ദുബായ്: ജോർദാനിൽ ഇറാന്റെ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ അതിശക്തമായി തിരിച്ചടിച്ച് യുഎസ് സേന. ഇറാന്റെ റവലൂഷണറി ഗാർഡുകളെയും അമേരിക്ക ലക്ഷ്യമിട്ടു.
ആദ്യമായാണ് റവലൂഷണറി ഗാർഡുകളെ യുഎസ് സേന പ്രത്യേകം ലക്ഷ്യമിട്ടത്. ഇറാനിൽ പാലങ്ങളും വൈദ്യതിനിലയങ്ങളും ഉൾപ്പെടെ അമേരിക്കൻ സേനയുടെ ആക്രമണത്തിനിരയായി. യുദ്ധവിമാനങ്ങളും ടോമഹാക്ക് ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ യുഎസ് സേന പുറത്തുവിട്ടു. പർവതമേഖലയിലുള്ള റവലൂഷണറി ഗാർഡ് താവളമാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്റെ തീര നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവയും വ്യോമ പ്രതിരോധ സംവിധാനവും യുഎസ് സേന ആക്രമിച്ചു. ദാർഖോവിൻ നഗരത്തിൽ നിർമാണത്തിലിരുന്ന ആണവോർജ നിലയത്തിനു നേർക്കും ഖെഷം ദ്വീപിലും ആക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷം.
കുവൈറ്റിലെ ഊർജ, ജലശുദ്ധീകരണ പ്ലാന്റുകളിൽ കനത്ത ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കുവൈറ്റിൽ വൈദ്യുതി, ജല പ്ലാന്റുകൾ ആക്രമിക്കപ്പെട്ടത്. കുവൈറ്റിൽ ജനജീവിതം ദുഃസഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ രാവിലെയും കുവൈറ്റിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തു. ബഹ്റിനു നേർക്കും ആക്രമണമുണ്ടായി.
ജോർദാനിലേക്കും ഇന്നലെ ഇറാൻ മിസൈൽ വർഷിച്ചു. ജോർദാനിലേക്കുള്ള ആക്രമണത്തിനു പിന്നാലെ ഇറാന് ഇസ്രയേൽ മുന്നറിയിപ്പ് നല്കി. ജോർദാനിയൻ തുറമുഖ നഗരമായ അഖാബ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇസ്രയേൽ അതിർത്തിയോടു ചേർന്നാണ് അഖാബ സ്ഥിതി ചെയ്യുന്നത്. ജോർദാനിലെ യുഎസ് താവളത്തിനു നേർക്കായിരുന്നു വെള്ളിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയത്.
രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. നാലു പേർക്കു പരിക്കേറ്റു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം 16 യുഎസ് സൈനികരാണു കൊല്ലപ്പെട്ടത്. 430 പേർക്കു പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ തങ്ങളുടെ രാജ്യത്ത് 50 പേർ കൊല്ലപ്പെട്ടെന്നും 517 പേർക്ക് പരിക്കേറ്റെന്നും ഇറേനിയൻ അധികൃതർ അറിയിച്ചു.