ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്. പരേവതർ സ്വദേശി സാബിർ (54), ഗോമതി നഗർ സ്വദേശി സുരേഷ് കുമാർ (43) എന്നിവരാണ് മരിച്ചത്.
ലക്നോവിൽ നിന്നും ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വിവരം അറിഞ്ഞയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ബസിനുള്ളിൽ കുടുങ്ങി കിടന്ന യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. സാബിറും സുരേഷും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേരും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാൾ നിലവിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ലോറി ഡ്രൈവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.