National
കോൽക്കത്ത: നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് വീണ്ടും തിരിച്ചടി. 2007 ഭൂസമര കേസിൽ കടുത്ത നടപടികളിൽനിന്ന് സംരക്ഷണം നൽകിയ കൽക്കട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
പ്രതിക്ക് ഇടക്കാല സംരക്ഷണം നൽകുന്നതിനു ക്രിമിനൽ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് രവീന്ദ്ര വിഠൽറാവു ഘുഗെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. അറസ്റ്റിനു ശേഷം ജാമ്യത്തിനായി ശ്രമിക്കാനും, മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാനും പ്രതിക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
അടുത്ത മാസം 12 വരെ പ്രധാനെതിരേ നടപടിയെടുക്കരുതെന്ന് പൊലിസിനോടു നിർ ദേശിച്ചുകൊണ്ടുള്ള വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
National
കോൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ ഐഎസ്എഫിന് നേരത്തേ അനുവദിച്ചിരുന്ന ‘കവർ’ ചിഹ്നം പുതുതായി രൂപവത്കരിച്ച ഡെമോക്രാറ്റിക് തൃണമൂൽ കോണ്ഗ്രസിന് നൽകിയതിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് കൽക്കട്ട ഹൈക്കോടതി. കമ്മിഷൻ നീതിപൂർവം പ്രവർത്തിക്കണമെന്ന് ജസ്റ്റീസ് കൃഷ്ണ റാവു നിരീക്ഷിച്ചു.
183 സ്വതന്ത്ര തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ലഭ്യമായിരിക്കേ ഐഎസ്എഫ് സ്ഥാനാർഥിയെ നിർത്തുന്ന മണ്ഡലത്തിൽ കവർ ചിഹ്നം മറ്റൊരു പാർട്ടിക്ക് അനുവദിച്ചതിന്റെ കാരണം കോടതി ചോദിച്ചു. ചിഹ്നം മാറ്റിവച്ച് സംരക്ഷിക്കേണ്ടതായിരുന്നുവെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
ചിഹ്നം വീണ്ടും അനുവദിച്ചത് ചോദ്യം ചെയ്ത് ഐഎസ്എഫ് നൽകിയ ഹർജിയിൽ വാദം ഇന്നു നടക്കും. നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ് ഒക്്ടോബർ ആറിനാണ്.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെയും അരുപ് റോയിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾക്ക് പുതിയ പേരുകളിൽ മത്സരിക്കാം.
അരുപ് റോയിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസെന്ന പേരും കവർ (എൻവലപ്പ്) ചിഹ്നവുമാണ് അനുവദിച്ചിരിക്കുന്നത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ഫുട്ബോൾ കളിക്കാരന്റെ ചിഹ്നവും നൽകി
ബംഗാൾ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഇരുവിഭാഗങ്ങളെയും അംഗീകൃത രാഷ്ട്രീയ പാർട്ടികളായി പരിഗണിക്കുമെന്ന് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. പാർട്ടി പിളർപ്പിനെ തുടർന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പുല്ലും പൂക്കളും എന്ന ചിഹ്നവും മരവിപ്പിച്ചുകൊണ്ട് കമ്മീഷൻ വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചുകൊണ്ടുള്ള നടപടി. നന്ദിഗ്രാം, രെജിനഗർ എന്നീ മണ്ഡലങ്ങളിലും അസമിലെ നാവ്ഗാം മണ്ഡലത്തിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇരുവിഭാഗങ്ങളും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിന്റെ പേരോ ചിഹ്നമോ ഉപയോഗിക്കാൻ ഇരുവിഭാഗങ്ങൾക്കും അനുവാദമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ബംഗാളിലെ മണ്ഡലങ്ങളിൽ പത്രികാ പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം അടിയന്തരമായി പരിഗണിച്ച് ഉത്തരവിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചിരുന്നു. തുടർന്ന് ഭവാനിപൂർ സീറ്റ് നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
National
കോൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ചന്ദ്രനാഥ് രഥിന്റെ അമ്മ ഹൻസിറാണി രഥാണ് സ്ഥാനാർഥി. നാലു മാസം മുമ്പ് നടന്ന ആക്രമണത്തിൽ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപൂർ, നന്ദിഗ്രാം സീറ്റുകളിൽ മത്സരിച്ച സുവേന്ദു അധികാരി രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. തുടർന്ന് നന്ദിഗ്രാം സീറ്റ് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ചന്ദ്രനാഥ് കൊല്ലപ്പെട്ടത്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ വെച്ച് ചന്ദ്രനാഥ് രഥിനെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചിട്ടുള്ള ഹൻസിറാണി രഥ് ബിജെപിയുടെ സജീവ പ്രവർത്തകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവുള്ള നിയമസഭാ സീറ്റുകളിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരുന്നതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
1967ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇതോടെ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വൈകും.
