കാക്കനാട്: തൃക്കാക്കരയിൽ ഉമാ തോമസിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ ഭിന്നാഭിപ്രായം രൂക്ഷമായതോടെ ഇന്നലെ കാക്കനാട് ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേരാനിരുന്ന യോഗം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിർദേശപ്രകാരം മാറ്റിവച്ചു.
ഉമാ തോമസിനെ വീണ്ടും മൽസരിപ്പിച്ചാൽ വിജയ സാധ്യത കുറയുമെന്നും എംഎൽഎ എന്ന നിലയിൽ തൃക്കാക്കര മണ്ഡലത്തിൽ യാതൊരു വികസനവും കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ച് തൃക്കാക്കര, വൈറ്റില ബ്ലോക്ക് പരിധിയിലെ ഒമ്പത് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ കെപിസിസിക്കും ഹൈക്കമാൻഡിനും പരാതി അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന യോഗം മാറ്റിവച്ചത്.
ഉമാ തോമസിനെതിരെ പാർട്ടി മണ്ഡലം ഭാരവാഹികളും ബൂത്ത് തല പ്രവർത്തകരും രംഗത്തുവന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. പാർട്ടി പ്രവർത്തകരുമായോ നേതാക്കളുമായോ കൂടിയാലോചനകൾ നടത്തുന്നില്ലെന്നും പാർട്ടിക്കുള്ളിൽ പ്രത്യേകം ഗ്രൂപ്പുണ്ടാക്കി തനിക്ക് താല്പര്യമില്ലാത്തവരെ അകറ്റിനിർത്തുന്നുവെന്നുമാണ് ഒരു വിഭാഗം പ്രവർത്തകരുടെ പരാതി.
തൃക്കാക്കരയിൽ ഉമ തോമസിന് സീറ്റില്ലെങ്കിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ്, ടോണി ചമ്മിണി എന്നിവരിലൊരാളെ പരിഗണണിച്ചേക്കുമെന്നും പറയപ്പെടുന്നു.