National
കോൽക്കത്ത: പശ്ചിമബംഗാളിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇന്നു മുതൽ പണം നൽകേണ്ടതില്ല.
ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും.
ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
Kerala
തൂക്കുപാലം: ഇടുക്കി കുഴിത്തൊളുവിൽ സ്കൂൾ ബസുകൾക്കു തീപിടിച്ചു. ദീപ ഹൈസ്കൂളിലെ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്കൂൾ ബസുകൾക്കാണ് തീ പിടിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. എങ്ങനെയാണ് തീ പിടിച്ചതെന്നു വ്യക്തമല്ല.
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേജിനു സമീപം ബസുകൾ പാർക്ക് ചെയ്യാൻ ഷെഡ് നിർമിച്ചിട്ടുണ്ട്. ഈ ഷെഡിനുള്ളിൽ അടുത്തടുത്തു കിടന്ന ബസുകൾക്കാണ് തീപിടിച്ചത്.
ഫയർഫോഴ്സ് എത്തിയ തീയണയ്ക്കുമ്പോഴേക്കും ബസുകൾ ഏതാണ്ട് പൂർണമായി തന്നെ കത്തി നശിച്ച അവസ്ഥയിലാണ്. അതേസമയം, ഷോർട് സർക്യൂട്ട് എന്നാണ് പ്രാഥമീക നിഗമനം. സ്കൂളിൽ വിവിധ അറ്റകുറ്റപണികളുടെ ഭാഗമായി വെൽഡിംഗ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപ്പൊരി വീണതാകാമെന്നും സംശയിക്കുന്നു. എന്തായാലും നിർത്തിയിട്ടിരുന്ന ബസിൽ തീപിടിച്ചത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Business
ചാത്തന്നൂര്‍: കെഎല്‍ 15 എന്ന കെഎസ്ആര്‍ടിസി ബ്രാന്‍ഡ് കുപ്പിവെള്ളം കെഎസ്ആര്‍ടിസി ഡിപ്പോകളിലും ബസുകളിലും വിതരണം തുടങ്ങുന്നു. ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 13 രൂപയാണ് വില. തൊട്ടടുത്ത ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് വിതരണം ആരംഭിക്കും.
ഓരോ ഡിപ്പോകള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ ഓര്‍ഡര്‍ യൂണിറ്റ് മേധാവികള്‍ ചീഫ് ഓഫീസിലേക്ക് അയയ്ക്കാന്‍ സിഎംഡി ഇന്നലെ നിര്‍ദേശം നല്കി.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനു ( കെഐഐഡിസി ) യുമായി സഹകരിച്ചാണ് കുപ്പിവെള്ളം വില്പന. കെഐഐഡിസിയുമായി കെഎസ്ആര്‍ടിസി കരാറിലെത്തിയതോടെയാണ് ഡിപ്പോകളിലും ബസുകളിലും കുടിവെള്ള വില്പനയ്ക്ക് വേഗത വര്‍ധിച്ചത്.
കടുത്ത വേനല്‍ ചൂടായതിനാല്‍ വെള്ളം നന്നായി കച്ചവടം നടക്കുമെന്നാണ് കണക്കു കൂട്ടല്‍. കുറച്ചു നാള് മുമ്പു തന്നെ ഈ ആശയം കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കെഐഐഡിസിയുമായി കരാറിലെത്തിയത്. കെഐഐഡിസിയുടെ ഹില്ലി അക്വാ എന്ന ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കെഎസ്ആര്‍ടിസി കെ എല്‍-15 എന്ന ബ്രാന്‍ഡില്‍ വിതരണം ചെയ്യുന്നത്.
ടിക്കറ്റിതര വരുമാനം നേടുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് കുപ്പിവെള്ള കച്ചവടം. എല്ലാ ഡിപ്പോകളിലും വൃത്തിയുള്ളതും സുരക്ഷിതവുമായ സ്ഥലം ഇതിനായി അനുവദിക്കണം. വെള്ളം വാങ്ങാനെത്തുന്ന മറ്റുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമൊരുക്കണം.
ബസുകളില്‍ വെള്ളം വില്പന നടത്തുന്ന കണ്ടക്ടര്‍ക്ക് രണ്ടു രൂപയും ഡ്രൈവര്‍ക്ക് ഒരു രൂപയും വില്‍ക്കുന്ന ഓരോ കുപ്പിവെള്ളത്തിനും ഇന്‍സെന്റീവായി ലഭിക്കും. ബസ് യാത്രക്കാര്‍ക്കും ബസില്‍ തന്നെ കുടിവെള്ളം കിട്ടുന്നത് ആശ്വാസവും സൗകര്യപ്രദവുമാണ്.
Kerala
തൃശൂര്‍: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.
മനോജ് ആണ് മരിച്ചത്.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നു.
മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്കുകളും പെട്ടന്ന് നിര്‍ത്തിയിരുന്നു. ഈ സമയം പിന്നില്‍ അമിത വേഗതയിലെത്തിയ ബസ് ബൈക്കുകളില്‍ വന്നിടിച്ചാണ് അപകടം.
