും സുരക്ഷയും നിറഞ്ഞ പുതിയ അധ്യായത്തിന് തുടക്കമാകും എന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.
2024-ൽ രൂപീകൃതമായ സിൽവർ ജൂബിലി കമ്മിറ്റിയാണ് ഈ മഹത്തായ ഭവനനിർമ്മാണ സംരംഭത്തിന് നേതൃത്വം നൽകുന്നത്.