കീവ്: ദീർഘദൂര ആക്രമണങ്ങളിലൂടെ റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ പകുതിയും തകർക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ.
മോസ്കോ, യാരോസ്ലാവ്, ഉസ്റ്റ്-ലുഗ, പേം, സരതോവ്, സിസ്രാൻ തുടങ്ങിയ റിഫൈനറികൾക്കുനേരേ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ റഷ്യയുടെ മൊത്തം എണ്ണ ശുദ്ധീകരണ ശേഷിയുടെ 51 ശതമാനവും പ്രവർത്തനരഹിതമായെന്നു യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്കോ മുതൽ സൈബീരിയ വരെയുള്ള റിഫൈനറികൾക്കുനേരേയുള്ള നിരന്തര ആക്രമണം ഈ വർഷം ആദ്യം റഷ്യയിൽ വ്യാപകമായ ഇന്ധന പ്രതിസന്ധി സൃഷ്ടിച്ചു. യുദ്ധം മൂലം റഷ്യക്ക് നഷ്ടമുണ്ടായതായി കഴിഞ്ഞ ദിവസം പ്രസിഡന്റ് പുടിൻ സമ്മതിക്കുകയും ചെയ്തു.
മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഒരു ശതമാനം കുറവാണ് ആക്രമണങ്ങൾ മൂലം സംഭവിച്ചതെന്നു പുടിൻ പറഞ്ഞു. യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം, പ്രതിരോധ മന്ത്രാലയം എന്നിവയിലെ വിദഗ്ധർ ആക്രമണങ്ങളുടെ ആഘാതം വിലയിരുത്തിയതായി പ്രതിരോധ മന്ത്രി യെവ്ഹെനി ഖ്മാര പറഞ്ഞു.