തിരുനെൽവേലി സ്വദേശിയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഈ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. കമ്മീഷന്റെ നിലപാടോടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി ഭരണകക്ഷിയായ ടിവികെ ഇനിയും കാത്തിരിക്കേണ്ടിവരും.
ഈ മണ്ഡലങ്ങളിൽ വിജയിച്ച് നിയമസഭയിൽ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാനാണ് ടിവികെയുടെ ശ്രമം. അതേസമയം ഹർജി സെപ്റ്റംബർ എട്ടിന് മദ്രാസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: ബാങ്കിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രശാന്ത് കിഷോർ. ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും അസംതൃപ്തരായ ബിജെപി പ്രവർത്തകരുടെയും ജെൻസി പ്രക്ഷോഭകരുടെയും വലിയ പങ്കാളിത്തമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ജൻ സുരാജ് പാർട്ടി അധ്യക്ഷനായ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നീരജ് കുമാറിനെ 19,324 വോട്ടുകൾക്കാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്. കാലങ്ങളായി ബിജെപി മാത്രം ജയിച്ചുപോന്നിരുന്ന ഉറച്ച കോട്ടയാണ് പ്രശാന്ത് കിഷോർ അട്ടിമറിച്ചത്.
ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കെതിരെയുള്ള ജനങ്ങളുടെ ശക്തമായ വിധിയെഴുത്താണിത്. ബിജെപി ഭരണത്തിൽ എതിർപ്പുള്ളവരും കോൺഗ്രസ്, ആർജെഡി അനുഭാവികളും തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജെൻ സി പ്രക്ഷോഭവും വിജയത്തിന് കരുത്തുപകർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബാങ്കിപുർ ഉൾപ്പെടെയുള്ള മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ജനവിധി പൂർണമായി മാനിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു. പാർട്ടിയുടെ സിറ്റിംഗ് സീറ്റിൽ തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ പാർട്ടി നേതൃത്വം വിഷയത്തിൽ ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ബാങ്കിപുർ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ എൻഡിഎയിൽ അമർഷം പുകയുന്നു. തോൽവിക്ക് പിന്നാലെ ജെഡിയു നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, രാജ്യസഭാംഗവും ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റുമായ സഞ്ജയ കുമാർ ഝാ എന്നിവരും നിതീഷ് കുമാറിനൊപ്പം ഒപ്പമുണ്ടായിരുന്നു.
ജെഡിയുവിൽ നിന്ന് മുഖ്യമന്ത്രിപദം ബിജെപി ഏറ്റെടുത്ത ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ബാങ്കിപുരിലേത്. ഇവിടെയുണ്ടായ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയതിൽ ജനങ്ങൾ രോഷാകുലരാണെന്നും ഈ ജനരോഷമാണ് ബാങ്കിപുർ തോൽവിക്ക് കാരണമെന്നും ജെഡിയു എംഎൽഎയായ അനന്ത് സിംഗ് വ്യക്തമാക്കി.
തോൽവിയെക്കുറിച്ച് പാർട്ടി ഗൗരവമായി പഠിക്കുമെന്നും താഴേത്തട്ടിലുള്ള പ്രവർത്തകരുമായി ആലോചിച്ച് ആവശ്യമായ തിരുത്തൽ നടപടികളെടുക്കുമെന്നും മുതിർന്ന ജെഡിയു നേതാവ് ശ്യാം രജക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം മുന്നണിക്കുള്ളിലെ ചർച്ചകളിൽ ശക്തമായി ഉന്നയിക്കാനാണ് ജെഡിയുവിന്റെ തീരുമാനം.
