കോട്ടയം: കഴിഞ്ഞ പതിനാലു മാസമായി കെട്ടിടനിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍നിന്നു വിരമിച്ച അംഗങ്ങള്‍ക്കു പെന്ഷന് ആനുകൂല്യം ലഭിക്കുന്നില്ലെന്നു വിരമിച്ച തൊഴിലാളികള്‍. ഇവര്‍ ഓരോ മാസവും അടയ്ക്കുന്ന അംശാദായം വിരമിക്കല്‍ പ്രായമായ 60 വയസിനു ശേഷം തിരികെ ലഭിക്കേണ്ടതാണ്. എന്നാല്‍ 2024നുശേഷം കെട്ടിടനിര്‍മാണ മേഖലയില്‍നിന്ന് വിരമിച്ചവര്‍ക്ക് അവര്‍ അടയ്ക്കുന്ന തുക തിരികെ ലഭിക്കുന്നില്ല. കെട്ടിടനിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികള്‍ അടച്ചതുക സര്‍ക്കാര്‍ വകമാറ്റിയെന്നും അതിനാല്‍ ക്ഷേമബോര്‍ഡില്‍ ഫണ്ടില്ലെന്നുമാണു പറയുന്നത്.
ബോര്‍ഡിന്റെ ചെയര്മാന് സര്‍ക്കാര്‍ പ്രതിനിധിയായതിനാല്ത്തന്നെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ചു പ്രവര്ത്തിക്കേണ്ടിവരുന്നുവെന്നു തൊഴിലാളികള്‍ പറയുന്നു. നവകേരള സദസ്, ലോക കേരളസഭ തുടങ്ങിയ പരിപാടികള്‍ക്ക് കെട്ടിടനിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍നിന്നു പണം ചെലവഴിച്ചതായി ഇവര്‍ ആക്ഷേപിക്കുന്നു. തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധിബോര്‍ഡില്‍ ഇപ്പോള്‍ പണമില്ലാത്തതിനാല്‍ വിരമിക്കുമ്പോള്‍ ലഭിക്കേണ്ട പെന്‍ഷനും അംശാദായമായി അടച്ച തുകയും തിരികെ നല്കാന് സാധിക്കുന്നില്ലെന്നു യൂണിയന് നേതാക്കളും പറയുന്നു.
സാമൂഹ്യക്ഷേമ പെന്ഷന് കൊടുക്കുന്ന സര്‍ക്കാര്‍, പെന്ഷന് വിഹിതം അടച്ചുപോരുന്ന കെട്ടിടനിര്‍മാണ തൊഴിലാളികളെ അവഗണിക്കുകയാണെന്നും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ക്കുന്നു. കെട്ടിടനിര്‍മാണ ബോര്‍ഡിന് സര്‍ക്കാര്‍ ഗ്രാന്റായി പണം നല്കി പ്രശ്നം പരിഹരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.