കോൽക്കത്ത: ബിജെപി നേതാവിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് ലോക്സഭാ എംപി സാവോനി ഘോഷ്.
ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലുള്ള സിക്കന്ദരാബാദിലെ ബിജെപി മുനിസിപ്പൽ ചെയർമാൻ പ്രദീപ് ദീക്ഷിത്, സാവോനി ഘോഷിന്റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സാവോനി ഘോഷ് കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും ജനങ്ങൾക്ക് വേണ്ടി പാർലമെന്റിലും പുറത്തും ശബ്ദമുയർത്തുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.
സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ ബിജെപി നേതാവിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ശിവലിംഗവുമായി ബന്ധപ്പെട്ട് സാവോനി ഘോഷ് മുൻപ് പങ്കുവച്ച ഒരു പഴയ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഷേധിച്ച്, ഹിന്ദു സംഘടനകൾ സിക്കന്ദരാബാദിൽ നടത്തിയ മാർച്ചിലാണ് ബിജെപി നേതാവ് ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും പ്രദീപ് ദീക്ഷിത് അവകാശപ്പെട്ടു.
താൻ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്ക് നേരെ ഉയർന്നിരിക്കുന്നത് പരസ്യമായ വധഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സാവോനി ഘോഷ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരെ ടാഗ് ചെയ്തുകൊണ്ട്, ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു വനിതാ ജനപ്രതിനിധിക്ക് നേരെ ഇത്തരം ഭീഷണി ഉയരുന്നതാണോ പുതിയ ഭാരതത്തിലെ നാരീശക്തി എന്ന് അവർ എക്സിൽ കുറിച്ചു.
കുറ്റക്കാർക്കെതിരെ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ പോലീസ് കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.