അമരാവതി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) കീഴടക്കി ആന്ധ്രാപ്രദേശ് പോലീസ് സബ് ഇൻസ്പെക്ടർ വി. വെങ്കടേശ്വര റാവു. ഏലൂരു റൂറൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് ഇദ്ദേഹം.
ശനിയാഴ്ച രാവിലെ 8 മണിയോടെ റഷ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് എൽബ്രസിന്റെ ഉച്ചിയിലെത്തിയ വെങ്കടേശ്വര റാവു, അവിടെ 100 മീറ്റർ നീളമുള്ള കൂറ്റൻ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.
കർമ്മനിരതരായിരിക്കെ ജീവൻ വെടിഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്കായാണ് അദ്ദേഹം തന്റെ ഈ അപൂർവ്വ നേട്ടം സമർപ്പിച്ചത്. കഠിനമായ ശാരീരിക മാനസിക പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഈ ഹിമാലയൻ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.
നേരത്തെയും നിരവധി കൊടുമുടികൾ കീഴടക്കിയിട്ടുള്ള വെങ്കടേശ്വര റാവുവിന്റെ അടുത്ത ലക്ഷ്യം ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കുക എന്നതാണ്.