തൃശൂർ: ട്രോളിംഗ് നിരോധനം തുടരുമ്പോഴും മത്സ്യലഭ്യതയിൽ കുറവില്ല. ആവശ്യത്തിലധികം മീൻവിപണിയിൽ എത്തുന്നുണ്ടെങ്കിലും വാങ്ങാൻ ആളുകുറഞ്ഞതാണു പുതിയ പ്രതിസന്ധിയെന്നു കച്ചവടക്കാർ. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നതുപോലെയുള്ള വിലക്കയറ്റം ഇത്തവണ വിപണിയിലില്ലെന്നാണു വ്യാപാരികളുടെ പക്ഷം.
ട്രോളിംഗ് നിരോധനത്തിന്റെ ആദ്യഘട്ടത്തിൽ മത്സ്യങ്ങൾക്കു നേരിയ ക്ഷാമം നേരിട്ടിരുന്നെങ്കിലും ഇപ്പോൾ വള്ളക്കാർക്കു ചെറുമീനുകൾ സുലഭമായി ലഭിക്കുന്നുണ്ട്. നെയ്യുള്ള ചാള വിപണിയിൽ സമൃദ്ധമാണ്. കേരളത്തിലെ തീരങ്ങൾക്കുപുറമെ ചെന്നൈ, വേളാങ്കണ്ണി, മംഗലാപുരം എന്നിവിടങ്ങളിൽനിന്നുള്ള ലോഡുകളും ദിവസേന തൃശൂരിലേക്ക് എത്തുന്നുണ്ട്.
പുതിയ അധ്യയനവർഷം ആരംഭിച്ചതുമായി ബന്ധപ്പെട്ട ചെലവുകളും യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തികപ്രതിസന്ധി ജനങ്ങളിലുണ്ടാക്കിയ ഞെരുക്കവുമാണ് മാർക്കറ്റിൽ ആളൊഴിയാൻ പ്രധാന കാരണമെന്നു പറയുന്നു. വിലക്കയറ്റവാർത്തകൾ ഭയന്നു പലരും മാർക്കറ്റിലേക്കു വരാൻ മടിക്കുന്നതായും നിലവിൽ കച്ചവടം വളരെ കുറവാണെന്നും വ്യാപാരികൾ വ്യക്തമാക്കി.
തൃശൂർ ശക്തൻ മത്സ്യമാർക്കറ്റിലെ ഇന്നലത്തെ വിലനിലവാരം: ചാള 200 -240, അയല- 200, കരിമീൻ 250- 300, കിളിമീൻ- 300, ചെമ്മീൻ 300- 400, കൊഴുവ 100-150, ബ്രാൽ- 400, വാള- 200, കേര- 420, വെള്ളവറ്റ- 600, ചുവന്നവറ്റ- 500 എന്നിങ്ങനെയാണു നിരക്ക്.