നേമം: കണ്ണൂർ ചെറുപുഴ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ട്രെയിനർ കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരന്റെയും ഗീതയുടെയും മകൻ രാജേഷിന്റെ മൃതദേഹം ഇന്നുച്ചയ്ക്കു നാട്ടിലെത്തിക്കും. തുടർന്ന് കല്ലിയൂർ പഞ്ചായത്തിലെ തെറ്റിവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം പൊതുദർശനത്തിനു വയ്ക്കും.
കഴിഞ്ഞ നാലു ദിവസമായി രാജേഷിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു കുടുംബം. ഇന്നലെ ഉച്ചയോടെയാണ് രാജേഷിന്റെ മൃതദ്ദേഹം കിട്ടിയ വിവരം വീട്ടുകാരെ അറിയിച്ചത്. രാജേഷിനെ കാണാതായ സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റർ മാറി അമ്പിളി പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്. നീന്തലിലും ട്രക്കിങ്ങിലും വിദഗ്ദ്ധനായ രാജേഷ് മടങ്ങിവരുമെന്നു തന്നെയായിരുന്നു മാതാപിതാക്കളും ബന്ധുക്കളും അവസാനംവരെ പ്രതീക്ഷിച്ചിരുന്നത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധന നടത്തിയ മൃതദേഹം അവിടെ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു മാസം മുമ്പാണ് രാജേഷ് കണ്ണൂരിലെത്തിയത്. അപകട വിവരമറിഞ്ഞു ഞായറാഴ്ച രാജേഷിന്റെ അച്ഛൻ രാജശേഖരനും ചെറുപുഴയിലേക്ക് തിരിച്ചിരുന്നു. നിർധന കുടുംബത്തിൽപ്പെട്ടയാളാണ് രാജേഷ്.
രാജേഷും ഭാര്യയും കുട്ടികളും അച്ഛനും അമ്മയും താമസിക്കുന്ന വീടിന്റെ നിർമാണം പോലും പൂർത്തിയായിട്ടില്ല.
രണ്ടുവർഷം മുമ്പാണ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത്ത് ട്രെയിനിൽനിന്നു വീണുമരിച്ചത്. പിന്നീട് കുടുംബത്തിന്റെ ഏക ആശ്രയം രാജേഷായിരുന്നു. അഡ്വഞ്ചർ പരിശീലകനായി പ്രവർത്തിക്കുമ്പോഴും നാട്ടിൽ മരം മുറിക്കാനും രാജേഷ് പോകുമായിരുന്നു. ഏതു ദുരന്തമുഖത്തേക്കും ഭയംകൂടാതെ ഓടി പോകുന്ന വ്യക്തിയായിരുന്ന രാജേഷിന്റെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കണമെന്നാവശ്യം ഉയർന്നു കഴിഞ്ഞു. രാജേഷിന്റെ അച്ഛനും അമ്മയും രോഗികളാണ്. മകന്റെ മരണ വിവരം അറിഞ്ഞ് അമ്മ ഗീതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. അച്ഛൻ രാജശേഖരൻ വീടിനടുത്ത് ഒരു ചെറിയ മുറുക്കാൻ കട നടത്തിയാണ് ജീവിക്കുന്നത്.
രാജേഷിന്റെ കുടുംബവീട് ജപ്തി ഭീഷണിയിലാണ്. പഞ്ചായത്ത് ലൈഫ് മിഷൻ വഴി നൽകിയ വീടിന്റെ പണിയും മുടങ്ങി കിടക്കുകയാണ്. മരണ വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് തെറ്റിവിളയിലെ വീട്ടിലെത്തിയത്.