കൊച്ചി: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം വടിവാൾ ആക്രമണത്തിൽ കലാശിച്ചു. വൈറ്റില ഹബ്ബിൽ വച്ചുണ്ടായ സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും വെട്ടേറ്റു. തൃപ്പൂണിത്തുറ - ആലുവ റൂട്ടിൽ ഓടുന്ന അതുല്യ ബസിലെയും ചേർത്തല - കല്ലൂർ റൂട്ടിലോടുന്ന സുൽത്താൻ ബസിലെയും ജീവനക്കാരാണ് ഏറ്റുമുട്ടിയത്.
ബസുകൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയും സർവീസ് സമയക്രമത്തെ ചൊല്ലിയും ഇരുവിഭാഗവും തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വൈറ്റില ഹബ്ബിൽ ബസുകൾ എത്തിയതോടെ തർക്കം മൂർച്ഛിക്കുകയും അതുല്യ ബസിലെ ജീവനക്കാരൻ വടിവാളുമായി സുൽത്താൻ ബസിലെ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഡ്രൈവർ മുഹമ്മദ് മുക്താറിനും കണ്ടക്ടർ അൽത്താഫിനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മരട് പോലീസ് കേസെടുത്തു.