National
ന്യൂഡൽഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. പാർട്ടിയുടെ ശക്തികേന്ദ്രമായ ബിഹാറിലെ ബങ്കിപ്പുരിലും മധ്യപ്രദേശിലെ ദതിയയിലും ഉണ്ടായ പരാജയം അതീവ ഗൗരവത്തോടെ കാണും.
ഇതിനെക്കുറിച്ച് സമഗ്രമായ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ മഞ്ചൽപുർ മണ്ഡലം നിലനിർത്താൻ സഹായിച്ച വോട്ടർമാർക്കും അവിടത്തെ പ്രവർത്തകർക്കും നിതിൻ നബിൻ നന്ദി അറിയിച്ചു. മൂന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു.
ബങ്കിപ്പുരിലും ദതിയയിലും പാർട്ടിക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ട ജനവിശ്വാസം പൂർണ ആത്മവിശ്വാസത്തോടെയും ഊർജസ്വലതയോടെയും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
National
പാറ്റ്ന: ബിജെപിയുടെ കോട്ട എന്നറിയപ്പെടുന്ന ബങ്കിപുരിൽ പാർട്ടിക്കുണ്ടായ തിരിച്ചടിക്കു പിന്നിൽ വിദ്യാർഥികളുടെയും യുവ വോട്ടർമാരുടെയും രോഷമാണെന്നു വിലയിരുത്തൽ.
തൊഴിലില്ലായ്മ, നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുനേരേ നടന്ന പോലീസ് നടപടികൾ എന്നിവയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയുണ്ടായ കടുത്ത അമർഷമാണ് തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചത്.
മണ്ഡലത്തിലെ 3.79 ലക്ഷം വോട്ടർമാരിൽ 1.25 ലക്ഷം പേർ (മൂന്നിലൊന്ന്) 30 വയസിൽ താഴെയുള്ളവരാണ്. ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ‘ജെൻ സി’ വോട്ടർമാരും സർവകലാശാലാ വിദ്യാർഥികളും കൂട്ടത്തോടെ ജൻ സുരാജ് പാർട്ടിക്ക് വോട്ട് ചെയ്തത് വിജയത്തിൽ നിർണായകമായി.
National
പാറ്റ്ന: കോക്രോച്ച് ജനതാ പാര്ട്ടിയും വിദ്യാര്ഥി ഐക്യവും രാജ്യത്തെ രാഷ്ട്രീയസമവാക്യങ്ങളില് മാറ്റത്തിനു വഴിതെളിച്ചേക്കാമെന്ന നിഗമനങ്ങള്ക്കിടെ ഈ മാസം 30ന് നടക്കുന്ന ബിഹാറിലെ ബങ്കിപ്പൂര് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാകുന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലുള്ള ബിജെപിക്ക് ഇതൊരു അഭിമാന പോരാട്ടമാണെങ്കില് ജന്സുരാജ് പാര്ട്ടി (ജെഎസ്പി) സ്ഥാപകന് പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയസ്വാധീനത്തിന്റെ പരീക്ഷണവുമാണ്. ഇതിനെല്ലാമുപരി ബിഹാറിലെ ‘ജെന് സി’ വോട്ടര്മാരുടെ നിലപാടാണ് ഈ തെരഞ്ഞെടുപ്പില് നിര്ണായകമാകുന്നത്.
ദീര്ഘകാലമായി ബിജെപിയുടെ ഉറച്ച കോട്ടയാണ് ബങ്കിപ്പുര്. പാര്ട്ടി ദേശീയ അധ്യക്ഷന് നിതിന് നബിന് രാജ്യസഭയിലേക്ക് മാറുന്നതിനായി രാജിവച്ചതിനെത്തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ്. പ്രശാന്ത് കിഷോര് നേരിട്ട് മത്സരരംഗത്തേക്ക് ഇറങ്ങിയതോടെ പോരാട്ടം കൂടുതല് ശക്തമായിട്ടുണ്ട്.
