ബർലിൻ: യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള അതിരുകളില്ലാത്ത സ്വതന്ത്ര സഞ്ചാര സംവിധാനമായ ’ഷെങ്കൻ’ (Schengen) ഉടമ്പടിയെ വീണ്ടും ആശങ്കയിലാക്കി, തങ്ങളുടെ ഒൻപത് കര അതിർത്തികളിലെയും കർശന പരിശോധനകൾ നീട്ടാൻ ജർമനി തീരുമാനിച്ചു. 2027 മാർച്ച് പകുതി വരെ അതിർത്തി നിയന്ത്രണങ്ങൾ തുടരുമെന്ന് ഫെഡറൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ഇതുസംബന്ധിച്ച അറിയിപ്പ് യൂറോപ്യൻ കമ്മീഷന് കൈമാറിയിട്ടുണ്ട്.
യൂറോപ്യൻ കമ്മീഷന്റെ ഭാഗത്തുനിന്ന് പ്രത്യേക എതിർപ്പുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ നിലവിലെ പരിശോധനകൾ തടസമില്ലാതെ അടുത്ത വർഷം ആദ്യപാദം വരെ തുടരും. ഇതോടെ ജർമനിയിലേക്കും അയൽരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന സാധാരണക്കാർക്കും പ്രവാസികൾക്കും അതിർത്തിയിലെ പരിശോധനകൾ തുടർന്നും നേരിടേണ്ടി വരും.
ഷെങ്കൻ നിയമങ്ങൾക്ക് വിരുദ്ധമോ?
അതിർത്തികളില്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള ഷെങ്കൻ മേഖലയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ജർമനിയുടെ ഈ നടപടിയെന്നാണ് യൂറോപ്യൻ തലത്തിൽ ഉയരുന്ന പ്രധാന വിമർശനം. അനധികൃത കുടിയേറ്റവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 2024 സെപ്റ്റംബർ 16ന് മുൻ ആഭ്യന്തര മന്ത്രി നാൻസി ഫേസറാണ് ഒൻപത് അതിർത്തികളിലും പരിശോധന ആരംഭിച്ചത്. അതിനുശേഷം മൂന്ന് തവണയാണ് ഈ നിയന്ത്രണങ്ങൾ നീട്ടിയത്.
അതിർത്തി നിയന്ത്രണങ്ങൾ ക്രമേണ പിൻവലിക്കണമെന്ന് യൂറോപ്യൻ കമ്മീഷനും ലക്സംബർഗ് അടക്കമുള്ള അയൽരാജ്യങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയന്റെ പുതിയ മൈഗ്രേഷൻ അഭയാർഥി ഉടമ്പടിയും, എക്സ്റ്റേണൽ അതിർത്തികളിലെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളും, ഡിജിറ്റൽ എൻട്രി/എക്സിറ്റ് സംവിധാനങ്ങളും (EES) നിലവിൽ വന്ന സാഹചര്യത്തിൽ ആഭ്യന്തര അതിർത്തി നിയന്ത്രണങ്ങൾ അനാവശ്യമാണെന്നാണ് ഇവരുടെ വാദം.
സെവൂട്ട സംഭവം ചൂണ്ടിക്കാട്ടി ജർമനി
എന്നാൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ അതിർത്തി പരിശോധന അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ്. മൊറോക്കോയിൽ നിന്ന് വടക്കേ ആഫ്രിക്കൻ തീരത്തുള്ള സ്പാനിഷ് എൻക്ലേവായ സെവൂട്ടയിലേക്ക് (Ceuta) പതിനായിരക്കണക്കിന് ആളുകൾ അതിർത്തി കടക്കാൻ ശ്രമിച്ച സംഭവമാണ് ജർമ്മനി പ്രധാനമായും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, രാഷ്ട്രീയ നേട്ടങ്ങൾക്കും വലതുപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുമാണ് ഇത്തരം കർശന നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതെന്ന ആക്ഷേപവുമായി പ്രോ അസൈൽ(Pro Asyl)അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.