ടൊറന്റോ: പടിഞ്ഞാറന്‍ കാനഡയില്‍ കരടികളുടെ ആക്രമണത്തില്‍ അമ്മയും മകളും കൊല്ലപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയിലെ ബെല്ല കൂളയ്ക്കു സമീപം താമസിക്കുന്ന 48കാരിയായ ജെന്നി ബാല്കാറാസും 20കാരിയായ മകള്‍ സെലാ റീഡുമാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീടിനു സമീപം നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പെണ് കരടിയെയും അതിന്റെ മൂന്ന് കുഞ്ഞുങ്ങളെയും വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി സഹോദരിക്കു പതിവ് ഫോണ്‍ കോള്‍ വരാതിരുന്നതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നടപ്പാതയില്നിന്നു 150 മീറ്റര്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍. തുടര്‍ന്നു നടത്തിയ ഡിഎന്‍എ പരിശോധനയിൽ ഒരു പെണ് കരടിയും അതിന്റെ മൂന്ന് കുഞ്ഞുങ്ങളുമാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നാല് കരടികളെയും ഉദ്യോഗസ്ഥര്‍ കൊന്നൊടുക്കിയത്.
കഴിഞ്ഞ നവംബറിലും ഇതേ പ്രദേശത്തു കരടിയുടെ ആക്രമണം നടന്നിരുന്നു. അന്ന് സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പടെ 20 പേര് അടങ്ങിയ സംഘത്തിനുനേരേയായിരുന്നു കരടിയുടെ ആക്രമണം.