യുവ വോട്ടര്മാരുടെ വലിയ സാന്നിധ്യമാണ് പ്രധാന സവിശേഷത. പാറ്റ്ന യൂണിവേഴ്സിറ്റി, എന്ഐടി പാറ്റ്ന, ബിഎന് കോളജ്, സയന്സ് കോളജ്, എഎന് കോളജ്, ചാണക്യ നാഷണല് ലോ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളും നിരവധി കോച്ചിംഗ് സെന്ററുകളും ഹോസ്റ്റലുകളും ബങ്കിപ്പുരിലുണ്ട്.
മണ്ഡലത്തിലെ ആകെ 3.79 ലക്ഷം വോട്ടര്മാരില് ഏകദേശം 1.2 മുതല് 1.35 ലക്ഷം വരെ ആളുകള് (ഏകദേശം മൂന്നിലൊന്ന്) 18-29 പ്രായക്കാരാണ്.
ഡൽഹി പ്രക്ഷോഭത്തിലെ പോലീസ് നടപടി സോഷ്യല് മീഡിയയില് വലിയ ചര്ച്ചയായതോടെ ഇവ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ഇത് വോട്ടാക്കി മാറ്റാന് പ്രശാന്ത് കിഷോര് ഉള്പ്പെടെയുള്ളവര് ശ്രമിക്കുന്നുണ്ടെങ്കിലും പ്രക്ഷോഭങ്ങള് എല്ലായ്പ്പോഴും വോട്ടുകളായി മാറാറില്ലെന്നാണ് ബിഹാറിന്റെ ചരിത്രം.
വികസനനേട്ടങ്ങള്, ശക്തമായ സംഘടനാ സംവിധാനം, പരമ്പരാഗത വോട്ട് ബാങ്ക് എന്നിവ മുന്നിര്ത്തിയാണ് ബിജെപി പ്രചാരണം. വ്യാപാരികള്, ഇടത്തരക്കാര്, ബിജെപിയുടെ സ്ഥിരം അനുഭാവികള് എന്നിവര്ക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലമാണിത്.
NRI
ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധനേടിയ എസെക്സിലെ ക്ലാക്ടൺ പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ റിക്കാർഡ് സ്ഥാനാർഥികൾ.
റിഫോം യുകെ പാർട്ടി നേതാവുമായ നൈജൽ ഫെറാജ് എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ ആകെ 34 സ്ഥാനാർഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.
ആധുനിക ബ്രിട്ടീഷ് പാർലമെന്ററി ചരിത്രത്തിലെ ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും ഉയർന്ന സ്ഥാനാർഥികളുടെ എണ്ണമാണിത്.
തന്റെ വ്യക്തിപരമായ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും സാമ്പത്തിക വെളിപ്പെടുത്തലുകളെക്കുറിച്ചുമുള്ള പാർലമെന്ററി പരിശോധനകളെത്തുടർന്ന് ജൂലൈ ഏഴിനാണ് നൈജൽ ഫെറാജ് എംപി സ്ഥാനം രാജിവച്ചത്.
എന്നാൽ ഒഴിവുവന്ന അതേ സീറ്റിൽ ജനവിധി വീണ്ടും തേടിക്കൊണ്ട് അദ്ദേഹം തന്നെ വീണ്ടും മത്സരരംഗത്തിറങ്ങുകയായിരുന്നു. ഓഗസ്റ്റ് 13നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ടെൻഡ്രിംഗ് ഡിസ്ട്രിക്റ്റ് കൗൺസിൽ പുറത്തുവിട്ട ഔദ്യോഗിക സ്ഥാനാർഥി പട്ടിക പ്രകാരം യുകെയിലെ പ്രധാന പാർലമെന്ററി പാർട്ടികളായ ലേബർ പാർട്ടി, കൺസർവേറ്റീവ് പാർട്ടി, ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി എന്നിവരൊന്നും ഈ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.
പ്രധാന വെസ്റ്റ്മിൻസ്റ്റർ പാർട്ടികളിൽ നിന്നും നൈജൽ ഫെറാജ് മാത്രമാണ് മത്സരരംഗത്തുള്ളത്. പാർട്ടി ചിഹ്നങ്ങളില്ലാതെ മത്സരിക്കുന്ന 20 സ്വതന്ത്ര സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.
