കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താൽപര്യം ഉണ്ടോയെന്ന് ചോദിക്കുന്നത് എന്നും ഹസൻ പറഞ്ഞു.
മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടി തീരുമാനിച്ചാൽ താനും മത്സരിക്കുമെന്നും ഹസൻ പറഞ്ഞു. എന്നാൽ ആരും സ്വയം സ്ഥാനാർഥികളായി പ്രഖ്യാപിക്കാൻ പാടില്ലെന്നും ഹസൻ പറഞ്ഞു.
എംപിമാർ മത്സരിക്കണോ എന്നത് നയപരമായി എടുക്കേണ്ട തീരുമാനമാണ്. എംപിമാർക്ക് ചിലപ്പോൾ മത്സരിക്കാൻ താൽപര്യമുണ്ടാകാം. ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഹസൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തോടും ഹസൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ രാവിലെയും വൈകുന്നേരവും അഭിപ്രായം മാറ്റി പറയുന്നയാളാണ്. ആ വെള്ളാപ്പള്ളിയെയാണ് സിപിഎം കൊണ്ട് നടക്കുന്നത്. ഇക്കാര്യം ജനം വിലയിരുത്തട്ടെയെന്നും ഹസൻ കൂട്ടിച്ചേർത്തു.