കോട്ടയം: പതിനാറാം നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് നാളെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ നടക്കും. ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നി നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആകെയുള്ള 15,05,985 വോട്ടര്‍മാരില്‍ 7,72,587 സ്ത്രീകളും 7,33,385 പുരുഷന്മാരും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 13 പേരും ഉള്‍പ്പെടുന്നു.
പിങ്ക് ബൂത്തുകള്‍
എല്ലാ നിയോജക മണ്ഡലത്തിലും ഒന്നുവീതം പിങ്ക് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവരും സുരക്ഷാ ചുമതലയുള്ളവരും ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് താമസത്തിനുള്പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.
പിങ്ക് ബൂത്തുകള്‍: പാലാ - സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പാലാ (156), കടുത്തുരുത്തി - സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുര്യനാട് (108), വൈക്കം - സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വൈക്കം (95), ഏറ്റുമാനൂര്‍ - ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റുമാനൂര്‍ (67), കോട്ടയം - സാന്തോം സ്കൂള്‍, വടവാതൂര്‍ (54), പുതുപ്പള്ളി - ഗവൺമെന്റ് ടിഎച്ച്എസ്, വെള്ളൂര്‍ (100), ചങ്ങനാശേരി - സെന്റ് മേരീസ് എല്‍പി സ്കൂള്‍, വെരൂര്‍ (51), കാഞ്ഞിരപ്പള്ളി - സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, കാഞ്ഞിരപ്പള്ളി (28), പൂഞ്ഞാര്‍ - മ്യൂസിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നടയ്ക്കല്‍, ഈരാറ്റുപേട്ട (11).