ബംഗളൂരു: റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനായിരുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം ഇന്ത്യൻ വ്യവസായ ലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. വർഷങ്ങളായി കെട്ടിട നിർമാണ രംഗത്തും റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്ന പേരാണ് സി.ജെ.റോയ്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ വ്യവസായങ്ങളിൽ ഭൂരിഭാഗമെങ്കിലും ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും കോൺഫിഡന്റ് ഗ്രൂപ്പ് സജീവമായി രംഗത്തുണ്ടായിരുന്നു. വർഷങ്ങളായി ഫ്ലാറ്റ് നിർമാണ രംഗത്ത് പ്രവർത്തിച്ച് ആളുകളുടെ വിശ്വാസവും കോൺഫിഡന്റ് ഗ്രൂപ്പ് ആർജിച്ചിരുന്നു.
റോയിയുടെ മരണത്തിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇത്തരം രീതികൾക്കെതിരേയും വ്യവസായ ലോകത്ത് അതൃപ്തിയുണ്ട്. എങ്കിലും പരസ്യ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
എറണാകുളം സ്വദേശിയായ റോയിയുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കേരളത്തിലായിരുന്നു. പിന്നീട് സ്വിറ്റ്സർലൻഡിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. എന്റർടെയിൻമെന്റ് മേഖലയിലും സജീവമായിരുന്ന അദ്ദേഹം സിനിമ മേഖലയിലെ പ്രമുഖരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിൽ കാലങ്ങളായി കേന്ദ്ര ഏജൻസികൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. ഇന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും കൂടുതൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. പിന്നാലെയാണ് അദ്ദേഹം സ്വയം നിറയൊഴിച്ച് മരിച്ചത്.