ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകുന്ന ഇലക്ട്രിക് സ്കൂട്ടർ സേവനങ്ങൾ 2027 മുതൽ പൂർണമായും നിരോധിക്കാൻ തീരുമാനിച്ചു. അപകടങ്ങൾ വർദ്ധിച്ചതും പൊതുസ്ഥലങ്ങളിലെ സുരക്ഷാപ്രശ്നങ്ങളും മുൻനിർത്തിയാണ് നഗരസഭയുടെ ഈ നിർണായക നീക്കം. നിലവിൽ സർവീസ് നടത്തുന്ന ബോൾട്ട്, ഡോട്ട് എന്നീ കമ്പനികളുടെ ലൈസൻസ് കാലാവധി 2026 അവസാനത്തോടെ തീരുന്നതോടെ പുതുക്കി നല്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തകാലത്തായി ഇ-സ്കൂട്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ൽ മാത്രം ഇസ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 666 പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തോളം കൂടുതലാണ്. കഴിഞ്ഞ വർഷം നഗരത്തിലുണ്ടായ ആക്രമണങ്ങളിലും വെടിവെയ്പ്പുകളിലും കുറ്റവാളികൾ വാടക ഇസ്കൂട്ടറുകൾ ഉപയോഗിച്ച് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഉപയോഗത്തിന് ശേഷം ആളുകൾ സ്കൂട്ടറുകൾ തോന്നിയതുപോലെ വഴിയിൽ ഉപേക്ഷിച്ചു പോകുന്നത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തിരക്കേറിയ കാൽനടപ്പാതകളിലൂടെയുള്ള അശ്രദ്ധമായ സ്കൂട്ടർ ഓടിക്കൽ ജനങ്ങൾക്കിടയിൽ വ്യാപകമായ പരാതികൾക്ക് കാരണമായിട്ടുണ്ട്. ഈ നിരോധനം കമ്പനികൾ വാടകയ്ക്ക് നൽകുന്ന ഷെയേർഡ് ഇസ്കൂട്ടറുകൾക്ക് മാത്രമാണ് ബാധകം.
സ്വന്തമായി ഇസ്കൂട്ടറുകൾ ഉള്ള നഗരവാസികൾക്ക് അവ തുടർന്നും ഉപയോഗിക്കാം. കൂടാതെ, 2028ന് ശേഷവും നഗരത്തിലെ സൈക്കിൾ പാതകളുടെ വികസനത്തിനായി കൂടുതൽ നിക്ഷേപം നടത്താൻ ബ്രസൽസ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.
ഇസ്കൂട്ടറുകൾക്കെതിരെ നടപടിയെടുക്കുന്ന ആദ്യ യൂറോപ്യൻ നഗരമല്ല ബ്രസ്ൽസ്. പാരീസ് നേരത്തെ തന്നെ വാടക ഇസ്കൂട്ടറുകൾ പൂർണമായി നിരോധിച്ചിരുന്നു. മാഡ്രിഡ്, പ്രാഗ് എന്നീ നഗരങ്ങളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ, പൊതുജന സുരക്ഷ മുൻനിർത്തി ഷെയേർഡ് ഇസ്കൂട്ടറുകളുടെ യുഗത്തിന് ബ്രസൽസ് വിരാമമിടുകയാണ്.