ഇരു ബസുകളുടെയും ഇടയില്‍ ബൈക്കുകള്‍ പെടുകയായിരുന്നു. അപകടം നടന്നയുടനെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തുവെങ്കിലും മനോജ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
NRI
ബെർലിൻ: വെള്ളിയാഴ്ച ജർമനിയിൽ ബസ്, ട്രെയിൻ, ട്രാം ജീവനക്കാർ പണിമുടക്കും. ശമ്പളവും തൊഴിൽ വ്യവസ്ഥകളും സംബന്ധിച്ച ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാൽ ജർമനിയിലുടനീളമുള്ള പൊതുഗതാഗത തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ 48 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് യൂണിയൻ അറിയിച്ചു.
ഏകദേശം 1,00,000 തൊഴിലാളികളുടെ പേരിൽ ചർച്ച നടത്തുന്ന വെർഡി യൂണിയൻ, വാർഷിക ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാത്തതിനെ തുടർന്ന് പ്രാദേശിക അധികാരികളിൽ സമ്മർദം വർധിപ്പിക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കി.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ജർമനിയിലെ മിക്ക പട്ടണങ്ങളിലും നഗരങ്ങളിലും നടക്കുന്ന വ്യാവസായിക സമരം പ്രാദേശിക ബസുകൾ, ട്രാമുകൾ, ട്രെയിനുകൾ എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ദേശീയ റെയിൽവേ സേവനങ്ങൾ പതിവുപോലെ പ്രവർത്തിച്ചേക്കും.
അതായത് പൊതുഗതാഗത യാത്രക്കാർക്ക് ഇപ്പോഴും എസ്-ബാൻ ലൈനുകളും ദീർഘദൂര (എെസിഇ, ഐസി, ഇസി), പ്രാദേശിക (ആർഇ, ആർബി) ട്രെയിനുകളും ഉപയോഗിക്കാൻ കഴിയും. ഈ മാസം തുടക്കത്തിൽ പൊതുഗതാഗതത്തെ സ്തംഭിപ്പിച്ചതിന് ശേഷം, ആഴ്ചകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ വ്യാപക പണിമുടക്കാണിത്.
മുൻ പണിമുടക്ക് രാജ്യത്തുടനീളമുള്ള പല മുനിസിപ്പാലിറ്റികളിലും പൊതുഗതാഗതം ഏതാണ്ട് പൂർണമായും സ്തംഭിപ്പിച്ചിരുന്നു. രാത്രിയിലും വാരാന്ത്യത്തിലും ജോലിക്ക് ഉയർന്ന ബോണസ്, ആഴ്ചതോറുമുള്ള ജോലി സമയം കുറയ്ക്കൽ, കൂടുതൽ വിശ്രമകാലയളവുകൾ എന്നിവയാണ് യൂണിയന്റെ പ്രധാന ആവശ്യങ്ങൾ.
ചില സംസ്ഥാനങ്ങളിൽ ഏകദേശം പത്ത് ശതമാനം ശമ്പളവർധനവും യൂണിയൻ ആവശ്യപ്പെടുന്നു. അതേസമയം, ദേശീയ റെയിൽവേ കമ്പനിയിലെ ട്രെയിൻ ഡ്രൈവർമാർക്കും ഗതാഗത തൊഴിലാളികൾക്കുമായി യൂണിയൻ ഓഫ് ജർമൻ ലോക്കോമോട്ടീവ് ഡ്രൈവേഴ്സ് (ജിഡിഎൽ) നിലവിൽ ചർച്ചകൾ തുടരുകയാണ്.
പൊതുഗതാഗത പണിമുടക്കുകളുടെ സമയത്ത് കൂടുതൽ ആളുകൾ കാറുകളിലേക്ക് മാറുന്നതിനാൽ റോഡ് ഗതാഗതം സാധാരണയായി വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, റൈഡ്-ഹെയിലിംഗ് കമ്പനിയായ ഫ്രീനൗവിന്റെ അഭിപ്രായത്തിൽ രാവിലെ സമയങ്ങളിൽ ടാക്സികളുടെ ആവശ്യത്തിൽ കുത്തനെ വർധനവുണ്ടായി.
അടുത്ത റൗണ്ട് പണിമുടക്കുകൾ വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച്, പ്രദേശത്തെ ആശ്രയിച്ച് ശനിയാഴ്ചയോ ഞായറാഴ്ചയോ രാത്രി വരെ നീണ്ടുനിൽക്കും. ചില ഒഴിവാക്കലുകൾ ഒഴികെ, ജർമനിയിലുടനീളമുള്ള പ്രാദേശിക പൊതുഗതാഗതത്തെ തന്നെയാണ് ഇവ ലക്ഷ്യമിടുന്നത്.
Kerala
കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.
ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.
ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ റൂട്ട് മാറി ഓടിയ സ്വകാര്യ ബസുകളെ റിവേഴ്സ് എടുപ്പിച്ചു നാട്ടുകാരും നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാരും. സ്വകാര്യ ബസുകള്‍ റൂട്ട് മാറ്റി ഓടുന്നതു പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത കുരുക്കാണെന്നു പറഞ്ഞാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു വഴിതിരിച്ചു വിടുന്നത്.
