ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റവും രാജ്യത്തെ ജനസംഖ്യാ ഘടന അട്ടിമറിക്കാനുള്ള ഗൂഢാലോചനയും തടയുന്നതിനായി അടുത്ത വർഷത്തോടെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്മാർട്ട് ബോർഡർ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുമായി പങ്കിടുന്ന 6000 കിലോമീറ്റർ നീളമുള്ള അതിർത്തിപാതകൾ പൂർണമായി സുരക്ഷിതമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂഡൽഹിയിൽ ബിഎസ്എഫ് സംഘടിപ്പിച്ച പരിപാടയിൽ സംസാരിക്കവേയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്ക് കടന്നുകയറിയ ഓരോ അനധികൃത കുടിയേറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്ന സർക്കാരിന്റെ ശക്തമായ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അതിർത്തിക്കപ്പുറത്തുനിന്നും ഇന്ത്യയിലെ ജനസംഖ്യാ ഘടനയിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്താനുള്ള യാതൊരു ശ്രമവും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫ് രൂപവത്കരണത്തിന്റെ 60-ാം വാർഷികത്തിൽത്തന്നെ സ്മാർട്ട് ബോർഡർ പദ്ധതിക്ക് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉന്നതാധികാര ഡെമോഗ്രഫി മിഷൻ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സ്മാർട്ട് ബോർഡർ പദ്ധതി?
ഡ്രോണുകൾ, റഡാറുകൾ, സ്മാർട്ട് കാമറകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്മാർട്ട് ബോർഡർ ഗ്രീഡ് സ്ഥാപിക്കുന്നത്. സുരക്ഷാ മുൻഗണനകളിൽ ഏറ്റവും നിർണായകമായ പാക്, ബംഗ്ലാദേശ് അതിർത്തികളിൽ പരമ്പരാഗത രീതിയിലുള്ള സുരക്ഷകൊണ്ടു മാത്രം കാര്യമില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ, ഒരു വർഷത്തിനുള്ളിൽ ഈ മേഖലകളിൽ ശക്തമായ സുരക്ഷാവലയം തീർക്കുമെന്ന് വ്യക്തമാക്കി.