ബ്രിട്ടനിൽ ഇതിന് മുൻപ് 2008 ജൂലൈയിൽ ഹാൾട്ടൻപ്രൈസ് ആൻഡ് ഹൗഡൻ ഉപതെരഞ്ഞെടുപ്പിൽ 26 സ്ഥാനാർഥികൾ മത്സരിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
അന്ന് കൺസർവേറ്റീവ് നേതാവ് സർ ഡേവിഡ് ഡേവിസ് രാജിവച്ച് വീണ്ടും മത്സരിച്ചപ്പോഴും പ്രധാന പാർട്ടികൾ വിട്ടുനിന്നിരുന്നു.
ഓഗസ്റ്റ് 13ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി നൈജൽ ഫെറാജിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാകും.
Kerala
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
38 തദ്ദേശ വാർഡുകളിലെ കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകൾക്കായി 385 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും.
കരടു പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്/വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.ker ala.gov.in വെബ്സൈറ്റിലും പരിശോധിക്കാം. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഓഗസ്റ്റ് അഞ്ചു വരെ പേരു ചേർക്കാം. കഴിഞ്ഞ ജനുവരി ഒന്നിനകം 18 വയസ് തികഞ്ഞവർക്കു പേരു ചേർക്കാം. കമ്മീഷന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
രണ്ടു കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്നു ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴു ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.
തെരഞ്ഞെടുത്ത അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ വഴിയുണ്ടായ ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് വോട്ടർപട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്തികഞ്ഞവർക്ക് പേര് ചേർക്കാം. ഓണ്ലൈനായി www.sec.kerala.gov.in
വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതിവരുത്താനും നിയോജക മണ്ഡലം, വാർഡ് എന്നിവയിൽ മാറ്റം വരുത്താനുമുള്ള അപേക്ഷകളും ഓണ്ലൈൻ ആയി നൽകാം. പേര് ഒഴിവാക്കാൻ ഓണ്ലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽവഴിയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലുംവില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4 എയിൽ ഓണ്ലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപട്ടിക തയാറാക്കും. അതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.
കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾഎന്നിവയിലാണ് ഒഴിവ്.
Kerala
ബംഗളൂരു: 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജനങ്ങൾ കോൺഗ്രസ് ഭരണം തുടരാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പിലെ ഫലമെന്ന് ശിവകുമാർ അവകാശപ്പെട്ടു. ബാഗൾക്കോട്ട്, ദേവനാഗെര സൗത്ത് മണ്ഡലങ്ങളിൽ മികച്ച വിജയമാണ് കോൺഗ്രസ് നേടിയതെന്നും ശിവകുമാർ പറഞ്ഞു.
"സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ അത് അംഗീകരിച്ചു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും.'-ശിവകുമാർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. രണ്ട് മണ്ഡലങ്ങളിലും വിജയത്തിനായി എല്ലാവരും പ്രവർത്തിച്ചുവെന്നും ശിവകുമാർ പറഞ്ഞു. ബാഗൽക്കോട്ടിൽ 22332 വോട്ടിനും ദേവനാഗരെയിൽ 5708 വോട്ടിനും ആണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്.
National
ഹൈദരാബാദ്: ബിഹാറിൽ തിരിച്ചടി നേരിട്ട കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പിൽ നേട്ടം. തെലുങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായ നവീൻ യാദവ് 2,995 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.
ബിആർഎസ് സ്ഥാനാർഥി സുനിതയെയും ബിജെപി സ്ഥാനാർഥി ലങ്കാല ദീപക് റെഡ്ഡിയെയുമാണ് നവീൻ പിന്തള്ളിയത്. 58 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ബിആർഎസിന്റെ സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോപിനാഥിന്റെ ഭാര്യയാണ് സുനിത.
അതേസമയം, രാജസ്ഥാനിലെ അന്ത ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രമോദ് ജെയിൻ മുന്നിലാണ്. 5,049 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. സ്വതന്ത്ര സ്ഥാനാർഥി നരേഷ് മീണയും ബിജെപി സ്ഥാനാർഥി മോർപാൽ സുമനുമാണ് പിന്നിൽ.