ബംഗളൂരു: മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി കർണാടക നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തും. മന്ത്രിസഭയിൽ ഇടംപിടിക്കുന്നിതനും ഉപമുഖ്യമന്ത്രിസ്ഥാനത്തിനുമായി വ്യാപക ചരടുവലികളാണ് നടക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ എം.ബി. പാട്ടിൽ, ദിനേശ് ഗുണ്ട റാവു, മധു ബംഗാരപ്പ തുടങ്ങിയവർ ഡി.കെ. ശിവകുമാറിനെ വസതിയിൽ സന്ദർശിച്ചു. എംഎൽഎമാരായ ശരൺ പ്രകാശ് പാട്ടിൽ, രാഘവേന്ദ്ര ഹിത്നൽ, ഡി. ബസനഗൗഡ തുടങ്ങിയ നേതാക്കൾ ഡൽഹിയിലെത്തിക്കഴിഞ്ഞു.
കോൺഗ്രസ് നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശിവകുമാർ ബുധനാഴ്ച വൈകുന്നേരം 4:05ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
നേരത്തേ ലോക്ഭവനിൽ ഗവർണർ തവർചന്ദ് ഗഹ്ലോട്ടിനെ സന്ദർശിച്ച ഡി.കെ. ശിവകുമാർ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ഗവർണർ ശിവകുമാറിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
നിർദേശങ്ങളില്ലെന്ന് ഖാർഗെ
ബംഗളൂരു: പുതിയ മന്ത്രിസഭയെ സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു നിർദേശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്ന് പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ ഊർജിതമാക്കുന്നതിനിടെയാണു കോൺഗ്രസ് അധ്യക്ഷന്റെ വിശദീകരണം.
പുതിയ മന്ത്രിസഭയിൽ ഇടംനേടുന്നതിനായി നിരവധി എംഎൽഎമാരാണ് ഹൈക്കമാൻഡിൽ സമ്മർദം തുടരുന്നത്. ഹൈക്കമാൻഡ് നേതാക്കളെ നേരിൽക്കാണാൻ നിരവധി നേതാക്കൾ ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ട്.
എന്നാൽ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലും മന്ത്രിസഭാ രൂപീകരണത്തിലും ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും അനുസരിക്കാൻ കർണാടകയിലെ 136 കോൺഗ്രസ് എംഎൽഎമാരും ബാധ്യസ്ഥരാണെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന നിർണായക കൂടിക്കാഴ്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.