ചാത്തന്നൂർ: കെഎസ്ആർടി സി-സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടം തടയാൻ നടപടികളുമായി സർക്കാർ . ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ നിർബന്ധിത ഇടവേള, ജിപിഎസ് നിരീക്ഷണത്തിലുള്ള സമയക്രമം, തുടങ്ങിയവ നവംബർ ഒന്നുമുതൽ നടപ്പാക്കാനാണ് നീക്കം.
മത്സരയോട്ടവും അപകടകരമായ ഡ്രൈവിംഗും തടയാൻ ജിപിഎസ് അധിഷ്ഠിത സമയനിയന്ത്രണം നഗരറൂട്ടുകളിൽ 5 മിനിറ്റും ഗ്രാമീണ പാതകളിൽ 10 മിനിറ്റും കുറഞ്ഞ ഇടവേള നിർബന്ധമാക്കും. ജിപിഎസ് മുഖേന നിരീക്ഷിക്കുന്ന നിർബന്ധിത സമയ ഇടവേളകൾ നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു. നവംബർ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും.
കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് ഉൾപ്പെടുത്തുന്നതിനായി സ്വകാര്യ ബസ് ഉടമകളിൽ നിന്നും കെ എസ്ആ ർ ടി.സിയിൽ നിന്നും റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റികൾ ട്രിപ്പ് ഷെഡ്യൂളുകൾ ശേഖരിച്ചു തുടങ്ങി. പുതിയ സംവിധാനമനുസരിച്ച് ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ കർശനമായ സമയഇടവേള പാലിക്കേണ്ടതുണ്ട്.
യാത്രക്കാരെ കയറ്റുന്നതിനായുള്ള ബസുകളുടെ മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.ജിപിഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പുകൾ വഴിയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുമാണ് തത്സമയ ലൊക്കേഷനുകളും സമയക്രമവും നിരീക്ഷിക്കുക. നിലവിൽ സംസ്ഥാനത്ത് ഏകദേശം 7,000 സ്വകാര്യ ബസുകളും 4,468 കെഎസ്ആർടിസി ബസുകളുമാണ് സർവീസ് നടത്തുന്നത്. റോഡ് സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നതിനാലാണ് കെഎസ്ആർടിസി ബസുകളെയും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.