അങ്കമാലി, കാലടി ഭാഗങ്ങളില്‍നിന്നു പെരുമ്പാവൂരിലേക്കു വരുന്ന സ്വകാര്യ ബസുകള്‍ സമയക്കുറവിന്റെ പേര് പറഞ്ഞാണ് എംസി റോഡില്‍ന കവീസ് റെസ്റ്ററന്റിന്റെ മുന്നില്‍ ഇറക്കി വിടുന്നത്.
തുടര്‍ന്നു ഗേള്‍സ് സ്കൂളിനു സമീപത്തു കൂടിയാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൗണ്‍സിലര്‍മാര്‍ ഇടപെട്ടത്.
Kerala
ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിൽ കലാശിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ.
തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരെയാണ് മാന്നാർ പോലീസ് പിടികൂടിയത്. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെയാണ് സെന്റ് ജോർജ് ബസിലെ ഡ്രൈവർ മിഥുൻമോനും കണ്ടക്ടർ ദേവപ്രസാദും ചേർന്ന് മർദിച്ചത്.
മാന്നാർ - മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു ആക്രമണം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോഴാണ് സ്വകാര്യ ബസ് വട്ടം നിർത്തുകയും പ്രതികൾ കെഎസ്ആർടിസി ഡ്രൈവറെ മർദിക്കുകയുമായികരുന്നു.
കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയുണ്ട്. കെഎസ്ആർടിസി ബസിൽ യാത്രക്കാരുളളപ്പോഴായിരുന്നു അതിക്രമം. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജീവനക്കാരെ മർദിച്ചതിനും സ്വകാര്യ ബസ് ജീവനക്കാർക്കെതിരേ കേസെടുത്തത്.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുമെന്ന് മാവേലിക്കര ജോയിന്റ് ആർടിഒ ജി. മനോജ് പറഞ്ഞു.
Kerala
കൊച്ചി: ചെല്ലാനത്ത് ബസ് ഇടിച്ച് എട്ടു വയസുകാരന് മരിച്ച് സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞ് പ്രതിഷേധിച്ചു.
ജനുവരി 30ന് ആയിരുന്നു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസിച്ച് എനോയ് ജൂഡ് എന്ന വിദ്യാര്‍ഥി മരിച്ചത്. എന്നാല്‍ ബസ് ഡ്രൈവറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്വകാര്യ ബസുകള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ച്. തുര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വകാര്യ ബസുകള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 11ന് ഉള്ളില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ബസ് മാത്രമല്ല, ഒരു വാഹനങ്ങളും കടത്തിവിടാന്‍ സമ്മതിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നിലവില്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.
അതേസമയം, മരിച്ച എനോയ് ജൂഡിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആയിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് ഷിയാസ് എനോയ് ജൂഡിന്റെ വീട് സന്ദര്‍ശിക്കുകയും നീതി ലഭിക്കുന്നതു വരെ കൂടെയുണ്ടാവുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
Kerala
മലപ്പുറം: കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിൽ ബസുകള്‍ക്ക് തീപിടിച്ചു. നാല് ബസുകള്‍ കത്തി നശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ടീം ആയ ഭദ്രയുടെ ബസുകള്‍ക്കാണ് തീപിടിച്ചത്.
വൈകിട്ട് മൂന്നോടെയാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഇവ ഉപയോഗിച്ചിരുന്ന ബസുകളല്ല.
തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ നിന്നുള്ള അഗ്നശമന സേന എത്തിയാണ് തീ അണച്ചത്.
Kerala
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി തീർന്ന ബസുകൾ പുതുക്കിപണുത് കേരളത്തിൽ സർവീസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഇരുന്നൂറോളം ബസുകൾ ഷെഡിൽ കയറ്റിയിടേണ്ട അവസ്ഥയാണ്.
ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 വർഷമാണ്. ബസുകൾ മാറ്റാറാകുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റി സർവീസ് നടത്തിയിരുന്നു.
ഇതിനാണിപ്പോൾ ഗതാഗതവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ബസ് വാങ്ങാൻ 50 ലക്ഷത്തോളം രൂപ ചെലവ് വരുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ കാലാവധി തീർന്ന ബസുകൾ 10 ലക്ഷം രൂപ മുതൽ ലഭിക്കും. പഴഞ്ചൻ വാഹനങ്ങളുടെ ഇടമായി കേരളം മാറാതിരിക്കാനാണ് കടുത്ത തീരുമാനമെടുത്തതെന്ന് അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ഡ്രൈവർക്കും എട്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ്
അപകടമുണ്ടായത്.
നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്കും പോയ കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Kerala
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരിക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിൽ തീർഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പനമ്പയിലേയും നിലയ്ക്കലിലേയും ആശുപത്രികളിലേയ്ക്കും മാറ്റി. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ ഒമ്പത് പേരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാക്കിയുള്ളവരെയാണ് പമ്പയിലും നിലയ്ക്കലിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.