ചിറ്റൂർ: ഗവ. കോളജിനു സമീപം പുഴപ്പാലത്തിന്റെ സ്ലാബുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു മുന്നോടിയായി വാഹനസഞ്ചാരത്തിനുള്ള ബദൽ റോഡുകളിലെ ഓട്ടയടയ്ക്കൽ തുടങ്ങി.
പാലത്തുള്ളി, പെരുവെമ്പ്, പാറക്കളം റോഡുകളിലെ കുഴികളടച്ചുള്ള ടാറിംഗ് ജോലികൾ ഇന്നലെ തുടങ്ങിയിട്ടുണ്ട്. പാലത്തുള്ളിവഴി അത്തിക്കോട് ഭാഗത്തേക്കും മേട്ടുപ്പാളയം വണ്ടിത്താവളം വഴി അണിക്കോട്ടിലേക്കുമാണ് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്.
പോക്കറ്റ് റോഡുകളിൽ കാർ, ഓട്ടോ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ സുഗമമായി ഓടിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. പുഴപ്പാലത്തിൽ കാൽനടയാത്രക്കായി കൈവരി നിർമാണജോലിയും പുരോഗമിക്കുകയാണ്.
ബദൽ റോഡുകളുടെ സൗകര്യങ്ങൾ സുമേഷ് അച്യുതൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. ഞായറാഴ്ച വൈകുന്നേരത്തോടെ ബൈപാസ് റോഡുകളിലെ സൗകര്യം ഉറപ്പാക്കാനാണ് തീരുമാനം.